INDIA

കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതീക്ഷകള്‍ തകര്‍ത്ത് അശോക് ചവാന്‍; ബിജെപിയിൽ ചേർന്നു, കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും

വെബ് ഡെസ്ക്

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്കു തുടരുന്നതിനിടെ, പ്രശ്‌നപരിഹാര ശ്രമങ്ങളുമായി എഐസിസി. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ, മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല മുംബൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടേയും എംഎല്‍എമാരുടേയും യോഗം വിളിച്ചുചേര്‍ത്തു. അശോക് ചവാന് പിന്നാലെ അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയുണ്ട്. അതേസമയം, അശോക് ചവാന്‍ ബിജെപിയിൽ പ്രാഥമിക അംഗത്വം സ്വീകരിച്ചു.

താന്‍ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ തള്ളി സഞ്ജയ് നിരുപം രംഗത്തെത്തിയിട്ടുണ്ടെങ്കിലും, എന്തും സംഭവിക്കാമെന്ന സാഹചര്യമാണ് നിലവില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസിലുള്ളത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരന്ന ബാബ സിദ്ദിഖ് എന്‍സിപി അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ജനുവരിയില്‍, പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന മിലിന്ദ് ദേവ്റ ശിവസേന ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. അശോക് ചവാനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടാല്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിക്കും.

മഹാരാഷ്ട്രയിലെ ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 104 എംഎല്‍എമാരുള്ള ബിജെപിക്ക് മൂന്നു സീറ്റുകള്‍ വിജയിക്കാനാകും. ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എന്‍സിപിക്ക് ഒരു സീറ്റും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് ഒരു സീറ്റും വിജയിക്കാനാകും. ബാക്കിയുള്ള ഒരു സീറ്റില്‍ തങ്ങള്‍ക്ക് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്.

നിലവില്‍ മഹാരാഷ്ട്രയിലെ പ്രതിപക്ഷ മുന്നണിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസാണ്. 43 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. എന്‍സിപിയുടേയും ശിവസേന ഉദ്ദവ് താക്കറെ പക്ഷത്തിന്റെയും എംഎല്‍എമാരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഈ സീറ്റിലേക്ക് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാകും. എന്നാല്‍, ചവാനൊപ്പം കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടിവിട്ടാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും.

അശോക് ചവാന്റെ പാര്‍ട്ടി വിടലിന് പിന്നില്‍, സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന് വ്യക്തമാക്കി സഞ്ജയ് നിരുപം രംഗത്തുവന്നിരുന്നു. സംസ്ഥാന നേതൃത്വത്തിലെ ഒരു നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ചവാന്‍ അസ്വസ്ഥനായിരുന്നു എന്നാണ് സഞ്ജയ് നിരുപം എക്‌സില്‍ കുറിച്ചത്.

''ചിലര്‍ അദ്ദേഹം ഒരു ബാധ്യതയാണെന്ന് പറയുന്നു. ചിലര്‍ ഇ ഡിയെ ഉത്തരവാദിയാക്കുന്നു, ഇതെല്ലാം തിടുക്കത്തിലുള്ള പ്രതികരണമാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു നേതാവിന്റെ പ്രവര്‍ത്തന ശൈലിയില്‍ അദ്ദേഹം അടിസ്ഥാനപരമായി വളരെ അസ്വസ്ഥനായിരുന്നു'', എന്നാണ് സഞ്ജയ് നിരുപത്തിന്റെ പ്രതികരണം. ഇതാണ് സഞ്ജയും പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാക്കുന്നത്.

മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പടോളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. നാനാ പടോള്‍ തീരുമാനങ്ങള്‍ ഒറ്റയ്ക്ക് എടുക്കുകയാണെന്നും പ്രധാന സ്ഥാനങ്ങള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണ് എന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍, നാനാ പടോളിനൊപ്പം നില്‍ക്കുന്ന നിലപാടാണ് എഐസിസി സ്വീകരിച്ചത്. 2023-ജൂണില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനായി അശോക് ചവാന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു. പടോളിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നായിരുന്നു ചവാന്റെ പ്രധാന ആവശ്യം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, പരാതികള്‍ എല്ലാം കേട്ടതല്ലാതെ, തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ഖാര്‍ഗെ തയാറായില്ല. ഇത് ചവാനെ ചൊടിപ്പിച്ചിരുന്നു.

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്