FOURTH SPECIAL

സര്‍വനാശഭീഷണി നേരിടുന്ന ഭാഷകളില്‍ 10 ശതമാനവും ഇന്ത്യയില്‍; ഇന്ന് മാതൃഭാഷാ ദിനം

സുജിത് ചന്ദ്രൻ

1952ല്‍ പഴയ കിഴക്കന്‍ പാകിസ്താനില്‍ ഒരു സമരം നടന്നു. ബംഗാളി മാതൃഭാഷയായ സമൂഹത്തിനുമേല്‍ ഉറുദു ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കാന്‍ കറാച്ചിയിലെ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു. സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സൈന്യം അടിച്ചമര്‍ത്തി. പട്ടാളത്തിന്റെ വെടിവെപ്പ് തുടങ്ങിയ ദിവസമാണ് ഫെബ്രുവരി 21. അന്നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പുണ്ടായി. നിരവധി വിദ്യാർഥികള്‍ മാതൃഭാഷയ്ക്കുവേണ്ടി രക്തസാക്ഷികളായി. കിഴക്കന്‍ പാകിസ്താന്‍ പിന്നീട് ബംഗ്ലാദേശായി മാറിയതിന് ഊര്‍ജമായ പ്രക്ഷോഭമായിരുന്നു അത്. ബംഗ്ലാദേശ് ജനതയുടെ സ്വത്വബോധത്തിലെ ഭാഷാ സ്വാഭിമാനം അന്തര്‍ദേശീയ തലത്തില്‍ പിന്നീട് അംഗീകരിക്കപ്പെട്ടു. ഇന്ന് ഫെബ്രുവരി 21- ലോക മാതൃഭാഷാദിനമായി ലോകമെങ്ങും ആചരിക്കുന്നു.

ഏഴായിരത്തിലധികം ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യര്‍ ഈ ഭൂമുഖത്തുണ്ട്. ഇതില്‍ 90 ശതമാനം ഭാഷകളും ഇന്ന് ഊര്‍ധ്വന്‍ വലിക്കുകയാണ്. 2001ല്‍ 7358 ഭാഷകളുണ്ടായിരുന്നുവെന്ന് ലോകത്തിലെ ഏറ്റവും സമഗ്രമായ ഭാഷാ കാറ്റലോഗായ എത്‌നോലോഗ് രേഖപ്പെടുത്തി. 2021ലെ അവരുടെ കണക്കുപ്രകാരം 7139 ഭാഷകളാണ് ബാക്കിയുള്ളത്. 20 കൊല്ലം കൊണ്ട് 219 ഭാഷകള്‍ മരിച്ചുപോയി.

3045 ഭാഷകള്‍ ഇന്ന് ഭാഷാമരണ ഭീഷണി നേരിടുന്നുവെന്നാണ് എത്‌നോലോഗിന്റെ കണക്ക്. 2050 ആവുമ്പോഴേക്കും ഇന്നുള്ളതില്‍ 90 ശതമാനം ഭാഷകളും മരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് തരുന്നു. ചുരുക്കിയാല്‍, ചെറുഭാഷകളുടെ ശവപ്പറമ്പാണ് നമ്മുടെ കാലം. ലോകത്തിന്റെ ചിന്തയും വ്യവഹാരങ്ങളും ഏകഭാഷയിലേക്ക് അല്ലെങ്കില്‍ കുറച്ചുമാത്രം ഭാഷകളിലേക്ക് ചുരുക്കപ്പെടുന്നു. ഒന്നുകൂടി, സര്‍വനാശഭീഷണി നേരിടുന്ന ഭാഷകളില്‍ പത്തുശതമാനവും ഇന്ത്യയിലാണ്. മുന്നൂറിലേറെ ഇന്ത്യന്‍ ഭാഷകള്‍ മരണം കാത്തുകഴിയുന്നു.

ഭാഷകള്‍ മരിക്കുന്നത് എങ്ങനെയാണ്? ലിംഗ്വിസൈഡ് (linguicide) എന്നൊരു വാക്കുതന്നെയുണ്ട് ഭാഷാമരണത്തെപ്പറ്റി. ജനപഥങ്ങള്‍ ചിതറുമ്പോള്‍ അവരുടെ ഭാഷ സ്വാഭാവികമായി മരിക്കും. ചിലതിനെ വലിയ ഭാഷകളും സംസ്‌കാരങ്ങളും വിഴുങ്ങും. ചില ഭാഷകളാകട്ടെ കൊല്ലപ്പെടും.

ചരിത്രത്തിലെന്നും അധികാരത്തിന് വ്യത്യസ്തതകളോട് വെറുപ്പായിരുന്നു. അതുകൊണ്ട് ഏകഭാഷയ്ക്കുവേണ്ടി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുകയും അത് ക്രമേണ പ്രാദേശിക ഭാഷകളെയും ഭാഷാഭേദങ്ങളെയും വിഴുങ്ങിത്തീര്‍ക്കുകയും ചെയ്യും. നിരവധി ഉപദേശീയതകളും അവിടെയെല്ലാം നൂറുകണക്കായ ഭാഷകളും ഭാഷാഭേദങ്ങളുമുള്ള നാടാണ് ഇന്ത്യ. പ്രാദേശികഭാഷകള്‍ക്കുമേലെ ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ പണ്ടുമുതലേയുണ്ട്. അതിനെതിരെ വലിയ പ്രക്ഷോഭങ്ങളുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒന്ന് പിന്‍വാങ്ങുന്ന സര്‍ക്കാര്‍ വീണ്ടും ഏകഭാഷയെന്ന ആവശ്യം ആവര്‍ത്തിക്കും. പഠനഭാഷയും ഭരണഭാഷയും കോടതി വ്യവഹാരങ്ങളുമെല്ലാം ഭൂരിപക്ഷത്തിന്റെ ഭാഷയില്‍, അതായത് ഹിന്ദിയില്‍ വേണമെന്ന ആഗ്രഹം കേന്ദ്രസര്‍ക്കാര്‍ ഈയടുത്ത് വീണ്ടും ഉയര്‍ത്തുന്നുണ്ട്.

ഏകഭാഷാ അധികാരത്തോട് കലഹിക്കേണ്ടത് ഭാഷാ മൗലികവാദം കൊണ്ടല്ല, മറ്റു ഭാഷകളോടുള്ള വിരോധം കൊണ്ടുമല്ല, എല്ലാ ഭാഷകളേയും അംഗീകരിച്ചും നമ്മുടെ ഭാഷയെ ആഘോഷിച്ചുമാകണം. ഭാഷ മരിക്കുകയെന്നത് ലളിതമായൊരു സംഗതിയല്ല. കേവലരായ കുറച്ചു മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ലിപി മാത്രമല്ല മരിച്ചുപോവുക, അവരുടെ ജീവന്റെ ഒസ്യത്തും നേരുമാണ്.

എഴുത്തച്ഛനെഴുതുമ്പോള്‍

സംഭവിപ്പതെന്തെന്നു ഞാനറിയുന്നു:

പറക്കുന്നൂ കുതിരക-

ളെഴുത്താണിത്തുമ്പിലൂടെ

പൊളിയ്ക്കുന്നൂ കുളമ്പടി

പനയോലത്തടിപ്പാലം

പനയോലയ്ക്കുള്ളില്‍ പച്ച-

ത്തഴപ്പാര്‍ന്ന സ്മരണക-

ളുണങ്ങിയ ഞരമ്പിന്റെ

ജഡത്തില്‍ നിന്നുണരുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു