ചര്‍ച്ച പരാജയം, കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ താത്കാലിക ജയിലുകള്‍, വന്‍പോലീസ് സന്നാഹം

ചര്‍ച്ച പരാജയം, കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ താത്കാലിക ജയിലുകള്‍, വന്‍പോലീസ് സന്നാഹം

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യതലസ്ഥത്തേക്ക് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച മാര്‍ച്ച് ഇന്ന്. മാര്‍ച്ച് ഒഴിവാക്കാനായി, കേന്ദ്രമന്ത്രിമാര്‍ കര്‍ഷക സംഘടനകളുമായി അവസാനവട്ട ചര്‍ച്ച നടത്തിയെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നാണ് കര്‍ഷകരുടെ നിലപാട്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നത്.

ചര്‍ച്ച പരാജയം, കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്; ഡല്‍ഹിയില്‍ താത്കാലിക ജയിലുകള്‍, വന്‍പോലീസ് സന്നാഹം
വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. ഹരിയാനയും പഞ്ചാബും ഉത്തര്‍പ്രദേശില്‍നിന്നും ഡല്‍ഹിയിലേക്ക് കടക്കുന്ന അതിര്‍ത്തികളില്‍ വന്‍ പോലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ ബാരിക്കേഡു കൊണ്ട് അടച്ചു. ഹരിയാനയില്‍ ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഹരിയാനയിലെ അതിര്‍ത്തി ജില്ലകളിലും ഡല്‍ഹിയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയേന്ദ്ര കുമാര്‍ അറിയിച്ചു. ''മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ സംഭവങ്ങള്‍ കണക്കിലെടുത്ത് ശക്തമായ ക്രമീകരണങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. രണ്ട് താത്കാലിക ജയിലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആംബുലന്‍സുകള്‍ക്കുള്ള ബദല്‍ റൂട്ടുകള്‍ തുറന്നിട്ടുണ്ട്. 11 കമ്പനി സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.

കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രം

അതേസമയം, ഒന്നാം കര്‍ഷക സമരത്തില്‍ കര്‍ഷകര്‍ക്ക് നേരെയെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറാണെന്ന് ന്ദ്രേം കര്‍ഷകരെ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം കര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിമാര്‍ ഉറപ്പുനല്‍കിയത്. ആദ്യ സമരത്തിനിടെ ജീവന്‍ നഷ്ടമായ കര്‍ഷരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാമെന്നും കേന്ദ്രമന്ത്രിമാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടയും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമാണ് ചണ്ഡീഗഡില്‍ വെച്ച് കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടത്തിയത്.

''മിക്ക വിഷയങ്ങളിലും സമവായത്തിലെത്തി, ചിലതില്‍ പാനല്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷയിലാണ്. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് സര്‍ക്കാര്‍ എപ്പോഴും ആഗ്രഹിക്കുന്നത്'', ചര്‍ച്ചയ്ക്ക് ശേഷം കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട പ്രതികരിച്ചു.

ഇന്ന് രാവിലെ പത്തുമണിക്ക് മാര്‍ച്ച് ആരംഭിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച കോര്‍ഡിനേറ്റര്‍ സര്‍വന്‍ സിങ് പാന്തര്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. സര്‍ക്കാര്‍ എപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചാലും തങ്ങള്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംയുക്ത കിസാന്‍ മോര്‍ച്ച ( നോണ്‍ പൊളിറ്റിക്കല്‍), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് 'ദില്ലി ചലോ' എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ല്‍ നടന്ന കര്‍ഷക സമരം അവസാനിപ്പിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കേന്ദ്രം നല്‍കിയ ഉറപ്പുകളില്‍ താങ്ങുവില നടപ്പിലാക്കുമെന്നും, കേസുകള്‍ പിന്‍വലിക്കുമെന്നും പറഞ്ഞിരുന്നു. ഇത് രണ്ടും വൈകുന്നതിനെതിരെ ഏറെക്കാലമായി കര്‍ഷക സംഘടനകള്‍ പല തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in