INDIA

തന്ത്രങ്ങളൊരുക്കാൻ 'ഇന്ത്യ'; മൂന്നാമത് വിശാല പ്രതിപക്ഷ യോഗത്തിന് തീയതിയായി

വെബ് ഡെസ്ക്

മൂന്നാമത് വിശാല പ്രതിപക്ഷ യോഗത്തിന്റെ തീയതിയായി. മുംബൈയിൽ ഓഗസ്റ്റ് 25, 26 തീയതികളിലാകും യോഗം ചേരുക. പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് നൽകിയതിന് ശേഷം ചേരുന്ന ആദ്യ യോഗം കൂടിയാണിത്. ബെംഗളൂരു യോഗത്തിന് ശേഷം അടുത്ത യോഗം മുംബൈയിലായിരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു. എന്നാൽ തീയതി ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്.

ഈമാസം 17,18 തീയതികളിൽ ബെംഗളൂരുവിൽ ചേർന്ന വിശാല പ്രതിപക്ഷയോഗം 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ നീക്കങ്ങളിൽ വലിയ തന്ത്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ തുടർചർച്ചകളും പുതിയ നീക്കങ്ങളുമാകും മുംബൈ യോഗത്തിൽ ചർച്ചയാകുക. ബെംഗളൂരു യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ ഐക്യത്തിന് 'ഇന്ത്യ' (I-N-D-I-A) എന്ന പേര് നിർദേശിച്ചത്. ഇന്ത്യയും മോദിയും തമ്മിലായിരിക്കും ഇനി ഏറ്റുമുട്ടലെന്നായിരുന്നു സഖ്യത്തിന് പേര് നൽകിയ ശേഷം രാഹുൽ ഗാന്ധിയുടെ പ്രസ്താവന.

പ്രധാനമന്ത്രി പദത്തിൽ ലക്ഷ്യം വയ്ക്കില്ലെന്ന് സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചതായിരുന്നു ബെംഗളൂരു വിശാല പ്രതിപക്ഷ യോഗത്തിന്റെ ഏറ്റവും നിർണായകമായ പ്രഖ്യാപനം. ''കോണ്‍ഗ്രസിന് അധികാരത്തിലോ പ്രധാനമന്ത്രി പദത്തിലോ താല്‍പ്പര്യമില്ല. കോണ്‍ഗ്രസ് ഒരിക്കലും പ്രധാനമന്ത്രി പദത്തിനായി ആഗ്രഹിക്കുന്നില്ല. ഈ യോഗത്തിലെ ഞങ്ങളുടെ ഉദ്ദേശം കോണ്‍ഗ്രസിന് അധികാരം നേടുകയെന്നതല്ല. നമ്മുടെ ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുക എന്നതാണ്,'' ഖാര്‍ഗെ വ്യക്തമാക്കി.

ബെംഗളൂരു യോഗം എൻഡിഎ കക്ഷികൾക്കിടയിലും വലിയ ചർച്ചയായി. ബെംഗളൂരുവിൽ വിശാല പ്രതിപക്ഷ യോഗം ചേരുമ്പോൾ തന്നെ ബിജെപി എന്‍ഡിഎ കക്ഷികളുടേയും പിന്തുണയ്ക്കുന്ന പാർട്ടികളുടേയും യോഗം ഡൽഹിയിൽ വിളിച്ചുചേർത്തിരുന്നു.

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്തെന്ന പരാതി; കെജ്‌രിവാളിന്റെ മുന്‍ പിഎ പോലീസ് കസ്റ്റഡിയില്‍, അറസ്റ്റുണ്ടായേക്കും

സ്വാതി മലിവാളിനെ പുറത്തേക്കു കൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരായ പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി