'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം,  പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ 'സോളാര്‍ ഇരുണ്ടപ്പോള്‍' എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ കേസായിരുന്നു സോളാര്‍ വിവാദം. 2013ല്‍ നടന്ന കേസിലെ ആരോപണം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലും കരിനിഴല്‍ വീഴ്ത്തിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള എല്‍ഡിഎഫ് സമരം പെട്ടെന്ന് അവസാനിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അന്ന് മലയാള മനോരമ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ ജോണ്‍ മുണ്ടക്കയം.

കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേയെന്ന് ചോദിച്ച് വിളിക്കുകയും പിന്നാലെയുള്ള സംഭവവികാസങ്ങളിലൂടെയാണ് സമരം അവസാനിപ്പിച്ചതെന്നുമാണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ.

ജോണ്‍ മുണ്ടക്കയം
ജോണ്‍ മുണ്ടക്കയം

'സമകാലിക മലയാളം' വാരികയിൽ പ്രസിദ്ധീകരിക്കുന്ന 'സോളാര്‍ ഇരുണ്ടപ്പോള്‍' എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ ലേഖനപരമ്പരയുടെ മൂന്നാം ഭാഗത്തിലാണ് വെളിപ്പെടുത്തല്‍. 'രണ്ട് പത്രക്കാര്‍ അവസാനിപ്പിച്ച സോളാര്‍ സമരം' എന്ന മൂന്നാം ഭാഗത്തില്‍ കൊടുമ്പിരികൊണ്ട സമരം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് തുറന്നുകാട്ടുകയാണ് ലേഖകന്‍.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം,  പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; സോളാർ മൊഴി തിരുത്തിയെന്ന കേസ് ഗുരുതരമെന്ന് ഹൈക്കോടതി, നടപടി തുടരാം

''കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ സമരം എങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചുവെന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. സത്യത്തില്‍ രണ്ട് പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നുമായിരുന്നു അതിന്റ തുടക്കം,'' അദ്ദേഹം പറയുന്നു.

സോളാർ സമരത്തെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയൻ
സോളാർ സമരത്തെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയൻ

സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന തനിക്ക് പിണറായി വിജയന്റെ വിശ്വസ്തൻ കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നുവെന്ന് ജോണ്‍ മുണ്ടക്കയം പറയുന്നു. ''സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?'' എന്നതായിരുന്നു ഫോണ്‍ കോളിലെ ചോദ്യമെന്നും അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോയെന്ന് താന്‍ തിരിച്ചു ചോദിച്ചുവെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളില്‍നിന്നുമുള്ള നിര്‍ദേശ പ്രകാരമാണു ബ്രിട്ടാസിന്റെ ഫോണ്‍ കോളെന്നു തനിക്കു മനസിലായെന്നും ജോണ്‍ പറയുന്നു.

''ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. ''ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ,'' എന്നു ഞാന്‍ ചൂണ്ടിക്കാട്ടി. ''അതെ, അതു പത്രസമ്മേളനം വിളിച്ചുപറഞ്ഞാല്‍ മതി,'' എന്നു ബ്രിട്ടാസ്. നിര്‍ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പുവരുത്തി. ശരി സംസാരിച്ചുനോക്കാമെന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു,'' ജോണ്‍ ലേഖനത്തില്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും ജോണിനോട് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം,  പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ
സോളാര്‍ ഗൂഢാലോചനാകേസ്: ഗണേഷ് കുമാറിന് തിരിച്ചടി, നേരിട്ട് ഹാജരാകണം

''ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനെയും തുടര്‍ന്നു കോടിയേരി ബാലകൃഷണനെയും വിളിച്ച് സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍ കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനുറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു,'' തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സമരം അവസാനിപ്പിച്ച കഥ ജോണ്‍ മുണ്ടക്കയം ഇങ്ങനെ പറഞ്ഞു നിര്‍ത്തി.

 ജോണ്‍ ബ്രിട്ടാസ്
ജോണ്‍ ബ്രിട്ടാസ്

എന്നാല്‍ അന്ന് സമരക്കാര്‍ക്കൊപ്പം നിന്നിരുന്ന ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ലെന്നും സമരം ഒത്തുതീര്‍പ്പായത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് ഐസക് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലുള്ള അതൃപ്തി ഐസക് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഐസക് പറഞ്ഞതില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

സോളാര്‍ വിഷയം ചൂടുപിടിച്ചുകൊണ്ടിരിക്കെ പെട്ടെന്നു പ്രതിപക്ഷം സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു ഉയര്‍ന്നത്. ഇത്തരം അഭിപ്രായങ്ങള്‍ക്ക് അന്ത്യംകുറിക്കുകയാണ് ജോണ്‍ മുണ്ടക്കയത്തിന്റെ തുറന്നുപറച്ചില്‍.

സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ക്ലൈമാക്‌സ് പാളിയതില്‍ പ്രവര്‍ത്തകര്‍ പൊതുവെ നിരാശരായിരുന്നു. ഈ പശ്ചാത്തലത്തിലാണു പുതിയ സമരതന്ത്രങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇടതുമുന്നണി യോഗം ചേര്‍ന്നത്. പ്രവര്‍ത്തകരെ വീണ്ടും സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയെ പൊതുപരിപാടികളില്‍ തടയാനും ആ വഴിക്ക് സമരം ശക്തിപ്പെടുത്താനും തീരുമാനമുണ്ടായി. ഉപരോധസമരം അവസാനിപ്പിക്കുമ്പോള്‍ അതിനെതിരെ ഇത്രവലിയ വിമര്‍ശനമുണ്ടാകുമെന്നു നേതാക്കള്‍ കരുതിയിരുന്നില്ല.

logo
The Fourth
www.thefourthnews.in