ENTERTAINMENT

ഫഹദിന്റെ ആ മാസ് ചിത്രം ഉപേക്ഷിച്ചോ? പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ആരാധകർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മാമന്നൻ എന്ന ചിത്രത്തിന് പിന്നാലെ നടൻ വടിവേലും ഫഹദ് ഫാസിലും വീണ്ടുമൊന്നിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്തുവന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർബി ചൗധരി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സംവിധായകൻ സുധീഷ് ശങ്കറാണ്.

റോഡ് മൂവിയായിട്ടായിരിക്കും ചിത്രം ഒരുങ്ങുകയെന്നാണ് ചിത്രത്തിന്റെ സംവിധായകൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ മറ്റൊരു ചിത്രത്തെ കുറിച്ച് ചോദിച്ച് എത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ ആരാധകർ. ഫഹദ് ഫാസിൽ - ആർബി ചൗധരി - സുധീഷ് ശങ്കർ കൂട്ടുകെട്ടിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന 'ഹനുമാൻ ഗിയർ' എന്ന ചിത്രത്തെ കുറിച്ചാണ് ഉയരുന്ന ചോദ്യങ്ങൾ.

സൂപ്പർ ഗുഡ് ഫിലിംസിന്റെ 96 -ാം ചിത്രമായിട്ടായിരുന്നു ഹനുമാൻ ഗിയർ പ്രഖ്യാപിച്ചിരുന്നത്. ഫഹദ് ഫാസിൽ കരിയറിൽ ആദ്യമായി മാസ് ചിത്രം ചെയ്യുന്നുവെന്ന പ്രചാരണത്തോടെ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നു 'ഹനുമാൻ ഗിയർ'. ഓഫ് റോഡ് ജീപ്പ് റേസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങാനിരുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ജീപ്പിന് മുകളിൽ തിരിഞ്ഞുനിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദായിരുന്നു പോസ്റ്ററിൽ. എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ഏറെ കഴിഞ്ഞെങ്കിലും ചിത്രത്തെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല.

ഇതിനിടെയാണ് ഇതേകൂട്ടുകെട്ടിൽ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ജനുവരി 22 ന് ചിത്രീകരണം ആരംഭിക്കുന്ന പുതിയ ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നാഗർകോവിലിൽ നിന്ന് തിരുനെൽവേലി, മധുരൈ, ട്രിച്ചി, തിരുവണ്ണാമലൈ, ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിലൂടെ പൊള്ളാച്ചിയിലേക്ക് യാത്ര ചെയ്യുന്ന രണ്ടുപേരെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രം ഒരു റോഡ് മൂവിയായിട്ടാണ് ഒരുങ്ങുന്നത്. കോമഡി പശ്ചാത്തലത്തിൽ ആരംഭിച്ച് ത്രില്ലർ സ്വഭാവം കൈവരിക്കുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കൈകാര്യം ചെയ്യുന്നതായി സംവിധായകൻ പറഞ്ഞു.

നടി സിതാരയാണ് വടിവേലുവിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. യുവൻ ശങ്കർ രാജ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് കലൈശെൽവൻ ശിവാജിയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ധ്രുവങ്ങൾ പതിനാറ് ഫെയിം ശ്രീജിത്ത് സാരംഗ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

മലയാളത്തിൽ വില്ലാളി വീരൻ, തമിഴിൽ ആറുമനമേ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുധീഷ് ശങ്കറിന്റെ മൂന്നാമത്തെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

അതേസമയം ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച മാമന്നൻ തിയേറ്ററിൽ വൻ വിജയമായിരുന്നു. ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിച്ച ചിത്രം കേരളത്തിലും മികച്ച അഭിപ്രായം നേടിയിരുന്നു.

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്