AUTOMOBILE

പോർഷെയും ബിഎംഡബ്ല്യുവും നിരത്തിലെ വില്ലന്മാരോ? അപകടങ്ങള്‍ കൂടുതലും വാഹനഭീമന്മാർ വഴിയെന്ന് പഠനം

വെബ് ഡെസ്ക്

ബിഎംഡബ്ല്യു, പോർഷെ, സുബാരു തുടങ്ങിയ ബ്രാന്‍ഡുകളുടെ കാറുകളാണ് നിരത്തുകളില്‍ അപകടങ്ങളുണ്ടാക്കുന്നവയില്‍ കൂടുതലെന്ന് പഠനം. യുകെയിലെ ഏകദേശം നാല് ലക്ഷത്തിലധികം റോഡ് അപകടങ്ങളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

റോഡുകളുടെ അവസ്ഥ, ഡ്രൈവർമാരുടെ പ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് പഠന നടന്നതെങ്കിലും ബ്രാന്‍ഡിനെയാണ് അപകടങ്ങളില്‍ പഴിക്കേണ്ടതെന്ന് ജേണല്‍ ഓഫ് സോഷ്യല്‍ മാർക്കറ്റിങ്ങില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.

അമിത വേഗത, സിഗ്നല്‍ തെറ്റിക്കുന്നത്, അനുവദനീയമല്ലാത്ത സാഹചര്യങ്ങളിലെ ഓവർടേക്കിങ്, കാല്‍നടക്കാരെ അവഗണിച്ചുള്ള ഡ്രൈവിങ് എന്നിവയാണ് സ്കോഡ, ഹ്യുണ്ടെയ് കാറുകളെ അപേക്ഷിച്ച് ബിഎംഡബ്ല്യു, പോർഷെ, സുബാരു കാറുകള്‍ അപകടത്തില്‍പ്പെടാനുള്ള പ്രധാന കാരണങ്ങള്‍.

യൂണിവേഴ്സിറ്റി ഓഫ് ദ വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിലെ സോഷ്യല്‍ മാർക്കറ്റിങ് പ്രൊഫസറും റിപ്പോർട്ടിന്റെ പ്രധാന രചയിതാവുമായ അലന്‍ ടാപ് രസകരമായൊരു ഉപമയോടെയാണ് കണ്ടെത്തലിനെ വിശദീകരിച്ചിരിക്കുന്നത്. "ഇത് മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന സംശയം പോലെയാണ്. അഗ്രസീവായ ഡ്രൈവർമാർ ചില കാറുകള്‍ തിരഞ്ഞെടുക്കുന്നതാണോ, അതോ ബ്രാന്‍ഡുകള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതാണോ എന്നതാണ് ചോദ്യം," ടാപ് പറഞ്ഞു.

"തങ്ങളുടെ കാറുകള്‍ ആഗോളതലത്തില്‍ പ്രമോട്ട് ചെയ്യുന്നതിനായി കമ്പനികള്‍ കോടികള്‍ ചെലവഴിക്കുന്നതായി ഞങ്ങള്‍ക്കറിയാം. കാറിന്റെ മികച്ച പ്രകടനവും ഡ്രൈവിങ് അനുഭവവും ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന തരത്തിലുള്ള ഡിസൈനുകളാണ് ചില കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്," ടാപ് കൂട്ടിച്ചേർത്തു.

"നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച്തന്നെയാണ് നിർമാതാക്കള്‍ വാഹനം നിരത്തിലെത്തിക്കുന്നത്. പക്ഷേ, പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് ആധുനിക മാർക്കറ്റിങ് തന്ത്രങ്ങള്‍ റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിച്ചേക്കാനുള്ള സാധ്യതയുണ്ടെന്നാണ്," ടാപ് വ്യക്തമാക്കി.

നിർമാതാക്കള്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോഴും വാഹനം നിയന്ത്രിക്കുന്നത് ഒരു മനുഷ്യനാണെന്ന് റിപ്പോർട്ടിന്റെ സഹഎഴുത്തുകാരനും റോഡ് സുരക്ഷ കണ്‍സള്‍ട്ടന്‍സിയായ അഗിലിസിസിലെ ഡാന്‍ കാംപ്സാലും ചൂണ്ടിക്കാണിച്ചു.

എന്നാല്‍ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് പോർഷെ, ബിഎംഡബ്ല്യു, സുബാരു തുടങ്ങിയ ബ്രാന്‍ഡുകളുടെ വക്താക്കള്‍ ഓരേ സ്വരത്തില്‍ പറഞ്ഞു. രചയിതാക്കള്‍ തന്നെ റിപ്പോർട്ടിന് ശാസ്ത്രീയ പരിമിതികളുണ്ടെന്ന് പറയുന്ന പശ്ചാത്തലത്തില്‍ കണ്ടെത്തലുകളെ ജാഗ്രതയോടെയേ സ്വീകരിക്കാവു എന്ന് സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് ചീഫ് എക്സിക്യൂട്ടീവായ മൈക്ക് ഹവ്സ് അഭിപ്രായപ്പെട്ടു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ