'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

അടിയന്തരാവസ്ഥയ്ക്കതിരായ പോരാട്ടത്തില്‍ ആര്‍എസ്എസ്സുമായി സഹകരിക്കാനുളള പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സുന്ദരയ്യയുടെ രാജി

ചിലരുടെ രാജിയും വിയോജിപ്പും ചരിത്രത്തില്‍ കൂടുതല്‍ കൂടുതല്‍ പ്രസക്തമായി വരും. അത്തരത്തിലൊരു രാജി എഴുതിയ ഒരു കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മ ദിനമാണ് ഇന്ന്. സിപിഎമ്മിന്റെ ആദ്യ ജനറല്‍ സെക്രട്ടറി പി സുന്ദരയ്യയുടെ. അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും പൊളിറ്റ് ബ്യൂറോയിൽനിന്നും രാജിവെച്ചെഴുതിയ വലിയ കുറിപ്പുണ്ട്. അത് ഇന്നും പ്രസക്തമായ ഒന്നാണ്.

എന്തിനാണ് അദ്ദേഹം രാജിവെച്ചതന്നല്ലേ. അടിയന്തരവസ്ഥയ്ക്കതിരായ പോരാട്ടത്തില്‍ ആര്‍എസ്എസ്സുമായി സഹകരിക്കാനുളള പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അസാധാരണമായ ആ രാജിയില്‍ ഉന്നയിച്ച, ഇന്നും പ്രസക്തമായ കാര്യങ്ങള്‍ പക്ഷെ വലിയ പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ക്ക് വഴി വച്ചില്ല

1975 ഓഗസ്റ്റ് 22നാണ് സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും പോളിറ്റ്ബ്യുറോ അംഗത്വവും രാജിവയ്ക്കുന്നത്. നൂറിലധികം പേജുകളുള്ള അദ്ദേഹത്തിന്റെ രാജിക്കത്തിന്റെ ആദ്യഭാഗത്ത് തന്നെ രാജി വയ്ക്കാനുള്ള കാരണം ചുരുക്കി പറയുന്നുണ്ട്. അതില്‍ ആദ്യം പറയുന്നത് തന്നെ അടിയന്തരാവസ്ഥ കാലത്ത് ജനസംഘവുമായി സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് തെറ്റായിപ്പോയി എന്നാണ്. അങ്ങനെ ഒരു തീരുമാനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളില്‍ നിന്നും സാമ്രാജ്യത്വ വിരുദ്ധ പോരാളികളില്‍ നിന്നും സോഷ്യലിസ്റ്റുകളില്‍ നിന്നും നമ്മളെ അകറ്റുമെന്നും സുന്ദരയ്യ കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. തന്റെ രാജിയും അതിന്റെ കാരണങ്ങളും പാര്‍ട്ടിയിലെ മുഴുവന്‍ ഘടകങ്ങളും അറിയണമെന്നും അദ്ദേഹം എഴുതി.

നാളെ ഇന്ത്യയെ ജനാധിപത്യവിരുദ്ധമായരീതിയില്‍ കൈകാര്യം ചെയ്യുകയും, വര്‍ഗീയത മാത്രം അടിസ്ഥാനപ്പെടുത്തി ഭരിക്കുകയും ചെയ്യുന്ന ശക്തിയായി സംഘപരിവാര്‍ മാറുമെന്ന മുന്നറിയിപ്പുകൂടിയായിരുന്നു സുന്ദരയ്യയുടെ ആ വിലയിരുത്തല്‍.

1913ല്‍ ആന്ധ്രാപ്രദേശിലെ പൊട്ടി ശ്രീരാമലു നെല്ലൂര്‍ ജില്ലയിലെ അളകാണിപ്പാട് എന്ന ഗ്രാമത്തില്‍ ജനിച്ച സുന്ദരയ്യ, 1930കളില്‍ കോളേജ് കാലത്താണ് രാഷ്ട്രീയാഭിമുഖ്യം കാണിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പി സുന്ദരയ്യ മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരങ്ങളുടെ ഭാഗമാകുന്നത്. പതിനാലു വയസുള്ളപ്പോള്‍ ചെന്നൈയില്‍ മഹാത്മാ ഗാന്ധി വന്നു നടത്തിയ പ്രസംഗം കേള്‍ക്കാന്‍ പോയ ബാലനാണ് സുന്ദരയ്യ. ഗാന്ധിയുടെ വാക്കുകളാല്‍ സ്വാധീനിക്കപ്പെട്ടാണ് 1930ല്‍ പഠനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് സുന്ദരയ്യ ഇറങ്ങുന്നത്.

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?
പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന് രണ്ടു വര്‍ഷം ജയിലില്‍ കഴിയേണ്ടിയും വന്നു. ജയിലില്‍ നിന്നിറങ്ങിയ സുന്ദരയ്യ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകളോട് ആഭിമുഖ്യം കാണിക്കുകയായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനം നേരിടുന്ന കാലം കൂടിയാണത് എന്ന് ഓര്‍ക്കണം.

ശേഷം എസ് വി ഘാട്ടെയൊടൊപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശവുമായി അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങി. തെക്കേ ഇന്ത്യയില്‍ കേന്ദ്രീകരിച്ച സുന്ദരയ്യയുടെ അടുത്ത ദൗത്യം അടിസ്ഥാന വര്‍ഗത്തെ സംഘടിപ്പിക്കുക എന്നതായിരുന്നു. ആ ഉദ്യമത്തിലെ ഏറ്റവും വലിയ സംഭവമായിരുന്നു തെലങ്കാന സമരം. 1947ല്‍ ആരംഭിച്ച സായുധ സമരം '51 വരെ നീണ്ടുനിന്നു.

'തെലങ്കാന സായുധ പോരാട്ടം' എന്ന് വിളിക്കപ്പെടുന്ന ഈ സമരത്തില്‍ കര്‍ഷകരെ അണിനിരത്തി ജന്മികള്‍ക്കും ഭൂവുടമകള്‍ക്കും എതിരെ സമരം നയിക്കുകയും, നിരവധി ഗ്രാമങ്ങളെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്ത പോരാളി കൂടിയാണ് സുന്ദരയ്യ. ആന്ധ്രാപ്രദേശില്‍ എം ബസവ പുന്നയ്യയും, സുന്ദരയ്യയും സി രാജേശ്വര റാവുവും ചേര്‍ന്നാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. പിന്നീട് സ്വാതന്ത്രാനന്തരം പാര്‍ട്ടിയില്‍ പ്രത്യയശാസ്ത്ര പ്രശ്‌നങ്ങള്‍ രൂക്ഷമായപ്പോള്‍, എസ് എ ഡാങ്കെയുടെയും സംഘത്തിന്റെയും നിലപാടുകള്‍ക്കെതിരെ നിലകൊണ്ടു. അങ്ങനെ പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപികരിക്കപ്പെട്ടപ്പോള്‍ ആദ്യ ജനറല്‍ സെക്രട്ടറിയായി.

ഗാന്ധി വധത്തിനു ശേഷം ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ ഇടം ലഭിക്കാതിരുന്ന ആര്‍എസ്എസിന്, അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാനെടുത്ത തീരുമാനം നല്‍കിയ ദൃശ്യത വളരെ വലുതാണ്. ആ തീരുമാനത്തോട് രാഷ്ട്രീയമായും പ്രത്യേയശാസ്ത്രപരമായും യോജിപ്പില്ലാതിരുന്ന വ്യക്തിയായിരുന്നു സുന്ദരയ്യ. പക്ഷെ പാര്‍ട്ടിയിലെ ഭൂരിപക്ഷ തീരുമാനത്തെ പിന്തുണയ്ക്കേണ്ടിവന്നു. ശേഷം പാര്‍ട്ടി നേതാക്കള്‍ ജനസംഘത്തിന്റെ നേതാക്കളുമായി വേദിപോലും പങ്കിടുന്ന സാഹചര്യമുണ്ടായി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സുന്ദരയ്യ തന്റെ ജനറല്‍ സെക്രട്ടറി സ്ഥാനവും പോളിറ്റ്ബ്യുറോ അംഗത്വവും രാജിവച്ചത്. തന്റെ രാജിക്കത്തില്‍ ഇക്കാര്യം സുന്ദരയ്യ വിശദമായി ചൂണ്ടിക്കാണിക്കുന്നു. വേറെയും ചില സംഘടന കാര്യങ്ങള്‍ അദ്ദേഹം രാജിയ്ക്ക് കാരണമായി പറയുന്നുണ്ട്.

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?
അര്‍ത്ഥശൂന്യമായ ഒരു രാഷ്ട്രീയ പിളര്‍പ്പിന്റെ ബാക്കി

ഇതൊക്കെ പറയുമ്പോള്‍ ഇന്ത്യയില്‍ ആര്‍എസ്എസ്സും ജനസംഘവും അത്ര വലിയ ശക്തിയായിരുന്നില്ല. പക്ഷെ സുന്ദരയ്യ എന്ന മാര്‍ക്സ്റ്റിന് അവരുണ്ടാക്കിയേക്കാവുന്ന അപകടം അറിയാമായിരുന്നു. ഇന്ദിരാഗാന്ധിയുടെ സര്‍വാധികാര പ്രവണതകള്‍ക്കെതിരായ പോരാട്ടത്തിന് പോലും അടുപ്പിക്കാൻ പറ്റിയവരായിരുന്നില്ല ആര്‍എസ്എസ്സുകാര്‍ എന്ന് സുന്ദരയ്യ മനസ്സിലാക്കി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിയന്തരാവസ്ഥയ്‌ക്തെതിരെ നീങ്ങിയപ്പോഴും, അക്കാലത്ത് ദേവറസിനെപോലുള്ള ആര്‍എസ്എസ് പ്രമുഖര്‍ തങ്ങളെ ജയില്‍ മുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതിയത് പിന്നീട് പുറത്തുവരുകയും ചെയതു എന്നത് മറ്റൊരു വസ്തുത.

പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍; അടിയന്തരാവസ്ഥയില്‍ നിന്ന് ലഭിച്ച ദൃശ്യതയില്‍ നിന്ന് വളര്‍ന്ന സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ക്കുകയും അതൊരു രാഷ്ട്രീയ വിഷയമാക്കി തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും അവിടെ രാമക്ഷേത്രം പണിയുകയും ചെയ്തു. ഇന്നാലോചിക്കുമ്പോള്‍ തന്റെ രാജിക്കത്തില്‍ സുന്ദരയ്യ പ്രകടിപ്പിച്ച ആശങ്കകള്‍ എത്ര പ്രസക്തമായി എന്ന് തെളിയുകയാണ്.

logo
The Fourth
www.thefourthnews.in