നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍ 
INDIA

''ഞാനും മിഡില്‍ ക്ലാസ്; മധ്യവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായറിയാം''; ബജറ്റിന് മുന്നോടിയായി നിര്‍മല സീതാരാമന്‍

വെബ് ഡെസ്ക്

മധ്യവര്‍ഗ കുടുംബത്തില്‍ നിന്നുള്ളയാളെന്ന നിലയില്‍ രാജ്യത്തെ ഇടത്തരക്കാരുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മധ്യവര്‍ഗക്കാര്‍ നേരിടുന്ന സമ്മര്‍ദങ്ങളെക്കുറിച്ച് അറിയാം. നരേന്ദ്ര മോദി സര്‍ക്കാര്‍ അവര്‍ക്കുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിച്ചിട്ടില്ല. അവര്‍ക്ക് ഗുണം ലഭിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചടങ്ങില്‍, കേന്ദ്ര ബജറ്റ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നിര്‍മല സീതാരാമന്‍.

മധ്യവര്‍ഗത്തിനുമേല്‍ ഏതെങ്കിലും വിധത്തിലുള്ള നികുതി ചുമത്തിയിട്ടില്ല. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി, സമ്പൂര്‍ണ ബജറ്റിനുള്ള തയ്യാറെടുപ്പിനിടെയാണ് രാജ്യത്തെ മധ്യവര്‍ഗക്കാരെക്കുറിച്ച് ധനമന്ത്രി വാചാലയായത്. ''ഞാനും മധ്യവര്‍ഗ കുടുംബത്തില്‍ നിന്നാണ് വരുന്നത്. മധ്യവര്‍ഗമായാണ് ഞാനെന്നെ തിരിച്ചറിയുന്നത്. അതിനാല്‍, അവരുടെ പ്രശ്‌നങ്ങള്‍ എനിക്കറിയാം. മധ്യവര്‍ഗത്തിനുമേല്‍ ഏതെങ്കിലും വിധത്തിലുള്ള നികുതി ചുമത്തിയിട്ടില്ല. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ നികുതിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 27 നഗരങ്ങളില്‍ സജ്ജമാക്കിയ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുന്നത് ഇടത്തരക്കാരാണ്. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് അവര്‍ മാറിക്കൊണ്ടിരിക്കുന്നു. 100 നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ആവശ്യമായ ഫണ്ട് അനുവദിച്ചു. ഇടത്തരക്കാരായ എല്ലാവരുടെയും പോക്കറ്റിലേക്ക് പണം എത്തിച്ചിട്ടില്ല. പക്ഷേ, സ്മാര്‍ട്ട് സിറ്റി, മെട്രോ ട്രെയിന്‍, കുടിവെള്ള വിതരണ ശൃംഖല എന്നിവയുടെ ഗുണം അവര്‍ക്ക് ലഭിക്കില്ലേ? ഇടത്തരക്കാര്‍ക്കായി കൂടുതല്‍ ചെയ്യാന്‍ സാധിക്കും. വിഷയങ്ങള്‍ കേള്‍ക്കുകയും ചില പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ പ്രയ്തനം തുടരും'' -ധനമന്ത്രി പറഞ്ഞു.

സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ബജറ്റില്‍ ഉള്‍പ്പെടുത്തണം. പല സംസ്ഥാനങ്ങളും അത് ചെയ്യുന്നില്ല.

തിരഞ്ഞെടുപ്പുകാലത്തെ സൗജന്യ വാഗ്ദാനങ്ങളെക്കുറിച്ചുള്ള നിലപാടും ധനമന്ത്രി വ്യക്തമാക്കി. നിങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയശേഷം നടപ്പാക്കാനാകുമോ ഇല്ലയോ എന്നതാണ് പ്രശ്‌നം. നിങ്ങള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെങ്കില്‍ അത് ബജറ്റില്‍ ഉള്‍പ്പെടുത്തണം. പല സംസ്ഥാനങ്ങളും അത് ചെയ്യുന്നില്ല. അവര്‍ ആ ഭാരം കേന്ദ്രത്തിന് നല്‍കുകയാണ്. അതിലൂടെ വലിയ പ്രശ്‌നമാണ് അഭിമുഖീകരിക്കുന്നത്. നാം ആസ്തിയാണ് നിര്‍മിച്ചെടുക്കേണ്ടത്, അല്ലാതെ പ്രതിദിന ചെലവുകളല്ല. പദ്ധതിച്ചെലവുകള്‍ (കാപ്പെക്‌സ്) കേന്ദ്രം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവര്‍ക്ക് ആവശ്യമായ പദ്ധതികളും തുകയും ചെലവിടും -നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന തരത്തിലെ കണ്ടെത്തലുകളുമായി എത്തുന്ന വിദേശ ഏജന്‍സികളെയും കേന്ദ്ര ധനമന്ത്രി വിമര്‍ശിച്ചു. ഇത്തരം സൂചികകള്‍ പലപ്പോഴും സര്‍ക്കാരിനെ ലക്ഷ്യം വയ്ക്കാനാണ് ഉപയോഗിക്കുന്നത്. ഇത്തരം സംഘടനകള്‍ ഉപയോഗിക്കുന്ന രീതിശാസ്ത്രത്തെയും ഡാറ്റയെയും അവരുടെ ഉദ്ദേശ്യങ്ങളെയും നാം ചോദ്യം ചെയ്യണമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളും പദ്ധതികളും മധ്യവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ളതാകണം എന്ന് ആര്‍എസ്എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ മധ്യവര്‍ഗക്കാരുടെ പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും സംഘടന അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാക്കുകള്‍.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ