INDIA

'ഇന്ത്യയിലെ ജനാധിപത്യം മോശാവസ്ഥയില്‍'; മോദി സർക്കാരിനെ വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

വെബ് ഡെസ്ക്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനം മോശം അവസ്ഥയിലെന്ന് വിമർശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്രസർക്കാർ പ്രതിപക്ഷ പാർട്ടികൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾ ആശങ്കാജനകമെന്ന് ബ്രിട്ടീഷ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസ് കുറിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ജനാധിപത്യത്തിലെ കറുത്ത പാടാണെന്ന് ദി ഇക്കണോമിസ്റ്റും ലേഖനമെഴുതി.

"ജനാധിപത്യത്തിൻ്റെ മാതാവ് മോശം സ്ഥിതിയിൽ," എന്ന തലക്കെട്ടിലാണ് ഫിനാൻഷ്യൽ ടൈംസ് എഡിറ്റോറിയൽ ബോർഡ് ലേഖനമെഴുതിയത്. ഇന്ത്യയിൽ ജനാധിപത്യ അനുകൂല വാചാടോപവും യാഥാർത്ഥ്യവും തമ്മിലുള്ള വിടവ് വർധിച്ചുവരികയാണെന്ന് ലേഖനം വിമർശിക്കുന്നു.

മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെയും കടന്നാക്രമിക്കുന്ന ലേഖനം, ഹിന്ദുത്വ ദേശീയത രാജ്യത്തെ മതേതര ജനാധിപത്യ സംഹിതയെ ഇല്ലാതാക്കുന്നുവെന്നും കുറ്റപ്പെടുത്തുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെയും പ്രതിപക്ഷത്തെയും ഞെരുക്കുകയെന്നത് മോദി സർക്കാരിന്റെ സവിശേഷതയാണ്. കേന്ദ്രസ്ഥാപനങ്ങളെ ഉപയോഗിച്ച് വിമതസ്വരങ്ങളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഫിനാൻഷ്യൽ ടൈംസ് കുറ്റപ്പെടുത്തുന്നു.

സമാനമാണ് ദി ഇക്കണോമിസ്റ്റിന്റെയും ലേഖനം. അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റും പ്രതിപക്ഷ കക്ഷികൾക്കുനേരെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ആക്രമണങ്ങളെയുമാണ് ദി ഇക്കണോമിസ്റ്റും എടുത്തുകാട്ടുന്നത്. മോദിയുടെ ജനാധിപത്യത്തെ പറ്റിയുള്ള പ്രസംഗങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് ദ ഫിനാൻഷ്യൽ ടൈംസ് കുറിച്ചു.

പൗരന്മാരുടെ സ്വാതന്ത്ര്യത്തെ മാത്രമല്ല നിക്ഷേപങ്ങളിലും ഭൗമരാഷ്ട്രീയത്തിലും ഇന്ത്യക്ക് ഇത് തിരിച്ചടിയാകും. ജനാധിപത്യത്തിൽനിന്ന് പിന്നോട്ട് പോകുമ്പോഴും ഇന്ത്യയെ വെറുപ്പിക്കാൻ സാധിക്കാത്തതിനാലാണ് പാശ്ചാത്യ രാജ്യങ്ങൾ മൗനം പാലിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയപ്രവർത്തനങ്ങൾക്കുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ വളർച്ചയ്ക്കും താത്പര്യങ്ങൾക്കും നല്ലതെന്ന് അഭിപ്രായപ്പെട്ട ലേഖനം, ആഗോള തലത്തിൽ ഇന്ത്യയ്ക്ക് പ്രാമുഖ്യം നേടികൊടുക്കണമെങ്കിൽ ജനാധിപത്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. മാർച്ച് 31-ന് ഡൽഹി രാംലീല മൈതാനിയിൽ നടന്ന 'ലോക്‌തന്ത്ര ബച്ചാവോ' മഹാറാലിയെയും ഫിനാൻഷ്യൽ ടൈംസ് പരാമർശിക്കുന്നു.

ഫിനാൻഷ്യൽ ടൈംസ് ലേഖനം

കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ ജർമനി, അമേരിക്ക പോലെയുള്ള രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. ആരോപണങ്ങൾ നേരിടുന്ന മറ്റേതൊരു ഇന്ത്യൻ പൗരനെയും പോലെ ആം ആദ്മി പാർട്ടി നേതാവിനും ന്യായവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അർഹതയുണ്ടെന്ന് ജർമനിയുടെ വിദേശകാര്യ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയും സമാനമായ നിലപാട് ആവർത്തിച്ചിരുന്നു. എന്നാൽ ഇതിനെ എതിർത്ത കേന്ദ്രസർക്കാർ ജർമനിയുടെയും അമേരിക്കയുടെയും പ്രതിനിധിമാരെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ