2023 ഡിസംബറില്‍ ദുബായില്‍ വെച്ച് നടന്ന കോപ് 28 ഉച്ചക്കോടിയില്‍ നിന്നുമുള്ള ചിത്രം
2023 ഡിസംബറില്‍ ദുബായില്‍ വെച്ച് നടന്ന കോപ് 28 ഉച്ചക്കോടിയില്‍ നിന്നുമുള്ള ചിത്രം  
INDIA

ഉഭയകക്ഷി സഹകരണത്തിനുള്ള നടപടികള്‍ തുടരും; മാലദ്വീപ് വിഷയത്തില്‍ കരുതലോടെ ഇന്ത്യ

വെബ് ഡെസ്ക്

നയതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയില്‍ മാലദ്വീപ് ഇന്ത്യയോടുള്ള സ്വരം കടുപ്പിക്കുമ്പോള്‍ നയപരമായ ഇടപെടലുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. അത്യന്തം പ്രകോപനമായ നിലപാടുകള്‍ മാലദ്വീപ് ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുമ്പോഴും സംയമനത്തിന്റെ ഭാഷയിലാണ് ഇന്ത്യയുടെ പ്രതികരണങ്ങള്‍. രാജ്യത്തുനിന്നും ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ മാലദ്വീപ് അന്ത്യശാസനം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും പരസ്പര സഹകരണത്തിനുള്ള നടപടികള്‍ തുടരുന്നു എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

ഇന്ത്യ-മാലദ്വീപ് ഉന്നത തല കോര്‍ ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണ് ചര്‍ച്ചകളിലാണ് സൈന്യത്തെ തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് മാലദ്വീപ് അധികൃതര്‍ നിലപാട് എടുത്തത്. എന്നാല്‍ ഇരു രാജ്യങ്ങളും പരസ്പരം പ്രവര്‍ത്തിക്കുന്നതിനുള്ള പരിഹാരങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നു എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന പ്രതികരണം.

പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാലദ്വീപും ഇന്ത്യയും ചര്‍ച്ച നടത്തി. മാലദ്വീപിലുള്ളവര്‍ക്ക് മാനുഷികവും വൈദ്യസഹായവും നല്‍കുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനം തുടരുന്നതും ചര്‍ച്ചയില്‍ ഉയര്‍ന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയും മാലദ്വീപും ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും നിലവിലുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിയതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഉന്നത തല കോര്‍ ഗ്രൂപ്പിന്റെ അടുത്ത യോഗം പരസ്പരം അനുയോജ്യമായ തീയ്യതിയില്‍ ഇന്ത്യയില്‍ വെച്ച് നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

അതേസമയം മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മുയ്‌സുവിന്റെ പ്രതികരണം വന്നിരിക്കുന്നത്. മാലദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കാന്‍ മുയ്‌സു നിര്‍ദേശിച്ചതായി മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസിലെ നയതന്ത്ര ഡയറക്ടര്‍ അബ്ദുള്ള നാസിം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്ക് മാലദ്വീപില്‍ തുടരാന്‍ സാധിക്കില്ലെന്നും അതാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാലദ്വീപ് വിദേശകാര്യ ഉദ്യോഗസ്ഥരും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരും നടത്തിയ ചര്‍ച്ചയിലാണ് മാര്‍ച്ച് 15ന് മുമ്പായി സൈനികരെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം മാലദ്വീപില്‍ ഇന്ത്യന്‍ സൈനികരെ നീക്കം ചെയ്യുക എന്നതായിരുന്നു മുയ്‌സുവിന്റെ പാര്‍ട്ടിയുടെ പ്രധാന പ്രചരണം. നിലവില്‍ ഡോര്‍ണിയര്‍ 228 മാരിടൈം പട്രോള്‍ വിമാനങ്ങളും രണ്ട് എച്ച്എഎല്‍ ധ്രുവ് ഹെലികോപ്റ്ററുകളും ഉള്‍പ്പെടെ 70 ഓളം ഇന്ത്യന്‍ സൈനികരാണ് ദ്വീപിലുള്ളത്.

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു

'രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി'; പ്രസിഡന്റ് റെയ്സിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; തെക്കന്‍-മധ്യ ജില്ലകളിൽ അതിതീവ്രമഴ, നാല് ജില്ലകളില്‍ റെഡ് അലർട്ട്, മൂന്നിടത്ത് ഓറഞ്ച്