INDIA

അശാന്തിക്കിടയിലും ആത്മവിശ്വാസത്താല്‍ ഗോള്‍വല നിറയ്ക്കുന്ന മണിപ്പൂരി പെണ്‍കുട്ടികള്‍; അറിയാം എഎംഎംഎഎഫ്സിയെ

വെബ് ഡെസ്ക്

മണിപ്പൂരിൽ അശാന്തിയുടെ ദിനങ്ങൾ ഇനിയും ഒടുങ്ങിയിട്ടില്ല. അക്രമങ്ങളും സംഘർഷവും ദിനം പ്രതി മാറ്റമില്ലാതെ തുടരുകയാണ്. ശാന്തിയും സമാധാനവും ഇനിയെന്ന് കൈവരുമെന്ന് മണിപ്പൂർ ജനതക്ക് യാതൊരുറപ്പുമില്ല. എന്നാൽ ഈ അരക്ഷിതാവസ്ഥകൾക്കിടയിലും തങ്ങളുടെ ഇഷ്ട വിനോദത്തെ മുറുകെപ്പിടിച്ച് ആത്മവിശ്വാസം കണ്ടെത്തുന്ന ഒരു കൂട്ടം സ്ത്രീകളുണ്ട് മണിപ്പൂരില്‍. ഫുട്‌ബോള്‍ ജേഴ്‌സികളും ബൂട്ടുകളും അണിഞ്ഞ് പ്രതീക്ഷ കൈവിടാതെ നല്ല നാളേക്കായി കാത്തിരിക്കുകയാണ് അവര്‍.

ഇംഫാലില്‍ നിന്നും തെക്കുകിഴക്ക് 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആന്‍ഡ്രോ ഗ്രാമത്തിലാണ് ഫുട്‌ബോളിനെ കൂട്ടുപിടിച്ച് ഒരു കൂട്ടം സ്ത്രീകള്‍ സ്വപ്‌നം നെയ്യുന്നത്. ആന്‍ഡ്രോസ് ഗേള്‍സ് ഫുട്‌ബോള്‍ ക്ലബില്‍ (ആന്‍ഡ്രോ മഹിളാ മണ്ഡല്‍ അസോസിയേഷന്‍ - എഎംഎംഎ എഫ്‌സി) അഞ്ച് മുതല്‍ 18 വരെ വയസുള്ള 30ഓളം സ്ത്രീകള്‍ അണിനിരക്കുന്നു.

എഎംഎംഎഎഫ്‌സി

ആന്‍ഡ്രോ എന്ന ഗ്രാമത്തിലെ സാമ്പത്തിക വെല്ലുവിളികളോടും പുരുഷാധിപത്യ വ്യവസ്ഥിതിയോടും യാഥാസ്ഥിതികതയോടും പൊരുതുന്ന 65കാരിയായ ലൈബിയുടെയും അവരുടെ മൂന്ന് പെണ്‍കുട്ടികള്‍ മാത്രമടങ്ങുന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെയും കഥ ലോകത്തിന് മുന്നിലെത്തുന്നത് മീന ലോങ്ജാമ്സ് എന്ന സംവിധായികയിലൂടെയാണ്. നിലയ്ക്കാത്ത സംഘര്‍ഷങ്ങള്‍ക്കിടയിലും ഫുട്ബാളിനോടുള്ള അഭിനിവേശത്തോടെ 'എഎംഎംഎഎഫ്സി'ലേക്ക് ഫുട്‌ബോള്‍ പഠിക്കാനും പരിശീലിക്കാനും എത്തുന്ന ഓരോ പെണ്‍കുട്ടികളുടെയും കഥ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു 'ആന്‍ഡ്രോ ഡ്രീംസ്' എന്ന ഡോക്യൂമെന്ററി. ഐഎഫ്എഫ്‌കെ വേദിയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററിയായിരുന്നു ആന്‍ഡ്രോ ഡ്രീംസ്. മുംബൈ ജാഗരണ്‍ ചലച്ചിത്ര മേളയില്‍ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

കളിയിലൂടെ വലിയ ഭാവി സ്വപ്നം കാണുന്ന ഈ പെൺകുട്ടികളെയും അവരെ നയിക്കുന്ന സ്ത്രീകളെയും കുറിച്ചാണ് ഈ ഡോക്യൂമെന്ററി സംസാരിക്കുന്നത്. ക്ലബ്ബിൻ്റെ വളർച്ചയും വീഴ്ചയും, ബുദ്ധിമുട്ടുകൾക്കിടയിലും ലക്ഷ്യത്തിന് വേണ്ടി കുതിക്കുന്ന യുവ കളിക്കാരുടെ ധൈര്യവും നിശ്ചയദാർഢ്യവും, വിവാഹിതരാകാനും കുട്ടികൾ ഉണ്ടാകാനും ഈ പെൺകുട്ടികൾ സമൂഹത്തിൽ നിന്ന് നേരിടുന്ന സമ്മർദ്ദം, ഇന്ത്യയിലെ തിരക്കേറിയ നഗര പ്രകൃതിയിൽ നിന്ന് വളരെ അകലെ ജീവിക്കുമ്പോഴുള്ള അനുഭവങ്ങൾ എന്നിവയാണ് ഡോക്യൂമെന്ററിയിലെ പ്രധാന വിഷയങ്ങൾ.

ലൈബി

ലൈബി തന്നെയാണ് ഈ കഥയിലെ യഥാർത്ഥ നായിക. മെയ്‌തെയ് ശ്രേണിയുടെ താഴേത്തട്ടിലുള്ള ദളിത് സമുദായമായ ലോയിസ് അധിവസിക്കുന്ന ഒരു കാർഷിക ഗ്രാമമാണ് ആൻഡ്രോ. ആൻഡ്രോയിൽ നിന്നുള്ള പെൺകുട്ടികളെ മാത്രമാണ് എഎംഎംഎഎഫ്‌സി പരിശീലിപ്പിക്കുന്നത്. മത്സരങ്ങൾക്കായി തയ്യാറെടുക്കാത്ത സമയമാണെങ്കിൽ പോലും പരിശീലനം ദിവസവും നടക്കുന്നു. അതിരാവിലെയാണ് പരിശീലനം ആരംഭിക്കുക. ടീമിലെ നിരവധി പെൺകുട്ടികൾ ആൻഡ്രോയിലെ പ്രാദേശിക ടിഎഎം മിഷൻ ഹൈസ്‌കൂളിലും അടുത്തുള്ള യയ്‌റിപോക്കിലെ ആസാദ് ഹയർ സെക്കൻഡറി സ്‌കൂളിലും പഠിക്കുന്നു. പരമ്പരാഗതമായി മദ്യ നിർമാണമാണ് ഈ ഗ്രാമത്തിന്റെ ഉപജീവന മാർഗം. മദ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രാമത്തിന്റെ പ്രതിച്ഛായ മാറ്റണമെന്നാണ് ഈ പെൺകുട്ടികൾ തീരുമാനം എടുത്തിരിക്കുന്നത്.

പ്രതിഭകളുടെ നീണ്ട നിര തന്നെയാണ് എഎംഎംഎ എഫ്‌സിയില്‍ അണിനിരക്കുന്നത്. ചിങ്കാഖം, അഞ്ജലി ദേവി എന്നിവര്‍ ഇംഫാല്‍ അണ്ടര്‍ 17 ടീമില്‍ മാറ്റുരക്കുന്നു. നിലവിലെ അംഗങ്ങളും മുമ്പുള്ള അംഗങ്ങളും അടക്കം 12 പേര്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലും മാറ്റുരക്കുന്നുണ്ട്. ഡിസംബറിൽ, ഗോവയിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ ഗോൾകീപ്പർ ഷാരുബാം അനിക ദേവിക്ക് ക്ഷണം ലഭിച്ചിരുന്നു. ജനുവരിയിൽ, സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ അണ്ടർ 19 ചാമ്പ്യൻഷിപ്പിനായി ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഷാരുബാം അനികയും പങ്കെടുത്തിരുന്നു.

ജനുവരി അവസാനത്തിൽ, ചെന്നൈയിൽ നടന്ന 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മണിപ്പൂരിൻ്റെ അണ്ടർ 18 വനിതാ ഫുട്ബോൾ ടീമിനായി കളിച്ച് തിങ്ബൈബാം ഷഖേൻബി ദേവി വിജയം നേടി. ഈ മാസം, ക്ലബ്ബിലെ താരം ഫഞ്ചൗബം നിർമല ദേവി ഇന്ത്യൻ വനിതാ ലീഗിൽ തമിഴ്‌നാട് സേതു എഫ്‌സിയെ പ്രതിനിധീകരിക്കുന്നു. ഇങ്ങനെ നേട്ടങ്ങൾ ഒരുപാടാണ് ഈ പെൺകുട്ടികൾക്ക് പറയാനുള്ളത്.

മണിപ്പൂർ കത്തിയെരിയുമ്പോഴും പ്രതീക്ഷയുടെ നാളേയ്ക്കാണ് ഈ പെൺകുട്ടികൾ നോക്കുന്നത്. കാല്‍പ്പന്തുകളി ലോകം കീഴടക്കുന്ന ആ ഒരൊറ്റ ദിവസത്തേക്ക്...

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ