INDIA

രാമനവമി സംഘര്‍ഷം; ബംഗാളിനോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം; കലാപകാരികളെ വെറുതെ വിടില്ലെന്ന് മമത

വെബ് ഡെസ്ക്

രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാമനവമി ഘോഷയാത്രയ്ക്കിടെ ഭക്തര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമമുണ്ടായെന്ന് ബിജെപിയുടെ ബംഗാള്‍ അധ്യക്ഷൻ സുകാന്ത മജുന്ദര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. കലാപകാരികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.

''ഇന്നലെ വൈകുന്നേരം ഹൂഗ്ലി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ വ്യാപകമായി കല്ലേറുണ്ടായി. ട്രെയിൻ ഗതാഗതം നിർത്തിവച്ചു. പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ ടിഎംസിയുടെയും അതിന്റെ ഉന്നത നേതൃത്വത്തിന്റെയും പിന്തുണയില്ലാതെ ഇത് നടക്കില്ല''- ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിൽ സുകാന്ത മജുന്ദര്‍ പറയുന്നു. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പകരം, യഥാര്‍ഥ കുറ്റവാളികള്‍ക്കും ക്രിമിനലുകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന നടപടിയാണ് പോലീസ് ചെയ്യുന്നത്. ന്യൂനപക്ഷ വോട്ട് ബാങ്കിനായി കുറ്റവാളികളെയും ദേശവിരുദ്ധ ശക്തികളെയും പ്രീതിപ്പെടുത്തുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തുളളതെന്നും മജുന്ദര്‍ കത്തില്‍ കുറിച്ചു. 

കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിൽ നിന്ന് പാർട്ടി നേതാക്കളെയും എംപിമാരെയും സംസ്ഥാന ഭരണകൂടം തടഞ്ഞുവെന്നും ബിജെപി ആരോപിച്ചു. അതേസമയം, ബംഗാളിൽ അക്രമം അഴിച്ചുവിടാൻ ബിജെപി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാടക ഗുണ്ടകളെ കൊണ്ടുവന്ന് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് മമത ബാനർജി ആരോപിച്ചു. ''അവർ ബീഹാറിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവരുന്നു. ബുൾഡോസറുകളും ട്രാക്ടറുകളും തോക്കുകളുമായി ഹൗറയിൽ പ്രവേശിച്ച അവർ നിരവധി വീടുകൾ കത്തിച്ചു. ഘോഷയാത്രയ്ക്ക് പോലീസ് അനുമതി ഉണ്ടായിരുന്നില്ല. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ നിർത്തി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്''- മമത പറഞ്ഞു.

ഹൂഗ്ലിയിലേയും ഹൗറയിലേയും അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും മമത ബാനര്‍ജി ആരോപിച്ചു. ബിഹാറിൽ അധികാരത്തിലെത്തിയാൽ കലാപകാരികളെ തലകീഴായി തൂക്കിലേറ്റുമെന്ന് ബിജെപി പറഞ്ഞു. എന്തുകൊണ്ടാണ് അവർ തങ്ങളുടെ ഗുണ്ടകളോട് അത് ചെയ്യാത്തതെന്നും മമത ചോദിച്ചു.

ഇടതുപക്ഷവുമായി ചേര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമം. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും മമത വ്യക്തമാക്കി. ബിജെപിക്കൊരിക്കലും ബംഗാളിന്റെ അധികാരം പിടിച്ചെടുക്കാനാവില്ലെന്നും മമത കൂട്ടിച്ചേർത്തു.

അതേസമയം, രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ 50 ലേറെ പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍