INDIA

'കാര്യക്ഷമമായ നിരീക്ഷണവും മെച്ചപ്പെട്ട പരിപാലനവും ചീറ്റകളുടെ മരണം ഒഴിവാക്കിയേനേ'; വീഴ്ച പറ്റിയെന്ന് വിദേശവിദഗ്ധർ

വെബ് ഡെസ്ക്

കുനോ ദേശീയോദ്യാനത്തില്‍ ചീറ്റകള്‍ ചത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതിക്ക് കത്തയച്ച് ദേശീയ ചീറ്റ പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍. ഇന്ത്യയിലെത്തിച്ച ചീറ്റകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ആശങ്കയുണ്ടെന്നും ചീറ്റകള്‍ ചാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിയാതെ ഞങ്ങള്‍ ഇരുട്ടിലാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍, നമീബിയന്‍ വിദഗ്ധര്‍ പറയുന്നു.

അതിനിടെ, നമീബിയിൽനിന്ന് കൊണ്ടുവന്ന ചീറ്റകളിൽ ഒന്നുകൂടി ചത്തു. ധാത്രി എന്ന പെൺ ചീറ്റയെയാണ് ഇന്ന് രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. മാർച്ചിനുശേഷം കുനോയിൽ ചാകുന്ന ഒൻപതാമത്തെ ചീറ്റയാണിത്.

ചില ചീറ്റകളെ നന്നായി പരിപാലിച്ചിരുന്നുവെങ്കില്‍ അവയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കത്തിൽ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാധാരണ രീതിയിലുള്ള പരിപാലനത്തിന് പകരം വിദഗ്ധരെ കൊണ്ടുവന്ന് ചികിത്സിച്ചിരുന്നുവെങ്കില്‍ അവ ആരോഗ്യം വീണ്ടെടുത്തേനെയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലെ മാനേജ്‌മെന്റിന് വിദഗ്ധ പരിശീലനം ലഭിച്ചിരുന്നില്ല. വിദേശ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവര്‍ അവഗണിച്ചുവെന്നും കത്തില്‍ പറയുന്നു.

ചീറ്റകള്‍ ചത്തൊടുങ്ങുന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതിയും രംഗത്ത് എത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാകുന്നത് ഗുരുതര വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രോജക്റ്റ് ചീറ്റ പദ്ധതി അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രോജക്റ്റ് ചീറ്റ പദ്ധതിയുടെ ഭാഗമായി ചീറ്റകളെ ഇന്ത്യയിലെത്തിച്ച്. നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുനോ ദേശീയോദ്യാനത്തില്‍ തുറന്നു വിട്ടത്. ഈ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടി എത്തിച്ചിരുന്നു. നാല് മാസത്തിനിടെയാണ് മൂന്ന് കുഞ്ഞുങ്ങളടക്കം ഒൻപത് ചീറ്റകൾ ദേശീയ ഉദ്യാനത്തിൽ ചത്തത്.

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

റോള്‍ റോയിസില്‍ ദുബൈയില്‍ കറങ്ങി രജിനിയും യൂസഫലിയും; പുതിയ ബിസിനസ് ആണോയെന്ന സംശയവുമായി പ്രേക്ഷകര്‍

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി