ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?

ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?

ലോക്‌സഭയില്‍ ഒരൊറ്റ എംപി പോലും ഇല്ലാത്ത, യുപിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നൊരു പാര്‍ട്ടിക്ക് വേണ്ടി ബിജെപി എന്തിനാകും ഇത്രയും ആവേശം കാണിക്കുന്നത്?

ബിജെപിയുടെ ആദ്യരൂപമായിരുന്ന ജനസംഘത്തിന്റെ അഭിലാഷങ്ങളിലേക്കുള്ള തുടക്കയാത്രയായിരുന്നു 1977-ലെ ജനതാ പാര്‍ട്ടി സര്‍ക്കാര്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ ഗാന്ധിയെ നിലംപരിശാക്കി മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍, സോഷ്യലിസ്റ്റുകള്‍ക്കും ജനസംഘത്തിനുമെല്ലാം വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. എന്നാല്‍, ഈ മോഹങ്ങളെ പിന്നില്‍ നിന്നുകുത്തിയ നേതാവായിരുന്നു ചൗധരി ചരണ്‍ സിങ് എന്ന ഉത്തര്‍പ്രദേശുകാരന്‍. എന്നിട്ടും 170 ദിവസം മാത്രം പ്രധാന മന്ത്രി പദത്തിലിരുന്ന ചരണ്‍ സിങിന് മരണാനന്തര ബഹുമതിയായി പരമോന്നത പുരസ്‌കാരമായ ഭാരത് രത്‌ന നല്‍കാന്‍, ജനസംഘത്തിന്റെ പിന്‍തലമുറക്കാരനായ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? ഒറ്റ ഉത്തരം, തിരഞ്ഞെടുപ്പ്. ചൗധരി ചരണ്‍ സിങിന്റെ പാരമ്പര്യം പേറുന്ന ആര്‍എല്‍ഡിയെ കൂടെനിര്‍ത്താനുള്ള ശ്രമമാണ് ചരണ്‍ സിങിന് പുരസ്‌കാരം നല്‍കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. ആ നീക്കം വിജയിക്കുകയും ചെയ്തു. 'ഇന്ത്യ' മുന്നണിക്കൊപ്പം നിലകൊണ്ട രാഷ്ട്രീയ ലോക് ദളിനെ എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ഈ ഒറ്റനീക്കത്തിലൂടെ ബിജെപിക്ക് സാധിച്ചു.

ലോക്‌സഭയില്‍ ഒരൊറ്റ എംപി പോലും ഇല്ലാത്ത, യുപിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നൊരു പാര്‍ട്ടിക്ക് വേണ്ടി ബിജെപി എന്തിനാകും ഇത്രയും ആവേശം കാണിക്കുന്നത്? ദേശീയ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയൊന്നുമില്ലെങ്കിലും ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്കിടയില്‍ ശക്തമായ വേരോട്ടമുള്ള പാര്‍ട്ടിയാണ് ആര്‍എല്‍ഡി. കര്‍ഷകര്‍ക്ക് വേണ്ടി ജീവിച്ച നേതാവെന്ന വികാരം ഇപ്പോഴും ചരണ്‍ സിങിനെ കുറിച്ച് പശ്ചിമ യുപിയിലെ ഗ്രാമീണ ജനതയ്ക്കുണ്ട്. മാത്രവുമല്ല, ആര്‍എല്‍ഡിക്ക് ജാട്ട് വിഭാഗത്തിന്റെ ഇടയില്‍ ശക്തമായ സ്വാധീനമുണ്ട്.

കര്‍ഷക സമരത്തെ തുടര്‍ന്ന് ബിജെപിയോട് ജാട്ട് വിഭാഗത്തിനുണ്ടായ അകല്‍ച്ച പരിഹരിക്കാനാണ് പുതിയ നീക്കം. കര്‍ഷക പ്രക്ഷോഭത്തിന് ശേഷം 2022-ല്‍ നടന്ന നിയമയഭ തിരഞ്ഞെടുപ്പ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തൂത്തുവാരാന്‍ പറ്റിയെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ഷക വികാരം മോദിക്ക് എതിരായി തിരിഞ്ഞേക്കാമെന്ന ഭയം ബിജെപിക്കുണ്ട്.

ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?
എം എസ് സ്വാമിനാഥന്‍: 'പാരിസ്ഥിതിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്'

ഉത്തര്‍പ്രദേശില്‍ ഭൂപരിഷ്‌കരണം അടക്കമുള്ള നിര്‍ണായക മാറ്റങ്ങള്‍ നടക്കുന്നത് ചരണ്‍ സിങിന്റെ ഭരണകാലത്താണ്. അതുകൊണ്ടുതന്നെ, കര്‍ഷകര്‍ക്കിടയില്‍ ഇപ്പോഴും ചരണ്‍ സിങ് വലിയ നേതാവാണ്. ചരണ്‍ സിങിന്റെ മകന്‍ അജിത് സിങ് തുടങ്ങിയ പാര്‍ട്ടിയാണ് ആര്‍എല്‍ഡി. പിതാവിനെ പോലെതന്നെ കോണ്‍ഗ്രസിനൊപ്പമാണ് രാഷ്ട്രീയ ജീവീതം ആരംഭിച്ചതെങ്കിലും 1999-ല്‍ അജിത് സിങ് ആര്‍എല്‍ഡി രൂപീകരിച്ചു. എന്‍ഡിഎ, യുപിഎ മുന്നണികളില്‍ മാറിമാറി ഭാഗ്യം പരീക്ഷിച്ച ആര്‍എല്‍ഡിക്ക് 2014-ന് ശേഷം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ചരണ്‍ സിങ്
ചരണ്‍ സിങ്

2022-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം സഖ്യമുണ്ടാക്കി 33 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍എല്‍ഡിക്ക് 9 സീറ്റാണ് നേടാനായത്. എന്നാല്‍, പല മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് ശക്തമായ വോട്ടുബാങ്ക് ഇപ്പോഴുമുണ്ട്. 2022-ല്‍ അജിത് സിങിന്റെ മരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിങ് ആണ് പാര്‍ട്ടിയെ നയിക്കുന്നത്. പശ്ചിമ യുപിയില്‍ ആര്‍എല്‍ഡിക്കുള്ള ജനകീയത മുതലെടുക്കാന്‍ ജയന്ത് സിങിനും കൂട്ടര്‍ക്കും ബിജെപി നല്‍കിയ സമ്മാനമാണ് ചരണ്‍ സിങിന്റെ ഭാരത് രത്‌ന. രണ്ടു സീറ്റാണ് ബിജെപി ആര്‍എല്‍ഡിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത്. ഒരു രാജ്യസഭ സീറ്റും നല്‍കും.

നെഹ്‌റുവിന്റെ 'സോവിയറ്റ് മോഡല്‍' എതിര്‍ത്ത ചരണ്‍ സിങ്

മീററ്റിലെ നൂര്‍പൂരില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച ചൗധരി ചരണ്‍ സിങ്, കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. നെഹ്‌റുവിന്റെ സോവിയറ്റ് മാതൃകയിലുള്ള സാമ്പത്തിക പരീക്ഷണങ്ങളോട് നിരന്തരം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ചരണ്‍ സിങ്, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുള്ള സോഷ്യലിസ്റ്റ് മുന്നേറ്റമാണ് വേണ്ടതെന്നും കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വാദിച്ചു. ഈ തര്‍ക്കങ്ങള്‍ ഒടുവില്‍ അദ്ദേഹത്തെ കോണ്‍ഗ്രസിന് പുറത്തെത്തിച്ചു. സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന റാം മനോഹര്‍ ലോഹ്യ, രാജ് നാരായണന്‍ എന്നിവരുടെ പിന്തുണയോടെ 1967-ല്‍ ഭാരതീയ ക്രാന്തി ദള്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. 1967, 1970,1975 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. യുപിയില്‍ കോണ്‍ഗ്രസിനു പുറത്തുനിന്നു മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവായി ചരണ്‍ സിങ്.

ജവഹര്‍ലാല്‍ നെഹ്‌റു
ജവഹര്‍ലാല്‍ നെഹ്‌റു

1974-ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ലയിച്ച് ഭാരതീയ ലോക് ദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ച ചരണ്‍ സിങ്, ഇന്ദിര ഗാന്ധിയുടെ കടുത്ത വിമര്‍ശകനായി മാറി. എന്നാല്‍, ഇതേ ചരണ്‍ സിങ് തന്നെ പിന്നീട് ഇന്ദിരയുടെ പിന്തുണയോടെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാരില്‍ ബിഎല്‍ഡി നിര്‍ണായക ഘടകമായി.

മൊറാര്‍ജി ദേശായി
മൊറാര്‍ജി ദേശായി

405 സീറ്റില്‍ മത്സരിച്ച ബിഎല്‍ഡി 295 സീറ്റില്‍ വിജയിച്ചു. പുതുതായി രൂപീകരിച്ച ജനതാ പാര്‍ട്ടി, ബിഎല്‍ഡിയുടെ ചിഹ്നത്തിലാണ് മത്സരിച്ചത്. 492 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 154 സീറ്റില്‍ ഒതുങ്ങി. ചൗധരി ചരണ്‍ സിങിനെ മൊറാര്‍ജി ദേശായി ആഭ്യന്തരമന്ത്രിയാക്കി. തര്‍ക്കങ്ങള്‍ തുടര്‍ക്കഥയായതിന് പിന്നാലെ 1977 മാര്‍ച്ചില്‍ ചരണ്‍ സിങിന് ഉപപ്രധാനമന്ത്രി പദം നല്‍കി പ്രശ്‌നപരിഹാരത്തിന് മൊറാര്‍ജി ദേശായി ശ്രമിച്ചു. പക്ഷേ, 1977-ജൂലൈ 16 വരെ മാത്രമാണ് ചരണ്‍ സിങ് ഉപപ്രധാനമന്ത്രി സ്ഥാനത്തിരുന്നത്.

ഇന്ദിരയെ അറസ്റ്റ് ചെയ്ത ചരണ്‍ സിങ്, ഇന്ദിരക്കൊപ്പം പോയ ചരണ്‍ സിങ്

ഈ കാലയളവില്‍ ജനതാ സര്‍ക്കാരിലെ ആര്‍എസ്എസ് അനുകൂലികളും സോഷ്യലിസ്റ്റ് അനുകൂലികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ വീഴുമെന്ന സൂചന ലഭിച്ച ചരണ്‍ സിങ്, പുതിയ നീക്കങ്ങളുമായി സജീവമായി. അടിയന്തരാവസ്ഥ കാലത്ത് തന്നെ ഒരുവര്‍ഷം ജയിലില്‍ കിടത്തിയ ഇന്ദിര ഗാന്ധിയോട് 1977 ഒക്ടോബര്‍ 2-ന് ചരണ്‍ സിങ് പകരം വീട്ടിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ജീപ്പ് നേടിയെടുക്കാന്‍ സ്വാധീനം ഉപയോഗിച്ച കേസില്‍ ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നില്‍ ചരണ്‍ സിങ് ആണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെയാണ്, പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ രാജ്യത്ത് രൂപപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ വിചാരണയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ്, ചരണ്‍ സിങ് ആദ്യം മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുന്നതുതന്നെ. എന്നാല്‍, പുതിയ സാഹചര്യങ്ങള്‍ ഇന്ദിരയുമായുള്ള പിണക്കം മറക്കാന്‍ ചരണ്‍ സിങിനെ പ്രേരിപ്പിച്ചു.

ഇന്ദിര ഗാന്ധിക്കൊപ്പം ചരണ്‍ സിങ്‌
ഇന്ദിര ഗാന്ധിക്കൊപ്പം ചരണ്‍ സിങ്‌

ബിഎല്‍ഡി പിന്തുണ പിന്‍വലിച്ചതോടെ, 1979 ജൂലൈ 15-ന് മൊറാര്‍ജി സര്‍ക്കാര്‍ രാജിവച്ചു. സംഘടന കോണ്‍ഗ്രസ്, ജനസംഘം, സ്വതന്ത്ര പാര്‍ട്ടി, സോഷ്യലിസ്റ്റ് പാര്‍ട്ടി, ലോക്ദള്‍ എന്നിവ ചേര്‍ന്ന് രൂപീകരിച്ച ജനതാ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. 1979 ജൂലൈ 28-ന് വെറും 64 എംപിമാരുടെ പിന്തുണയോടെ ചരണ്‍ സിങ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തങ്ങള്‍ പുറത്തുനിന്നു സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന ഇന്ദിരാ ഗാന്ധിയുടേയും സഞ്ജയ് ഗാന്ധിയുടേയും ഉറപ്പിന്‍മേല്‍ ആയിരുന്നു ചരണ്‍ സിങിന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള കടന്നുവരവ്. തനിക്കും മകനും എതിരെയുള്ള എല്ലാ കേസുകലും പിന്‍വലിച്ചാല്‍ മാത്രം പിന്തുണ എന്നതായിരുന്നു ഇന്ദിര ഗാന്ധിയുടെ നിബന്ധന. ഇത് ചരണ്‍ സിങ് അംഗീകരിച്ചതോടെ, പ്രധാനമന്ത്രി സ്ഥാനാരോഹണം നടന്നു.

ജനതാ പാര്‍ട്ടിയെ 'പിന്നില്‍ നിന്ന് കുത്തിയ' ചരണ്‍ സിങ്; എന്നിട്ടും ബിജെപി എന്തിന് ഭാരത രത്‌ന നല്‍കി?
നരസിംഹ റാവുവിനും ചൗധരി ചരൺ സിങ്ങിനും എം എസ് സ്വാമിനാഥനും ഭാരതരത്ന; നിഷ്കളങ്കമാണോ ഈ അംഗീകാരങ്ങൾ?

174 ദിവസം മാത്രം അധികാരത്തിലിരുന്ന സര്‍ക്കാരിന്റെ കാലയളവില്‍ ഒരിക്കല്‍പ്പോലും പാര്‍ലമെന്റ് കൂടിയില്ല. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതിന്റെ തലേദിവസം ഇന്ദിരാകോണ്‍ഗ്രസ് ചരണ്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. 1979 ഓഗസ്റ്റ് 20-ന് ചരണ്‍ സിങ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. ഇതോടെ, 174 ദിവസം മാത്രം അധികാരത്തിലിരുന്ന ചരണ്‍ സിങിന്റെ പതനം ആരംഭിക്കുകയായിരുന്നു.

1979- സെപ്റ്റംബറിലാണ് രാജ് നാരായണന്റെ ജനതാ പാര്‍ട്ടി സെക്യുലറുമായി ലയിച്ച് ചരണ്‍ സിങ് ലോക് ദള്‍ രൂപീകരിക്കുന്നത്. 1980-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 41 സീറ്റ് നേടി. എന്നാല്‍, രാജ് നാരായണനുമായുള്ള ബന്ധം അവസാനിപ്പിച്ച് വീണ്ടും പുറത്തുപോയ ചരണ്‍, 1984-ല്‍ ദളിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ലോക്ദളും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഈ പാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട് ഈ പാര്‍ട്ടിയുടെ പേര് ലോക് ദള്‍ എന്നാക്കി മാറ്റി.

ഇന്ദിരാഗാന്ധി വധത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ തിരിച്ചടി നേരിട്ട ചരണ്‍ സിങിന് പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല. 1987 മെയ് 29-ന് ചരണ്‍ സിങ് അന്തരിച്ചു.

ജനകീയരായിരുന്ന നേതാക്കളെ സ്വന്തം പോക്കറ്റിലാക്കാന്‍ തുടക്കം മുതല്‍ തന്നെ ബിജെപി ശ്രമിക്കുന്നുണ്ട്. നരസിംഹ റാവുവിനെ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം മറന്നുകളഞ്ഞപ്പോള്‍, അദ്ദേഹത്തെ സ്വന്തമാക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങി. ഇപ്പോള്‍ ചരണ്‍ സിങിനെയും സ്വന്തം അക്കൗണ്ടിലേക്ക് എടുത്തുവയ്ക്കുകയാണ് ബിജെപി. കര്‍ഷക പ്രക്ഷോഭത്തിലൂടെ ബിജെപിക്ക് കിട്ടിയത് വലിയ ഷോക്കായിരുന്നു. എത്ര പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കര്‍ഷക സമരം ഏല്‍പ്പിച്ച വലിയ 'ബ്ലാക് മാര്‍ക്' മാറ്റാന്‍ മോദിക്കും അമിത് ഷായ്ക്കും കഴിഞ്ഞിട്ടില്ല. മണ്ണില്‍ പണിയെടുക്കുന്നവരുടെ പ്രിയങ്കരനായ നേതാവിനു ബഹുമതി നല്‍കുന്നതിലൂടെ, നഷ്ടപ്പെട്ടുപോയ കര്‍ഷക പിന്തുണ നേടിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

logo
The Fourth
www.thefourthnews.in