ENTERTAINMENT

ഹോളിവുഡിനെ സ്തംഭിപ്പിച്ച് അഭിനേതാക്കളുടെ സമരം; പ്രതിഷേധിച്ച് ഓപ്പൺഹൈമർ പ്രീമിയർ വേദി വിട്ടിറങ്ങി താരങ്ങള്‍

വെബ് ഡെസ്ക്

ഹോളിവുഡിനെ നിശ്ചലമാക്കി സിനിമാ- ടിവി താരങ്ങളുടെ പണിമുടക്ക്. കലാകാരന്മാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്‌ക്കൊപ്പം അഭിനേതാക്കളുടെ സംഘടനയായ സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് സമരത്തിന് ആഹ്വാനം ചെയ്തത്.

ഇന്ന് ഉച്ചയ്ക്ക് 12.30 (ഇന്ത്യൻ സമയം) മുതൽ താരങ്ങൾ ഷൂട്ടിങ്ങുകളിൽ നിന്നും പ്രൊമോഷൻ പരിപാടികളിൽ നിന്നുമെല്ലാം ഒന്നരലക്ഷത്തോളം കലാകാരന്മാർ വിട്ടുനിൽക്കും. 60 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ പ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്.

കഴിഞ്ഞ ദിവസം പാരാമൗണ്ട്, വാർണർ ബ്രോസ്, ഡിസ്നി എന്നീ വിതരണ- സ്ട്രീമിങ് വമ്പന്മാരുമായുള്ള ചർച്ചകൾ പരാജയമായതിന് പിന്നാലെയാണ് സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് സമരം പ്രഖ്യാപിച്ചത്. പിന്നാലെ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ, താരങ്ങളായ കിലിയൻ മർഫി, മറ്റ് ഡാമൺ, എമിലി ബ്ലണ്ട് എന്നിവർ ഉപേക്ഷിച്ചിരുന്നു.

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാർഡ്‌സിന്റെ തീയതി മാറ്റിയേക്കും

പണിമുടക്കിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ കാലിഫോർണിയയിലെ ആസ്ഥാനം വെള്ളിയാഴ്ച വൈകിട്ട് ഉപരോധിക്കും. പണിമുടക്കിലേക്ക് കടക്കുന്നതോടെ അമേരിക്കയിലെ ബഹുഭൂരിപക്ഷം ചലച്ചിത്ര-ടിവി പരിപാടികളുടെ ഷൂട്ടിങ്ങുകളും നിലയ്ക്കും. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യങ്ങൾക്ക് പുറമെ കലാകാരന്മാരെ മാറ്റിനിർത്തി നിർമിത ബുദ്ധിയുടെ സഹായം തേടരുതെന്ന ആവശ്യവും സംഘടന മുന്നോട്ട് വയ്ക്കുന്നു. കൂടാതെ സെൽഫ്- ടേപ്പ്ഡ് ഓഡിഷനുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ഓഡിഷനുകൾക്കായി സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അയച്ചുകൊടുക്കുന്ന രീതിയാണ് സെൽഫ്- ടേപ്പ്ഡ് ഓഡിഷൻ.

സമരത്തെ സംബന്ധിച്ച് സംഘടന പുറത്തിറക്കിയ പ്രസ്താവന പ്രകാരം, അഭിനയം, പാട്ട്, നൃത്തം, ആക്ഷൻ, പപ്പീറ്ററിങ് അല്ലെങ്കിൽ മോഷൻ ക്യാപ്ചർ കലാകാരൻമാർ എന്നിവരെല്ലാം സമരത്തിൽ പങ്കെടുക്കും. സമരം ആരംഭിക്കുന്നതോടെ നിർമാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണം മുടങ്ങും. അഭിനേതാക്കൾ ലഭ്യമല്ലാത്തതിനാൽ ടിവി ഷോകളും വലിയ തോതിൽ നിർത്തി വയ്‌ക്കേണ്ടി വരും. കൂടാതെ വരാനിരിക്കുന്നതുമായ ചിത്രങ്ങളുടെ പ്രൊമോഷനുകളിലും ഹോളിവുഡിലെ മുൻ നിര താരങ്ങൾ പങ്കെടുക്കില്ല. തങ്ങളുടെ സഹപ്രവർത്തകരെക്കാൾ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന പതിനായിരക്കണക്കിന് അഭിനേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാർഡ്‌സിന്റെ തീയതി മാറ്റിയേക്കും. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, നിരവധി അഭിനേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 'ബെറ്റർ കോൾ സോൾ' താരം ബോബ് ഒഡെൻകിർക്ക്, 'സെക്‌സ് ആൻഡ് സിറ്റി'യിലെ സിന്തിയ നിക്‌സൺ, ഹോളിവുഡ് വെറ്ററൻ ജാമി ലീ കർട്ടിസ് എന്നിവരും ഉൾപ്പെടുന്നു.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി