INDIA

ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ ഇന്ത്യയിലെത്തും; ഒരുക്കങ്ങൾ പൂർത്തിയാക്കി കുനോ നാഷണൽ പാർക്ക്

വെബ് ഡെസ്ക്

ദക്ഷിണാഫ്രിക്കയിൽ നിന്ന് വീണ്ടും 12 ചീറ്റകളെ ഇന്ത്യയിലെത്തിക്കും. മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് ചീറ്റകൾ എത്തിച്ചേരുന്നത്. ഫെബ്രുവരി 18 നാണ് ചീറ്റകൾ ഇന്ത്യയിലെത്തുക. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം ജന്മദിനത്തിൽ ആണ് ഇതിന് മുൻപ് നമീബിയയിൽ നിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് ആൺ ചീറ്റകളെയും മൂന്ന് പെൺ ചീറ്റകളെയും ആണ് അന്ന് കുനോ ദേശീയ ഉദ്യാനത്തിൽ കൊണ്ടുവന്നത്.

ഇത്തവണ ഏഴ് ആൺ ചീറ്റകളെയും അഞ്ച് പെൺ ചീറ്റകളെയുമാണ് എത്തിക്കുന്നത്. ഇവരെ വെള്ളിയാഴ്ച വൈകുന്നേരം ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെംഗിലുള്ള ടാംബോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്ത്യൻ എയർഫോഴ്സ് ട്രാൻസ്പോർട്ട് വിമാനത്തിൽ ആയിരിക്കും കൊണ്ടു വരിക. ശനിയാഴ്ച രാവിലെ ചീറ്റകളെ എംപിയിലെ ഗ്വാളിയോർ എയർഫോഴ്സ് ബേസിൽ എത്തിച്ച ശേഷം അവിടെ നിന്നും ഐഎഎഫ് ഹെലികോപ്റ്ററില്‍ 165 കിലോമീറ്റർ അകലെയുള്ള ഷിയോപൂർ ജില്ലയിലെ കെഎൻപിയിലേക്ക് കൊണ്ടുപോകുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12 മണിയോടെ കെഎൻപിയിൽ എത്തുന്ന ഇവരെ നിരീക്ഷണ ഷെല്‍ട്ടറുകളിലേക്ക് മാറ്റാനാണ് തീരുമാനം

ചീറ്റകൾക്കായി 10 നിരീക്ഷണ ഷെല്‍ട്ടറുകളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കെഎൻപി ഡയറക്ടർ ഉത്തം ശർമ്മ പറഞ്ഞു. ചീറ്റകളെ പാർപ്പിക്കാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ചീറ്റയ്ക്കും 3,000 ഡോളർ നല്‍കിയാണ് ഇന്ത്യയിലെത്തിക്കുന്നത്. വന്യജീവി നിയമം അനുസരിച്ച്, മൃഗങ്ങളെ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് ഒരു മാസം നീണ്ടുനിൽക്കുന്ന ക്വാറന്റൈൻ നിർബന്ധമാണ്. രാജ്യത്ത് എത്തിയതിന് ശേഷം 30 ദിവസം കൂടി അവയെ ക്വാറന്റൈനിൽ വിടും. ആദ്യഘട്ടത്തിൽ ചീറ്റകളെ എത്തിക്കുന്നതിന് മുന്നെ കുനോ നാഷണൽ പാർക്കിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യം കെഎൻപി സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചീറ്റകളെ എയർലിഫ്റ്റ് ചെയ്യാൻ ഇന്ത്യ പദ്ധതിയിട്ടിരുന്നുവെങ്കിലും കരാർ ഒപ്പിടുന്നതിൽ കാലതാമസം വന്നു.

2011ൽ ദക്ഷിണാഫ്രിക്കയിൽ 217 ചീറ്റകളുണ്ടായിരുന്നുവെങ്കിൽ ഇന്ന് അത് 504 ആയി ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതിനെ തുടർന്നാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനുളള തീരുമാനം സർക്കാർ കൈക്കൊണ്ടത്. 1947ലാണ് ഛത്തീസ്ഗഡിലെ കൊരിയ ജില്ലയിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ അവസാനത്തെ ചീറ്റ ചത്തത്. 1952 ആയപ്പോഴേക്കും ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചു. 2009ൽ യുപിഎ സർക്കാരിന്റെ കാലത്ത് അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശാണ് ചീറ്റകളെ എത്തിക്കാനുള്ള പദ്ധതി ആരംഭിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ