INDIA

എച്ച് 3 എൻ 2: മാർച്ച് അവസാനത്തോടെ കുറയും; സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

വെബ് ഡെസ്ക്

രാജ്യത്ത് ഇന്‍ഫ്‌ളുവന്‍സ വൈറസ് ഉപവിഭാഗമായ എച്ച്3 എൻ2 കേസുകള്‍ വർധിക്കുന്ന സാഹചര്യത്തില്‍ ഇൻഫ്ലുവൻസ രോഗബാധിതരുടെയും കടുത്ത ശ്വാസകോശ രോഗികളുടെയും അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എച്ച്3 എൻ2 ബാധിച്ച് രണ്ട് പേർ മരിച്ചതിന് പിന്നാലെയാണ് നീക്കം. രോഗികളുടെ എണ്ണം മാർച്ച് അവസാനം മുതൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐഡിഎസ്പി)ശൃംഖലയിലൂടെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ രോഗം വരാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മാത്രം ഇൻഫ്ലുവൻസ എച്ച്3 എൻ2 ഉൾപ്പെടെയുള്ള വകഭേദങ്ങൾ 3038 പേർക്ക് ബാധിച്ചതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരിയില്‍ 1,245 കേസുകളും ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ യഥാക്രമം 1,307ഉം, 486ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മാത്രം ഇൻഫ്ലുവൻസ എച്ച്3 എൻ2 ഉൾപ്പെടെയുള്ള വകഭേദങ്ങൾ 3038 പേർക്ക് ബാധിച്ചതായി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കോവിഡ് -19, ഇൻഫ്ലുവൻസ എന്നിവയ്ക്കെതിരായ വാക്സിനേഷൻ കവറേജ്, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ ഉൾപ്പെടെയുള്ള ആശുപത്രി സജ്ജീകരണങ്ങൾ തുടങ്ങിയവ വിലയിരുത്താൻ ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ കോവിഡ് എണ്ണത്തിലും വർധന കാണുന്നതായി മന്ത്രാലയം വ്യക്തമാക്കി.

നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും സംഘടനകളും നീതി ആയോഗും ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേർന്നിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുന്ന ഒരു തരം വൈറസാണ് ഇന്‍ഫ്‌ളുവന്‍സ. ഹോങ്കോങ് ഫ്‌ളു എന്നും ഈ രോഗം അറിയപ്പെടുന്നു. ഇന്‍ഫ്‌ളുവന്‍സ എയുടെ ഉപവിഭാഗമാണ് എച്ച്3 എന്‍2 .ചുമ, പനി, മൂക്കടപ്പ് , തലവേദന, ശരീര വേദന, ക്ഷീണം, തൊണ്ട വരളുക എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങള്‍. ചിലര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകും. ചിലരില്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണാറുണ്ടെന്നും വിദഗ്ധർ പറയുന്നു.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ