INDIA

പരിഹരിക്കാനാകാത്ത ദാമ്പത്യപ്രശ്നത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാൻ അധികാരം സുപ്രീംകോടതിക്ക് മാത്രം: ഡല്‍ഹി ഹൈക്കോടതി

വെബ് ഡെസ്ക്

പരിഹരിക്കാനാകാത്ത ദാമ്പത്യ പ്രശ്നത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമെന്ന് ഡൽഹി ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ കുടുംബ കോടതികൾക്ക് വിവാഹമോചനം അനുവദിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം കഴിച്ചവരുടെ കേസ് പരിഗണിക്കുമ്പോള്‍, കുടുംബകോടതികൾ ഈ നിയമത്തിലെ വിവാഹമോചന വ്യവസ്ഥകൾക്ക് അനുസൃതമായി പ്രവർത്തിക്കണം. ഇത് പ്രകാരം, ദാമ്പത്യത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഉണ്ടാകുന്നത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് സച്ചിദേവ, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

11 വർഷമായി ഇരുവരും മാറിത്താമസിക്കുക ആണെന്ന കാര്യം മാത്രമാണ് കുടുംബ കോടതി പരിഗണിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി

"ഭരണഘടനയുടെ 142 -ാം അനുച്ഛേദം പ്രകാരം, ദാമ്പത്യത്തിൽ പരിഹരിക്കാനാകാത്ത പ്രശ്നത്തിന്റെ പേരിൽ വിവാഹമോചനം അനുവദിക്കാനുള്ള അധികാരം സുപ്രീംകോടതിക്ക് മാത്രമാണ്. ഇത് ഹൈക്കോടതിയുടെയോ കുംടുംബ കോടതികളുടെയോ അധികാരപരിധിയിലല്ല." കോടതി പറഞ്ഞു. 2018 ൽ വിവാഹമോചനത്തിന് അനുമതി നൽകിയ കുടുംബ കോടതിയുടെ തീരുമാനത്തിനെതിരെ യുവതി നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

2002 ൽ വിവാഹിതരായ ദമ്പതികൾക്ക് 2007 ൽ ഒരു മകൾ ജനിച്ചു. താമസിയാതെ അവർ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അവ്യക്തമാണെങ്കിലും, ദാമ്പത്യബന്ധം നിഷേധിച്ചതിന്റെ പേരിലാണ് കുടുംബ കോടതി വിവാഹമോചനം അനുവദിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ, കേസില്‍ പൂർണമായും ദാമ്പത്യബന്ധം നിഷേധിച്ചിട്ടില്ലെന്ന് ഭർത്താവ് സമ്മതിക്കുകയും ചെയ്തു. ഭർത്താവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് യുവതി പറഞ്ഞെങ്കിലും, ഭർത്താവ് ഇത് ആവർത്തിച്ച് വിസമ്മതിക്കുകയായിരുന്നു എന്നും ഹൈക്കോടതി നിരീക്ഷിച്ചു. പരാതിക്കാരിയ്ക്ക് മേൽ കുറ്റമില്ലെന്നും കോടതി പറഞ്ഞു.

11 വർഷമായി ഇരുവരും മാറിത്താമസിക്കുക ആണെന്ന കാര്യം മാത്രമാണ് കുടുംബ കോടതി പരിഗണിച്ചതെന്നും അതിന്റെ അടിസ്ഥാനത്തിൽ വിവാഹമോചനം അനുവദിക്കുകയായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള വിവേചനാധികാരങ്ങൾ പരിഗണിക്കുമ്പോൾ, സുപ്രീം കോടതി പോലും നിരവധി ഘടകങ്ങൾ കണക്കിലെടുക്കുന്നുവെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. എത്ര വർഷം വേർപിരിഞ്ഞ് താമസിച്ചുവെന്നത് ഇത്തരത്തിലൊരു ഘടകം മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം അനുവദിച്ചതിൽ കുടുംബ കോടതിക്ക് തെറ്റുപറ്റിയതായി കണ്ടെത്തിയ കോടതി, യുവതിയുടെ അപ്പീൽ അനുവദിക്കുകയും ചെയ്തു.

അഭിഭാഷകരായ ലോഹിത് ഗാംഗുലി, അജയ് കുമാർ, മോഹിത് ഖത്രി എന്നിവരാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരായത്. അഭിഭാഷകരായ ഡി കെ പാണ്ഡെ, വിക്രം പൻവാർ എന്നിവർ എതിർ കക്ഷിക്ക് വേണ്ടിയും ഹാജരായി.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?