INDIA

രാജ്യത്ത്‌ വ്യാജ രേഖകളുള്ള 21 ലക്ഷം കണക്ഷനുകൾ വിച്ഛേദിക്കും, ജാഗ്രതാ നിർദേശം

വെബ് ഡെസ്ക്

രാജ്യത്ത്‌ നിലവിലുള്ള സിം കാർഡുകളിൽ കുറഞ്ഞത് 21 ലക്ഷമെങ്കിലും ആക്ടിവേറ്റ് ചെയ്തിരിക്കുന്നത് വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ചെന്ന് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇന്ത്യയിലാകമാനമുള്ള 114 കോടി മൊബൈൽ ഫോൺ കണക്ഷനുകളാണ് ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇൻ്റലിജൻസ് യൂണിറ്റ് (എഐ ആൻഡ് ഡിഐയു) പരിശോധിച്ചത്.

കുറഞ്ഞത് 21 ലക്ഷം സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാൻ അസാധുവായതോ നിലവിലില്ലാത്തതോ വ്യാജമോ ആയ രേഖകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇവയാണ് വിവിധ തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും സൂചനയുണ്ട്.

പൗരന്മാർക്ക് അവരുടെ പേരിൽ നൽകിയിട്ടുള്ള മൊബൈൽ കണക്ഷനുകൾ അറിയാനും അപേക്ഷിക്കാത്തതോ ഉപയോഗിക്കാത്തതോ ആയ സിമ്മുകൾ ഉണ്ടെങ്കിൽ അവ വിച്ഛേദിക്കുന്നതിന് അവസരമൊരുക്കാനുമുള്ള 'സഞ്ചാർ സാഥി' പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധനകൾ നടന്നത്. ഭാരതി എയർടെൽ, എംടിഎൻഎൽ, ബിഎസ്എൻഎൽ, റിലയൻസ് ജിയോ, വൊഡാഫോൺ ഐഡിയ എന്നീ ടെലികോം സ്ഥാപനങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം ജാഗ്രത നിർദേശം നൽകി. സംശയാസ്പദമായ ഉപയോക്താക്കളുടെ ലിസ്റ്റ് നൽകുക, രേഖകൾ അടിയന്തിരമായി പുനഃപരിശോധിക്കുകയും വ്യാജമെന്ന് കണ്ടെത്തിയവയുടെ കണക്ഷൻ വിച്ഛേദിക്കുക എന്നീ നടപടികൾ സ്വീകരിക്കണമെന്ന അറിയിപ്പും കൈമാറിയിട്ടുണ്ട്.

എഐ ആൻഡ് ഡിഐയു അന്വേഷണത്തിൽ, അനുവദനീയ തോതിന് മുകളിൽ സിം കാർഡുകൾ എടുത്തിട്ടുള്ള 1.92 കോടി കേസുകളും കണ്ടെത്തിയിരുന്നു. വ്യാജരേഖയോ മനസിലാകാത്ത ഭാഷയിൽ പേരുവിവരങ്ങളോ നൽകിയ ശേഷമാണ് പലരും ഒരേ പേരിൽ നിരവധി സിമ്മുകൾ എടുത്തിരിക്കുന്നത്.

വ്യാജ രേഖകൾ ഉപയോഗിച്ച് സജീവമാക്കിയ സിമ്മുകൾ വിച്ഛേദിച്ചുകൊണ്ട് ഡറ്റ ക്ലീൻ ചെയ്യാനുള്ള തുടർ പ്രക്രിയയാണ് ഇതെന്ന് എഐ ആൻഡ് ഡിഐയു ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മുകേഷ് മംഗൾ ദേശീയമാധ്യമത്തിനോട് പറഞ്ഞു. സൈബർ കുറ്റകൃത്യമോ ഓൺലൈൻ തട്ടിപ്പോ പോലുള്ള നിയമവിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപെട്ടാൽ നമ്പറുകൾ മാത്രമല്ല ഹാൻഡ്സെറ്റും വിച്ഛേദിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വ്യാജ സിം കാർഡുകൾ പ്രവർത്തനരഹിതമാക്കാനുള്ള സമയപരിധി സേവനദാതാക്കൾക്ക് നൽകിയിട്ടുണ്ട്. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന്റെ മേൽനോട്ടം ഇക്കാര്യത്തിലുണ്ട്. ഓൺലൈൻ തട്ടിപ്പുകളിൽ 90 ശതമാനവും വ്യാജ സിം കാർഡുകൾ ഉപയോഗിച്ചാണ് നടക്കുന്നതെന്ന് തമിഴ്‌നാട് പോലീസ് ഡയറക്ടർ ജനറൽ ശങ്കർ ജിവാൾ പറഞ്ഞു. ഓൺലൈൻ തട്ടിപ്പ് മൂലം ഇരകൾക്ക് നഷ്ടപ്പെട്ട പണത്തിൻ്റെ അളവ് മറ്റ് കുറ്റകൃത്യങ്ങൾ മൂലമുണ്ടാകുന്ന നഷ്ടത്തേക്കാൾ പലമടങ്ങ് വർധിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും