INDIA

അപകടത്തിനിടയാക്കിയത് സിഗ്നലിങ് തകരാറോ?; ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ഏറ്റെടുത്ത് സിബിഐ

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിൽ 278 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ചൊവ്വാഴ്ച രാവിലെ ബാലസോറിലെ അപകടസ്ഥലത്ത് സിബിഐ അന്വേഷണ സംഘമെത്തി. ഒഡിഷ പോലീസിൽ നിന്ന് സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു.

അശ്രദ്ധ മൂലം ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിന് ഐപിസിയിലെയും റെയിൽവേ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം ഒഡിഷ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിതതിന് പിന്നാലെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. എന്നാൽ എഫ്ഐആറിൽ ആരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല. 

ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് റെയിൽവെ ബോർഡ് കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. അപകടത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ഇനിയും വ്യക്തത വരാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്.

നിലവിൽ അപകടവുമായി ബന്ധപ്പെട്ട് ലഭ്യമായ രേഖകളും മൊഴികളും ശേഖരിക്കുകയാണ് സിബിഐ. തീവണ്ടികളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ കൃത്രിമം നടത്തിയതും അട്ടിമറിയുമാണ് രണ്ട് പാസഞ്ചർ ട്രെയിനുകളും ഒരു ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ട അപകടത്തിന് കാരണം എന്ന് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തെ സൂചിപ്പിച്ചിരുന്നു. അപകടത്തിന്റെ പ്രധാനകാരണവും അതിന് പിന്നിൽ പ്രവര്‍ത്തിച്ചവരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കിയിരുന്നു.

പോയിന്റ് മെഷീനിലോ ഇലക്‌ട്രോണിക് ഇന്റർലോക്കിങ് സംവിധാനത്തിലോ ഏതെങ്കിലും വിധത്തിൽ ക്രിമിനൽ കൃത്രിമം നടന്നോ, പുനർക്രമീകരണമോ സിഗ്നലിങ് പിശകോ കാരണം ട്രെയിൻ പാളം മാറിയതാണോ എന്നിങ്ങനെ ഉയരുന്ന ചോദ്യങ്ങൾക്ക് സിബിഐ അന്വേഷണത്തിലൂടെ ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ എണ്ണം 275ൽ നിന്ന് 278 ആയി ഉയര്‍ന്നു.

ഷാലിമാർ- ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പൂര്‍- ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവയാണ് അപകടത്തിപ്പെട്ടത്. ഗ്രീൻ സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടെടുത്തതെന്ന് കോറമണ്ഡൽ എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു. പാതയിലൂടെ അനുവദനീയമായ വേഗത മണിക്കൂറിൽ 130 കി.മിയാണ്. കോറമണ്ഡൽ എക്സ്പ്രസ് 128 കി.മി വേഗതയിലും യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നത്.

കോറമണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപ്പെട്ടതെന്നാണ് റെയിൽവെ വിശദീകരിക്കുന്നത്. ചരക്കുതീവണ്ടി പാളം തെറ്റിയിട്ടില്ല. കോറമണ്ഡൽ എക്സ്പ്രസ് ചരക്കു തീവണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ചരക്കു തീവണ്ടിയിൽ ഇരുമ്പ് അടക്കമുള്ള വസ്തുക്കളായതിനാൽ അപകടത്തിന്റെ ആഴം കൂട്ടി.കോറമണ്ഡൽ എക്സ്പ്രസിന്റെ പാളം തെറ്റിയ ബോഗികൾ സമീപത്തെ ട്രാക്കിലൂടെ പോയ യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റിന്റെ അവസാന രണ്ട് ബോഗികളിൽ ഇടിച്ചു. ഇതാണ് അപകടത്തിന്റെ യഥാർഥ ചിത്രമെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്.

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരിൽ നൂറിലധികം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവരുടെ കുടുംബങ്ങൾ സമീപിക്കുന്നുണ്ടെങ്കിലും കൈകാലുകൾ നഷ്ടപ്പെട്ടതുൾപ്പടെ രൂപമാറ്റം വന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തത് പ്രതിസന്ധിയാണ്. ട്രെയിനിനുള്ളിലെ ഇലക്ട്രിക് വയറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ചില മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം

മുതലാളിത്തത്തിന്റെ പ്രതീകം: ചുവന്ന ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

'ഇടപെടാനില്ല, ലെഫ്. ഗവര്‍ണര്‍ക്ക്‌ നടപടിയെടുക്കാം'; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി

നാലാംഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, 24.87 ശതമാനം; മുന്നില്‍ ബംഗാള്‍, സംഘർഷം