ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023

മോഹൻലാൽ, ഷാരൂഖ് ഖാൻ, രജിനികാന്ത്, വടിവേലു, കാർത്തിക് സുബ്ബരാജ്, നെൽസൺ ദിലീപ് കുമാർ,ഡിയോൾ സഹോദരന്മാർ തുടങ്ങി നിരവധി പേരാണ് ഗംഭീര ഹിറ്റുകളുമായി തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് തിരികെ എത്തിയത്

2023 അവസാനിക്കാനിരിക്കുമ്പോൾ ഇന്ത്യൻ സിനിമയെ സംബന്ധിച്ച് തിരിച്ചുവരവുകളുടെ ഒരു കാലം കൂടിയാണ് അവസാനിക്കുന്നത്. ബോളിവുഡിലെ കിങ് ഖാൻ ഷാരൂഖ് ഖാൻ മുതൽ മലയാളത്തിന്റെ സ്വന്തം മോഹൻലാൽ വരെ ഈ തിരിച്ചുവരവുകളുടെ പട്ടികയിൽ ഇടം പിടിച്ചു.

മോഹൻലാൽ, ഷാരൂഖ് ഖാൻ, രജിനികാന്ത്, വടിവേലു, കാർത്തിക് സുബ്ബരാജ്, നെൽസൺ ദിലീപ് കുമാർ, ഡിയോൾ സഹോദരന്മാർ തുടങ്ങി നിരവധി പേരാണ് ഗംഭീര ഹിറ്റുകളുമായി തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് തിരികെ എത്തിയത്. 2023 ൽ ഇത്തരത്തിൽ ഗംഭീര വിജയവുമായി തിരികെയെത്തിയ താരങ്ങളെയും അണിയറ പ്രവർത്തകരെയും നോക്കാം.

ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023
ബോക്‌സോഫീസ് കിങായി ഷാരൂഖ്, കൈയടി നേടി ഡിയോൾ സഹോദരന്മാർ; തിരിച്ചു വരുന്ന ബോളിവുഡ്

ഷാരൂഖ് ഖാൻ

ഇന്ത്യൻ സിനിമയിൽതന്നെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയത് ബോളിവുഡ് ബാദ്ഷയായ ഷാരൂഖ് ഖാനാണ്. സീറോ, ഫാൻ തുടങ്ങിയ ചിത്രങ്ങളിലെ മോശം അഭിപ്രായത്തെ തുടർന്ന് സിനിമയിൽ നിന്ന് ബ്രേക്ക് എടുത്ത ഷാരൂഖ് നായകനായ ഒരു ചിത്രം ആയിരത്തോളം ദിവസങ്ങൾക്ക് ശേഷമാണ് തീയേറ്ററുകളിൽ എത്തിയത്. മോശം അവസ്ഥയിലൂടെ കടന്നു പോകുകയായിരുന്ന ബോളിവുഡിന്റെയും രക്ഷകനായി ഷാരൂഖ് എത്തി.

മൂന്ന് സിനിമകളാണ് 2023 ൽ ഷാരൂഖിന്റെതായി റിലീസ് ചെയ്തത്. പത്താനും, ജവാനും ബോക്‌സോഫീസിൽ നിന്ന് ആയിരം കോടി രൂപയിലധികമാണ് കളക്ട് ചെയ്തത്. വർഷാവസാനമെത്തിയ ഡങ്കിയും ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

രജിനികാന്തും നെൽസൺ ദിലീപ് കുമാറും

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്ന് സൂപ്പർസ്റ്റാർ രജിനികാന്തിന്റെതായിരുന്നു. 2019 ന് ശേഷം റിലീസ് ചെയ്ത ദർബാർ, അണ്ണാത്ത എന്നീ രജിനി ചിത്രങ്ങൾ ബോക്‌സോഫീസിനും ആരാധകർക്കും നിരാശയായിരുന്നു ഉണ്ടാക്കിയത്. എന്നാൽ 2023 ൽ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിലൂടെ തന്റെ വിജയം ആവർത്തിക്കാൻ സൂപ്പർസ്റ്റാറിനായി. വിജയ് നായകനായി എത്തിയ ബീസ്റ്റിലെ തിരിച്ചടി മാറ്റാൻ നെൽസണും സാധിച്ചു.

ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023
തിരിച്ചുവരുന്ന മോഹൻലാൽ, കൈയടി വാങ്ങുന്ന ജീത്തു ജോസഫും അനശ്വരയും; നേര് - റിവ്യൂ

ബോബി ഡിയോളും സണ്ണി ഡിയോളും

ബോളിവുഡിലെ ഏറ്റവും വലിയ തിരിച്ചുവരവുകളിൽ ഒന്നായിരുന്നു ഡിയോൾ സഹോദരന്മാരുടേത്. ഗദ്ദാർ 2 എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോൾ തന്റെ ബോക്‌സോഫീസ് പവർ വീണ്ടും ആവർത്തിച്ചു. 2001 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദ്ദാർ: ഏക് പ്രേം കഥയുടെ തുടർച്ചയായിട്ടാണ് ഗദ്ദാർ 2 ഒരുങ്ങിയത്. 1971 ലെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. ചിത്രം ബോക്‌സോഫീസിൽ നിന്ന് 687.8 കോടി രൂപയാണ് നേടിയത്.

സണ്ണി ഡിയോളിന്റെ സഹോദരനും ബോളിവുഡ് താരവുമായി ബോബി ഡിയോളും ബോളിവുഡിൽ തിരിച്ചുവരവ് അറിയിച്ചു. രൺവീർ സിങ് നായകനായ അനിമലിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് ബോബി ഡിയോൾ തിരികെയെത്തിയത്. ബോക്സോഫീസിൽ ഇപ്പോഴും കുതിക്കുന്ന അനിമൽ ലോകമെമ്പാടുമായി ഇതുവരെ 836.1 കോടി രൂപയാണ് കളക്ട് ചെയ്തത്. ചിത്രത്തിൽ ബോബിയുടെ കഥാപാത്രവും സ്‌ക്രീൻ പ്രസൻസും ഏറെ പ്രശംസിക്കപ്പെട്ടു.

വടിവേലു

കോമഡി കഥാപാത്രങ്ങളിൽ മാത്രം ഒതുക്കി നിർത്തപ്പെട്ടിരുന്ന വടിവേലു കുറച്ച് കാലമായി തമിഴ് സിനിമയിൽനിന്ന് മാറി നിൽക്കുകയായിരുന്നു. 2023 ൽ മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനിൽ തന്റെ ഇമേജ് തന്നെ ബ്രേക്ക് ചെയ്യുന്ന തരത്തിലാണ് വടിവേലു എത്തിയത്. ചിത്രത്തിൽ സേലം ജില്ലയിലെ ഒരു മണ്ഡലത്തിൽ നിന്നുള്ള ദളിത് എംഎൽഎ മാമന്നൻ ആയിട്ടായിരുന്നു വടിവേലു അഭിനയിച്ചത്.

ഉദയനിധി സ്റ്റാലിനായിരുന്നു ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 2023 ജൂൺ 29 നാണ് ചിത്രം തീയേറ്ററിൽ റിലീസ് ചെയ്തത്. രണ്ടാം ആഴ്ച 50 കോടി ക്ലബിൽ കടന്നു. ഉദയനിധി സ്റ്റാലിന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേട്ടമുണ്ടാക്കിയ ചിത്രം കൂടിയായിരുന്നു മാമന്നൻ.

കാർത്തിക് സുബ്ബരാജ്

പേട്ടയ്ക്ക് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രം മോശം അഭിപ്രായമായിരുന്നു നേടിയത്. തൊട്ടുപിന്നാലെ ചെയ്ത മഹാനും ഒടിടി റിലീസ് ആയിരുന്നു. എന്നാൽ 2023 ൽ റിലീസ് ചെയ്ത ജിഗർതണ്ട ഡബിൾ എക്‌സ് കാർത്തിക് സുബ്ബരാജ് മാജിക് വീണ്ടും ആവർത്തിച്ചു. അഭിനേതാക്കളായ ലോറൻസിന്റെയും എസ് ജെ സൂര്യയുടെയും അതിഗംഭീര പ്രകടനത്തിന് പുറമെ സിനിമ ബോക്‌സോഫീസിലും മികച്ച പ്രകടനം നടത്തി.

മോഹൻലാൽ

മോൺസ്റ്റർ, എലോൺ തുടങ്ങിയ ചിത്രങ്ങളടക്കം മോശം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടിരുന്ന താരമായിരുന്നു മോഹൻലാൽ. വർഷത്തിന്റെ തുടക്കത്തിൽ എലോൺ ബോക്‌സോഫീസിൽ ദയനീയമായി പരാജയമാകുന്ന കാഴ്ചയും മലയാളികൾ കണ്ടു. മോഹൻലാലിലെ നടനെതന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് സിനിമ റിലീസ് ചെയ്തത്. ബോക്‌സോഫീസിലെ ഗംഭീര പ്രകടനത്തിനൊപ്പം അഭിനേതാവ് എന്ന നിലയിൽ മികച്ച പ്രകടനം കൂടിയാണ് ചിത്രത്തിൽ മോഹൻലാൽ കാഴ്ചവച്ചത്. ഡിസംബർ 21 ന് റിലീസ് ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് ഇരുപത് കോടിയിലധികമാണ് ബോക്‌സോഫീസിൽ നിന്ന് നേടിയത്.

ഷാരൂഖ് ഖാൻ, മോഹൻലാൽ, രജിനികാന്ത്, വടിവേലു...; തിരിച്ചുവരവുകളുടെ 2023
മുന്‍ വിധികള്‍ മാറ്റിയെഴുതിയ ഡയറക്ടര്‍ ബ്രില്യന്‍സ്; ലൈഫ് ഓഫ് ജീത്തു ജോസഫ്
logo
The Fourth
www.thefourthnews.in