INDIA

രാജ്യത്ത് വിചാരണക്കോടതികള്‍ വധശിക്ഷ വിധിക്കുന്നതില്‍ 28 ശതമാനം ഇടിവ്; ഉത്തർ പ്രദേശ് മുന്നില്‍

വെബ് ഡെസ്ക്

രാജ്യത്ത് വിചാരണ കോടതികള്‍ വധശിക്ഷ വിധിക്കുന്നതില്‍ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. 2022നെ അപേക്ഷിച്ച് 2023ല്‍ വധശിക്ഷയുടെ എണ്ണത്തില്‍ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്സിറ്റി നടത്തിയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോർട്ടായ പ്രോജക്ട് 39 എ യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ വധശിക്ഷ എതു തരത്തില്‍ നടപ്പാക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പ്രോജക്ട് 39 എയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2023ല്‍ മാത്രം 561 പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. എന്നാല്‍ ഇതില്‍ 488 പേരുടെ കേസുകളിലും അപ്പീലിന്മേല്‍ തീരുമാനം എടുത്തിട്ടില്ല. 2020ന് ശേഷം അപ്പീല്‍ കോടതികള്‍ വധശിക്ഷ ശരിവെക്കുന്നതില്‍ ഏറ്റവും കുറവ് സംഭവിച്ചതും 2023ലാണ്.

വിചാരണ കോടതികള്‍

2022ല്‍ രാജ്യത്തെ സെഷന്‍സ് കോടതികള്‍ 167 വധശിക്ഷകളാണ് വിധിച്ചത്. 2023ല്‍ ഇത് 120 ആയി ചുരുങ്ങി. ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ വിധിച്ചിട്ടുള്ളത് ഉത്തർ പ്രദേശിലെ വിചാരണ കോടതികളാണ് (33). ഝാർഖണ്ഡ് (12), ഗുജറാത്ത്, ഹരിയാന, മധ്യ പ്രദേശ് (10), ഡല്‍ഹി (3) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍.

ഹിമാചല്‍ പ്രദേശ്, മണിപൂർ, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിചാരണ കോടതികള്‍ ഒരു വധശിക്ഷ പോലും വിധിച്ചിട്ടില്ല. വധശിക്ഷ വിധിച്ചിട്ടുള്ള 120 കേസുകളില്‍ 64 എണ്ണവും ലൈംഗിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട കൊലപാതകങ്ങളാണ്.

ഹൈക്കോടതികള്‍

വിചാരണ കോടതികള്‍ വിധിച്ച വധശിക്ഷകളില്‍ ഒന്ന് മാത്രമാണ് 2023ല്‍ ഹൈക്കോടതി ശരിവെച്ചിട്ടുള്ളത്. അതേസമയം, 36 വധശിക്ഷകള്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. ഇതിനുപുറമെ വധശിക്ഷ നേരിടുന്ന 36 പേരെ വെറുതെ വിടുകയും ചെയ്തു. മുന്‍വർഷത്തെ അപേക്ഷിച്ച് തീർപ്പാക്കിയ കേസുകളില്‍ 2023ല്‍ 23 ശതമാനം ഇടിവാണുണ്ടായത്. 101 കേസുകളാണ് 2022ല്‍ തീർപ്പാക്കിയത്. 2023ല്‍ ഇത് 78 ആയി ചുരുങ്ങി.

സുപ്രീംകോടതി

2023ല്‍ സുപ്രീംകോടതി ഒരു വധശിക്ഷ പോലും ശരിവെച്ചിട്ടില്ല. മറുവശത്ത് അഞ്ച് അപ്പീലുകളിലായി ആറ് തടവുകാരെ വെറുതെവിടുകയും ചെയ്തു. രണ്ട് കേസുകള്‍ വിചാരണ കോടതിയിലേക്കും ഹൈക്കോടതിയിലേക്കും മാറ്റി. മൂന്ന് വധശിക്ഷകള്‍ ജീവപര്യന്തമായി ഇളവ് ചെയ്തു. കുറ്റകൃത്യ സമയത്ത് 18 വയസില്‍ താഴെയായിരുന്നു പ്രായമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് കുറ്റവാളികളെ ജയില്‍മോചിതരാക്കി.

വധശിക്ഷയുടെ രീതി

ഋഷി മല്‍ഹോത്ര വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിലെ ക്രൂരത കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള വാദം സുപ്രീംകോടതി കേട്ടിരുന്നു. ഇതിന് ശേഷം വേദനാജനകമായ മരണത്തിന് കാരണമായേക്കാവുന്ന ഇതരവധശിക്ഷാ രീതികള്‍ പരിശോധിക്കുന്നതിനായി വിദഗ്ദസമിതിയെ രൂപീകരിക്കാന്‍ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നല്‍കി. ഇതിന്‍ മുന്‍പ് 1983ല്‍ തൂക്കിക്കൊല്ലുന്നതിലെ ഭരണഘടനാ സാധുത ധീന വേഴ്സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീം കോടതി ശരിവെച്ചിരുന്നു.

പുതിയ ക്രിമിനല്‍ നിയമങ്ങള്‍

ഭാരതീയ ന്യായ സംഹിത ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ എണ്ണം 12ല്‍ നിന്ന് 18 ആയി ഉയർത്തിയിട്ടുണ്ട്. ആള്‍ക്കൂട്ട കൊലപാതകക്കുറ്റത്തിന് കൊലപാതകത്തിന്റെ അതേ വകുപ്പ് പ്രകാരം വധശിക്ഷ നല്‍കാവുന്നതാണ്. കൊലപാതകത്തിന് ജീവപര്യന്തമൊ വധശിക്ഷയൊയാണെങ്കില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഏഴ് വർഷം, ജീവപര്യന്തം, വധശിക്ഷ എന്നിങ്ങനെയാണ് ശിക്ഷാനടപടികള്‍.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ