വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി

വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി

രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ വരവ് മാറുമെന്ന് ബിജെപി ഭയക്കുന്നു. അതുകൊണ്ടാണ്, ഈ കോലാഹലങ്ങളെല്ലാം

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഗ്രാമങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉരുണ്ടുവന്ന ട്രാക്ടറുകളുടെ മുഴക്കം ഇപ്പോഴും നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുന്നുണ്ടാകുമോ? ഉണ്ടെന്നുവേണം കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്ന നീക്കങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍. ഫെബ്രുവരി 13 എന്ന ദിവസത്തെ മറികടക്കാന്‍ പടുകൂറ്റന്‍ പോലീസ് സന്നാഹങ്ങള്‍, ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ചകള്‍, ഭാരത് രത്‌ന പ്രഖ്യാപനം... എന്താണാ ഭയത്തിന് കാരണം? ശൈത്യകാലത്തിന്റെ അവസാന നാളുകളില്‍ മൂടല്‍ മഞ്ഞു പുതഞ്ഞുകിടക്കുന്ന ഗ്രാമാന്തരങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലേക്ക് വരുന്നു. രണ്ടാം കര്‍ഷക പ്രക്ഷോഭത്തിന്റെ തുടക്കമായി ഈ വരവ് മാറുമെന്ന് ബിജെപി ഭയക്കുന്നു. അതുകൊണ്ടാണ്, ഈ കോലാഹലങ്ങളെല്ലാം.

പ്രധാനമന്ത്രിയായതിന് ശേഷം വാക്കിന് മറുവാക്കില്ലാതിരുന്ന, പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചുപോന്ന നരേന്ദ്ര മോദിയുടെ രാഷ്ട്രീയ കരിയറില്‍ കിട്ടിയ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നായിരുന്നു 2020-ല്‍ തുടങ്ങി 2021-ല്‍ അവസാനിച്ച കര്‍ഷക സമരം. സമരത്തിന് പിന്നില്‍ രാജ്യദ്രോഹികളാണെന്നും നക്‌സലുകളാണെന്നുമുള്ള അമിത് ഷായുടെ സ്ഥിരം പ്രചാരണങ്ങളൊന്നും കര്‍ഷക രോഷത്തിന് മുന്നില്‍ വിലപ്പോയില്ല. ഒടുവില്‍ വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ച് നരേന്ദ്ര മോദിക്ക് കര്‍ഷകരോട് മാപ്പു പറയേണ്ടിവന്നു. 'ഞാന്‍ രാജ്യത്തെ ജനങ്ങളോട് സത്യസന്ധവും ശുദ്ധവുമായ ഹൃദയത്തോടെ മാപ്പ് ചോദിക്കുന്നു... കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല...' എന്നായിരുന്നു കാര്‍ഷിക ബില്ലുള്‍ പിന്‍വലിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത്.

വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി
എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'

രണ്ടാം കര്‍ഷക സമരത്തിന് വേദിയൊരുങ്ങുന്നു

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, കര്‍ഷക സമരത്തിന്റെ രണ്ടാം വരവിന് കാഹളം മുഴങ്ങുകയാണ്. പഞ്ചാബിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലും കര്‍ഷകര്‍ വീണ്ടും സമര രംഗത്തിറങ്ങാന്‍ പോകുന്നു. ഫെബ്രുവരി 13-ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. താങ്ങുവില ഉറപ്പാക്കുക അടക്കം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡല്‍ഹിയിലേക്ക് കടക്കാനെത്തിയ കര്‍ഷകരെ ഫെബ്രുവരി എട്ടിന് യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ പോലീസ് തടഞ്ഞിരുന്നു. നോയിഡയിലേയും ഗ്രേറ്റര്‍ നോയിഡയിലേയും ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ എത്തിയത്. നാഷണല്‍ തെര്‍മല്‍ പവര്‍ പ്ലാന്റ് പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ വില നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ട്രാക്ടറുകളുമായി എത്തിയ ഇവര്‍ ഹൈവേ ബ്ലോക്ക് ചെയ്ത് സമരം നടത്തി. ഡിസംബര്‍ മുതല്‍ തന്നെ കര്‍ഷകര്‍ ഈ ആവശ്യം ഉയര്‍ത്തി സമരത്തിലാണ്. ആദ്യ പ്രക്ഷോഭത്തില്‍ കര്‍ഷകര്‍ക്ക് എതിരെ എടുത്ത കേസുകള്‍ റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

വിളകള്‍ക്കുള്ള താങ്ങുവിലയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. 2023 നവംബറില്‍ സമരത്തിന്റെ വാര്‍ഷികം ആചരിക്കാനായി ഒത്തുകൂടിയ കര്‍ഷകര്‍, രണ്ടാം കര്‍ഷക സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 13-ന് നടക്കാന്‍ പോകുന്ന സമരത്തിന് വേണ്ടി പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ ഇതിനോടകം തന്നെ തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ആദ്യ സമരത്തിന് സമാനമായ രീതിയില്‍, ഭക്ഷണങ്ങളും വസ്ത്രങ്ങളും ഗ്രാമങ്ങളില്‍ നിന്ന് ശേഖരിക്കുകയും ഡല്‍ഹിയിലേക്ക് പോകാനുള്ള വാഹനങ്ങള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും തന്നെയാണ് പുതിയ സമരത്തിന്റേയും സംഘാടകര്‍.

2020-ലെ കര്‍ഷക സമരത്തില്‍നിന്ന്‌
2020-ലെ കര്‍ഷക സമരത്തില്‍നിന്ന്‌

സമവായ നീക്കവുമായി ബിജെപി

ഫെബ്രുവരി ഏഴിന് കര്‍ഷക സംഘടനകളുമായി കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പിയുഷ് ഗോയലും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടയും കര്‍ഷക നേതാക്കളെ കാണാനെത്തി. എന്നാല്‍, ഈ ചര്‍ച്ചയിലും കര്‍ഷകര്‍ വഴങ്ങിയില്ല. ഫെബ്രുവരി 13-ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു.

ഇതിന്റെ പിറ്റേദിവസമാണ്, മുന്‍ പ്രധാനമന്ത്രിമാരായ ചൗധരി ചരണ്‍ സിങിനും പി വി നരസിംഹ റാവുവിനും ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. എംഎസ് സ്വാമിനാഥനും ഭാരത് രത്‌ന ബഹുമതികള്‍ നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കാര്‍ഷിക മേഖലയുമായി അടുത്ത ബന്ധമുള്ളവരാണ് ചരണ്‍ സിങും സ്വാമിനാഥനും. ഇവര്‍ക്ക് ഭാരത രത്‌ന നല്‍കിയത് സ്വാഗതം ചെയ്ത കര്‍ഷക നേതാവ് രാകേഷ് ടികായത്, പക്ഷേ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. ആദ്യ സമരത്തിന്റെ സമയത്തുതന്നെ കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചില സംഘടനകള്‍ സമരത്തിന്റെ പകുതിയില്‍ വെച്ച് പിന്‍മാറുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ ടികായത്, കര്‍ഷകരെ ഭിന്നിപ്പിക്കാനുള്ള പുതിയ മാര്‍ഗവുമായാണ് ബിജെപി രംഗത്തെത്തുന്നത് എന്ന വിമര്‍ശനം ഉന്നയിച്ചു.

വരുന്നു രണ്ടാം കര്‍ഷക സമരം; ഇന്റര്‍നെറ്റ് നിരോധനം, മാരത്തോണ്‍ ചര്‍ച്ച, ഭാരത രത്‌ന, ചെറുക്കാന്‍ അടവുകള്‍ പയറ്റി ബിജെപി
ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?

ഇന്റര്‍നെറ്റ് നിരോധനം, ബാരിക്കേഡ്

കര്‍ഷകരുടെ വരവ് തടയാനായി ഹരിയാന പഞ്ചാബ് അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്. അംബാല അതിര്‍ത്തിയില്‍ ആയിരക്കണക്കിന് പോലീസുകാരെയാണ് അണിനിരത്തി. മൂന്നു ലെയര്‍ ബാരിക്കേഡുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ട്രാക്ടറുകള്‍ കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ത്, ഹിസാര്‍, ഫതേഹാബാദ്, സിര്‍സ ജില്ലകളില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നാളെമുതല്‍ റദ്ദാക്കും. രാവിലെ ആറുമുതല്‍ ഫെബ്രുവരി 13-ന് രാത്രി 11.59 വരെയാണ് നിയന്ത്രണം.

കര്‍ഷക രോഷം പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ പദ്ധതികളുമായി ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞതവണ പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ യുപിയില്‍ ഇതിനോടകം പണിയാരംഭിച്ചിട്ടുണ്ട് ബിജെപി. പശ്ചിമ യുപിയിലെ കര്‍ഷകരുടെ പ്രിയപ്പെട്ട നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ചരണ്‍ സിങിന് ഭാരത രത്‌ന നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ ചെറുമകന്‍ ജയന്ത് സിങ് നയിക്കുന്ന ആര്‍എല്‍ഡിയെ കൂടെക്കൂട്ടാന്‍ ബിജെപിക്കായി.

ആര്‍എല്‍ഡിക്ക് പശ്ചിമ യുപിയിലെ ജാട്ട് വിഭാഗത്തിനിടയില്‍ സ്വാധീനമുണ്ട്. ഇടത്തരം കര്‍ഷകരായ ജാട്ട് വിഭാഗക്കാരായിരുന്നു കര്‍ഷക സമരത്തിന് മുന്നില്‍നിന്നത്. രാകേഷ് ടികായത് അടക്കമുള്ള ജാട്ട് കര്‍ഷക നേതാക്കള്‍ ഇപ്പോള്‍ ബിജെപിയുടെ എതിര്‍ ചേരിയിലാണ്. യുപി നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം തിരിച്ചടിയാകുമെന്നു ബിജെപി കണക്കുകൂട്ടുന്നുണ്ട്. ഒരുവര്‍ഷക്കാലം തങ്ങളെ മഞ്ഞും മഴയും വെയിലും കൊള്ളിച്ച, രാജ്യദ്രോഹികളായി മുദ്രകുത്തിയ, പോലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്തിയ നരേന്ദ്ര മോദിക്ക് കര്‍ഷകര്‍ അത്രവേഗം മാപ്പുകൊടുക്കുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്.

logo
The Fourth
www.thefourthnews.in