INDIA

റീകൗണ്ടിങ്ങിൽ 16 വോട്ടിന് ബിജെപിക്ക് ജയം; ജയനഗറിൽ കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിക്ക് തിരിച്ചടി

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരുവിലെ ജയാനഗർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച തർക്കം പരിഹരിച്ച്, മണ്ഡലത്തിൽ റീ കൗണ്ടിങ് പൂർത്തിയായപ്പോൾ കോൺഗ്രസിന് സീറ്റ് നഷ്ടം. കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ സൗമ്യ റെഡ്ഡിക്കാണ് അപ്രതീക്ഷിത തിരിച്ചടി. പതിനാറു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപി സ്ഥാനാർഥി സി കെ രാമമൂർത്തി വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ്-135 , ബിജെപി-66, ജെഡിഎസ് -19, മറ്റുവള്ളർ-4 എന്നാതാണ് ഇതോടെ കക്ഷിനില

ശനിയാഴ്ച ഉച്ചയ്ക്ക് മണ്ഡലത്തിലെ ഫലം പുറത്തു വന്നപ്പോൾ 160 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സൗമ്യ റെഡ്ഡി വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതോടെ സൗമ്യയ്ക്ക് എംഎൽഎ സർട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കപ്പെട്ടു.

ബിജെപി നേതാക്കളായ ആർ അശോക്, തേജസ്വി സൂര്യ എന്നിവരായിരുന്നു റീ കൗണ്ടിങ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. സൗമ്യ റെഡ്ഡിക്ക് എംഎൽഎ സർട്ടിഫിക്കറ്റ് കിട്ടാതായതോടെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പ്രശ്നത്തിൽ ഇടപെട്ടു. റീ കൗണ്ടിങ് പൂർത്തിയാകും വരെ ഡി കെ ശിവകുമാർ വോട്ടെണ്ണൽ കേന്ദ്രമായ ജയനഗർ പി യു കോളേജിൽ തമ്പടിച്ചു. ഇതോടെ ബിജെപി പ്രവർത്തകരും കൂട്ടമായെത്തി. ഇരു വിഭാഗവും ഏറ്റുമുട്ടാനുള്ള സാധ്യത മുന്നിൽ കണ്ട് പോലീസ് സുരക്ഷാ വലയം തീർത്തു, സായുധ സേനയും നിലയുറപ്പിച്ചു .

'മോദി മോദി' മുദ്രാവാക്യവുമായി ബിജെപി പ്രവർത്തകർ സജീവമായതോടെ കോൺഗ്രസ് പ്രവർത്തകർ 'ഡികെ ഡികെ' എന്ന മുദ്രാവാക്യം മുഴക്കി രംഗം കൊഴുപ്പിച്ചു. രാത്രി 11:45 ഓടെയായിരുന്നു വോട്ടെണ്ണൽ പൂർത്തിയായത്. 16 വോട്ടുകൾക്ക് സി കെ രാമമൂർത്തിയുടെ വിജയം പ്രഖ്യാപിച്ചതോടെ ബിജെപി നേതാക്കളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ആഘോഷം സംഘടിപ്പിച്ചു. ജനവിധി അംഗീകരിച്ച് ഡി കെ ശിവകുമാറും സംഘവും സ്ഥലം വിട്ടതോടെ രംഗം ശാന്തമായി.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ  രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി. ജയിച്ചിരുന്നെങ്കിൽ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാവുന്ന മുഖമായിരുന്നു അവർ. തുടക്കം മുതൽ കോൺഗ്രസും ബിജെപിയും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലങ്ങളിലൊന്നാണ് ജയനഗർ.  ഭൂരിപക്ഷം വെറും രണ്ടക്ക സംഖ്യയിൽ ഒതുങ്ങി കർണാടകയിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിക്കുകയാണ് ജയനഗർ മണ്ഡലം. 2018 ൽ മസ്‌ക്കി (213), പാവഗഡാ (409), ഹിരേകെറൂർ, (555), അലന്ദ് (697) എന്നീ മണ്ഡലങ്ങളിൽ മൂന്നക്ക സംഖ്യയായിരുന്നു ഭൂരിപക്ഷം.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ