BUSINESS

പറന്നുയരാൻ മലയാളിയുടെ വിമാനം; മനോജ് ചാക്കോയുടെ ഫ്ലൈ 91-ന് സർവിസ് നടത്താൻ അനുമതി

വെബ് ഡെസ്ക്

മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 വിമാനക്കമ്പനിക്ക് സര്‍വിസ് നടത്താന്‍ അനുമതി. ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈയാഴ്ച തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഗോവ, ബെംഗളൂരു, ഹൈദരബാദ്, അഗത്തി, പൂനെ, ജൽഗാവ്, എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക. തുടക്കസമയത്ത് ഗോവ-അഗത്തി, ബെംഗളൂരു-അഗത്തി റൂട്ടുകളിൽ ആഴ്ചയില്‍ രണ്ടോ മൂന്നോ സര്‍വിസുകളാകും നടത്തുക.

ജൂണ്‍ ആദ്യത്തോടെ, ദിവസവും സര്‍വിസ് നടത്താനുള്ള സംവിധാനത്തിലേക്ക് ഫ്ലൈ 91 എത്തുമെന്ന് മനോജ് ചാക്കോ വ്യക്തമാക്കി. എമിറേറ്റ്‌സ്, അമേരിക്കന്‍ എക്‌സ്പ്രസ്, കിങ്ഫിഷര്‍ തുടങ്ങിയ കമ്പനികളുടെ ഉയര്‍ന്ന സ്ഥാനത്ത് പ്രവര്‍ത്തിച്ച് അനുഭവപരിചയമുള്ളയാളാണ് മനോജ്.

200 കോടി മുതല്‍മുടക്കില്‍ ഗോവ കേന്ദ്രീകരിച്ചാണ് ഫ്ലൈ 91 ആരംഭിച്ചത്. ഗോവ-അഗത്തി സര്‍വീസ് നടത്തുന്നതിലെ അനന്ത സാധ്യതകള്‍ ലക്ഷ്യമാക്കിയാണ് ഫ്ലൈ 91-ന്റെ വരവ്.

വിവിധ വിദേശ രാജ്യങ്ങളില്‍നിന്ന് ഗോവയിലേക്ക് നേരിട്ട് വിമാന സര്‍വീസുണ്ട്. ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ലക്ഷദ്വീപിലെ അഗത്തിയിലേക്ക് ഇവിടെനിന്ന് വിമാന സര്‍വിസ് ആരംഭിക്കുന്നത് വലിയ നേട്ടങ്ങള്‍ക്ക് കാരണമാകുമെന്ന് കമ്പനിയുടെ വിലയിരുത്തൽ.

പ്രാദേശിക വിമാനമായ എടിആര്‍-72-600-ന്റെ രണ്ട് വിമാനങ്ങള്‍ പാട്ടത്തിനെടുത്താണ് ആദ്യ സര്‍വിസുകള്‍ നടത്തുന്നത്. സെപ്റ്റംബറോടെ നാല് വിമാനങ്ങള്‍ കൂടിയെത്തും. 70 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന വിമാനമാണിത്. 55 മുതല്‍ 90 മിനിറ്റുവരെയാണ് ഫ്ലൈ 91-ന്റെ വിമാനങ്ങളുടെ യാത്രാ ദൗത്യം.

ഹര്‍ഷ രാഘവനുമായി ചേര്‍ന്ന് മനോജ് സ്ഥാപിച്ച 'ഉഡോ' ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ ടെലിഫോണിക് കോഡായ +91എന്നതില്‍ നിന്നാണ് വിമാന കമ്പനിക്ക് ഫ്‌ലൈ 91 എന്ന പേരിട്ടത്.

കിങ്ഫിഷറിന്റെ എക്‌സിക്യൂട്ടൂവ് വൈസ് പ്രസിന്റായി മനോജ് ചാക്കോ പ്രവര്‍ത്തിക്കുന്ന സമയത്താണ് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായി വളര്‍ന്നത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ