കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് അഞ്ചു പശുക്കളെ നല്‍കി സര്‍ക്കാര്‍, സഹായവുമായി സിനിമലോകവും

കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് അഞ്ചു പശുക്കളെ നല്‍കി സര്‍ക്കാര്‍, സഹായവുമായി സിനിമലോകവും

മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം രൂപയും കുട്ടികള്‍ക്ക് നല്‍കും. ഇന്നു തന്നെ ദൂതന്‍ വഴി പണം കുട്ടികള്‍ക്ക് എത്തിക്കുമെന്നും ജയറാം അറിയിച്ചു

തൊടുപുഴ വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ ആശ്വാസവുമായി മന്ത്രിമാരും നടന്‍ ജയറാമും. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ് ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ ആശ്വാസവുമായി എത്തിയത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. അതേസമയം, ഇടുക്കി തൊടുപുഴയില്‍ കുട്ടി കര്‍ഷകര്‍ക്ക് പശു തൊഴുത്ത് പണിത് നല്‍കാമെന്ന് മന്ത്രി ജെ ചിഞ്ചു റാണി നേരത്തെ പറഞ്ഞിരുന്നതായി കുട്ടികള്‍. ആറ് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കൊടുത്തപ്പോള്‍ മില്‍മ നല്‍കിയത് 150000 രൂപ മാത്രമാണെന്നും കുട്ടികള്‍ പറഞ്ഞു. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് കുട്ടികര്‍ഷകര്‍ വ്യക്തമാക്കി.

വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നി എന്ന പത്താംക്ലാസുകാരന്‍ വളര്‍ത്തിയ പശുവും കിടാവും മൂരിയും ഉള്‍പ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടന്‍ ജോര്‍ജും അനുജത്തി റോസ്‌മേരിയും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗവുമായിരുന്നു ഈ കന്നുകാലികള്‍. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നല്‍കും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയില്‍നിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നല്‍കുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നല്‍കും. ഇന്നുതന്നെ മില്‍മ അടിയന്തര സഹായമായി 45,000 രൂപ ഇവര്‍ക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത സംഭവം; കുട്ടികര്‍ഷകര്‍ക്ക് അഞ്ചു പശുക്കളെ നല്‍കി സര്‍ക്കാര്‍, സഹായവുമായി സിനിമലോകവും
സയനൈഡ് വിഷം വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്നതെങ്ങനെ?

മന്ത്രിമാര്‍ക്കു പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'അബ്രാഹം ഓസ്‌ലറിന്റെ' അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി മാറ്റിവച്ച് അഞ്ചു ലക്ഷം രൂപ കുട്ടികള്‍ക്ക് കൈമാറി. കൃഷ്ണഗിരിയില്‍ നിന്ന് നല്ലയിനം പശുക്കളെ വാങ്ങാന്‍ ഒപ്പം ചെല്ലാമെന്നും ജയറാം വാഗ്ദാനം നല്‍കി. ഇതുകൂടാതെ, മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ടു ലക്ഷം രൂപയും കുട്ടികള്‍ക്ക് നല്‍കും. ഇന്നു തന്നെ ദൂതന്‍ വഴി പണം കുട്ടികള്‍ക്ക് എത്തിക്കുമെന്നും ജയറാം അറിയിച്ചു.

മുന്‍മന്ത്രി പി ജെ ജോസഫും ഒരു പശുവിനെ ഇന്ന് കുട്ടികള്‍ക്ക് നല്‍കും. ഇത്രയധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വലിയ സന്തോഷമുണ്ടെന്നും പശു വളര്‍ത്തല്‍ കൂടുതല്‍ ഊര്‍ജിതമായ നടത്തുമെന്നും മാത്യു ബെന്നി പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in