INDIA

ഉപ്ഹാർ തീയേറ്റർ തീപിടിത്തം: കെട്ടിടം പൂട്ടി സീൽ ചെയ്തതുകൊണ്ട് എന്താണ് നേട്ടമെന്ന് കോടതി, തുറന്നുകൊടുക്കാൻ ഉത്തരവ്

വെബ് ഡെസ്ക്

59 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന് ശേഷം അടച്ചുപൂട്ടി സീൽ ചെയ്ത ഉപ്ഹാർ സിനിമ തീയേറ്റർ കെട്ടിടം തുറന്നുകൊടുക്കാൻ ഡൽഹി കോടതി ഉത്തരവ്. കെട്ടിടം പൂട്ടി സീൽ ചെയ്തതുകൊണ്ട് ഒരു നേട്ടവും ഉണ്ടാകാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. പട്യാല ഹൗസ് കോടതി ജഡ്ജി സഞ്ജയ് ഗാർഗിന്റേതാണ് ഉത്തരവ്.

1997 ജൂൺ 13-ന് ഉപ്ഹാർ തീയേറ്ററിൽ ബോർഡർ എന്ന ഹിന്ദി സിനിമ പ്രദർശനത്തിനിടെയാണ് തീപ്പിടിത്തമുണ്ടായത്. പ്രദർശനം നടന്നുകൊണ്ടിരിക്കെ കേടായ ട്രാൻസ്ഫോർമറിൽനിന്ന് തീ പടരുകയായിരുന്നു. അപകടത്തിന് ശേഷം 26 വർഷമായി തീയേറ്റർ സീല്‍ ചെയ്തിരിക്കുകയായിരുന്നു.

വിചാരണ അന്തിമഘട്ടത്തിലെത്തിയതിനാൽ, വസ്തുവകകൾ സീൽ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് തീയേറ്റ‍ർ ശരിയായ ഉടമയ്ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടത്. തീയേറ്റ‍ർ ഉടമകൾക്ക് തിരികെ നൽകുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ, ഡൽഹി പോലീസ്, ഉപ്ഹാർ ദുരന്തത്തിന്റെ ഇരകളുടെ അസോസിയേഷൻ (എവിയുടി) കൺവീനർ നീലം കൃഷ്ണമൂർത്തി എന്നിവർ സുപ്രീം കോടതിയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന കെട്ടിടം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഉടമകളായ ഉപ്ഹാർ സിനിമ, അൻസൽ തീയേറ്റേഴ്സ് ആൻഡ് ക്ലബ്ബോട്ടെല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ കീഴ്‌ക്കോടതിക്ക് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു.

1973-ൽ ഗ്രീൻ പാർക്ക് തീയേറ്റേഴ്സ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് തീയേറ്റർ പ്രവർത്തനമാരംഭിച്ചത്. 1996-ൽ ഗ്രീൻ പാർക്ക് തീയേറ്ററുകളെ അൻസാൽ തീയേറ്റേഴ്സ് ആൻഡ് ക്ലബ്ബോട്ടലുകൾ എന്ന് നാമകരണം ചെയ്തു. ബോർഡർ എന്ന ബോളിവുഡ് സിനിമയുടെ പ്രദർശനത്തിനിടെയാണ് സിനിമ ഹാളിൽ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് 59 പേർ ശ്വാസംമുട്ടി മരിച്ചു. കൂടാതെ തിക്കിലും തിരക്കിലും പെട്ട് നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീപിടിത്തത്തെ തുടർന്ന് ഹൗസ് ഖാസ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം പിന്നീട് സിബിഐക്ക് കൈമാറുകയും ചെയ്തു. വിചാരണ കഴിയുന്നത് വരെ തീയേറ്റർ സീൽ ചെയ്യണമെന്ന് 2004ലാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. നീണ്ടനാളത്തെ വിചാരണയ്ക്കൊടുവിൽ 2007-ൽ അൻസൽ സഹോദരന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇരുവർക്കും രണ്ടുവർഷത്തെ കഠിന തടവ് വിധിച്ചു.

എന്നാൽ അടുത്തവർഷം ഡൽഹി ഹൈക്കോടതി ശിക്ഷ ഒരുവർഷമായി കുറച്ചു. തുടർന്ന് ഇരുവർക്കും 2009 ജനുവരി 30-ന് സുപ്രീം കോടതി ജാമ്യമനുവദിച്ചു. പിന്നീട് സുപ്രീംകോടതി പ്രതികളുടെ ശിക്ഷ ശരിവച്ചു. വീണ്ടും, 2015ൽ ജസ്റ്റിസ് അനിൽ ആർ ദാവെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പ്രതികൾ ജയിൽശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന് വിധിച്ചു. കേസിലെ തെളിവുകള്‍ അട്ടിമറിച്ച കേസില്‍ 2021-ല്‍ ദില്ലി കോടതി അന്‍സല്‍ സഹോദരന്‍മാര്‍ക്ക് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചു. ഈ വർഷം ഫെബ്രുവരിയിൽ, ഏഴു വർഷത്തെ തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അവരുടെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ