ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍

ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍

തീവ്രനിലപാടുകളുള്ള മതനേതാവില്‍നിന്ന് ഘട്ടംഘട്ടമായി രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വളര്‍ച്ച. അതാണ് ഇറാനിലെ റെ‌യ്‌സി യുഗം

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഏറ്റവും അടുത്ത സഹചാരികളിൽ ഒരാളായിരുന്നു കഴിഞ്ഞ ദിവസം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ഇറാൻ കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലത്താണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ റെയ്‌സി അധികാരമേൽക്കുന്നത്. 2022ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ക്രൂരമായി അടിച്ചമർത്തിയതിനുപിന്നിലും റെയ്‌സിയുടെ കൈകളുണ്ടായിരുന്നു. ഇക്കാലത്ത് ഇറാൻ ഭരണകൂടം നടത്തിയ ഭീകരതയുടെ വിവരങ്ങൾ ആഗോളതലത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.

മതപണ്ഡിതനിൽ നിന്നാണ് ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇബ്രാഹിം റെയ്‌സി എത്തുന്നത്. ഇറാനിലെ പ്രബല മുസ്ലിം വിഭാഗമായ ഷിയ പാരമ്പര്യത്തിൽനിന്നുള്ള ആളാണ് റെയ്‌സി. ഇറാനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും രാജ്യത്തെ ഏറ്റവും വിശുദ്ധമായ ഷിയാ മുസ്ലിം ആരാധനാലയം സ്ഥിതി ചെയ്യുന്നതുമാൈയി മഷാദിലാണ് 1960-ൽ ഇബ്രാഹിം റെയ്‌സി ജനിച്ചത്. പിതാവിൻ്റെ പാത പിന്തുടർന്ന് 15-ാം വയസില്‍ വിശുദ്ധ നഗരമായ കോമിൽ മതപഠനമാരംഭിച്ചു.

പാശ്ചാത്യ പിന്തുണയുള്ള ഇറാൻ രാജാവിനെതിരെ നടന്ന പ്രതിഷേധത്തിൽ വിദ്യാർഥിയായിരിക്കെ റെയ്‌സി പങ്കെടുത്തു. ഒടുവിൽ 1979 ൽ ആയത്തുള്ള റുഹൊല്ല ഖൊമേനിയുടെ നേതൃത്വത്തിൽ നടന്ന ഇസ്ലാമിക വിപ്ലവത്തിൽ രാജാവ് അട്ടിമറിക്കപ്പെട്ടു. വിപ്ലവത്തിനുശേഷം റെയ്‌സി ജുഡീഷ്യറിയിൽ ചേരുകയും നിരവധി നഗരങ്ങളിൽ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1981ൽ ഇറാൻ പ്രസിഡന്റായ ആയത്തൊള്ള ഖമേനിയുടെ പരിശീലനം നേടി.

ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു; കോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി

25-ാം റെയ്‌സി ടെഹ്‌റാനിൽ ഡെപ്യൂട്ടി പ്രോസിക്യൂട്ടറായി. അക്കാലയളവിൽ, 1988-ൽ സ്ഥാപിതമായ രഹസ്യ ട്രിബ്യൂണലുകളിലെ നാല് ജഡ്ജിമാരിൽ ഒരാളായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 'മരണ കമ്മിറ്റി' എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയപ്രവർത്തനങ്ങളുടെ പേരിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിന് തടവുകാരെ ട്രിബ്യൂണലുകൾ വീണ്ടും വിചാരണ ചെയ്തു. പീപ്പിൾസ് മുജാഹിദിൻ ഓർഗനൈസേഷൻ ഓഫ് ഇറാൻ (പിഎംഒഐ) എന്നും അറിയപ്പെടുന്ന ഇടതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പായ മുജാഹിദീൻ-ഇ ഖൽഖിൻ്റെ (എംഇകെ) അംഗങ്ങളായിരുന്നു ഭൂരിഭാഗവും. 1980കളിൽ ഈ രാഷ്ട്രീയത്തടവുകാരെ കൂട്ടക്കൊല ചെയ്തു.

ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍
പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ട്രിബ്യൂണലുകൾ വധശിക്ഷയ്ക്കു വിധിച്ചവരുടെ എണ്ണം ഇന്നും കൃത്യമായി അറിയില്ല. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 5,000 പുരുഷന്മാരെയും സ്ത്രീകളെയും വധിക്കുകയും തെളിവുപോലുമില്ലാ്ത കൂട്ടക്കുഴിമാടങ്ങളിൽ അടക്കുകയും ചെയ്തു. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി ആഗോള തലത്തിൽ കണക്കാക്കപ്പെട്ടു. വധശിക്ഷകൾ നടന്നുവെന്ന കാര്യം ഒരിക്കലും ഇറാൻ നിഷേധിച്ചിരുന്നില്ല. എന്നാൽ വധശിക്ഷയിൽ തനിക്കുള്ള പങ്ക് റെയ്‌സി ആവർത്തിച്ച് നിഷേധിച്ചു. എന്നാൽ ആയത്തുള്ള ഖൊമേനിയുടെ ഫത്‌വ അല്ലെങ്കിൽ മതപരമായ വിധി കാരണമാണ് അവ നടന്നതെന്ന് അദ്ദേഹം ന്യായീകരിച്ചു.

2021-ൽ ആൾക്കൂട്ട വധശിക്ഷകളിൽ അദ്ദേഹത്തിൻ്റെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ, "ഒരു ജഡ്ജി, ഒരു പ്രോസിക്യൂട്ടർ, ജനങ്ങളുടെ സുരക്ഷയെ സംരക്ഷിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തെ പ്രശംസിക്കണം. ഞാൻ ഇതുവരെ വഹിച്ച സ്ഥാനങ്ങളിലും മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചതിൽ ഞാൻ അഭിമാനിക്കുന്നു," എന്നാണ് റെയ്‌സി മാധ്യമപ്രവർത്തകരോട് മറുപടി പറഞ്ഞത്.

2017-ൽ, പ്രസിഡൻ്റ് സ്ഥാനത്തേക്കു മത്സരിച്ച് റെയ്‌സി എല്ലാവരെയും അമ്പരപ്പിച്ചു. അഴിമതിവിരുദ്ധ പോരാളിയായി സ്വയം അവതരിപ്പിച്ച റെയ്‌സി പക്ഷെ തിരഞ്ഞെടുപ്പിൽ 38 ശതമാനം വോട്ട് മാത്രം നേടി പരാജയപ്പെട്ടു. ഡെപ്യൂട്ടി ജുഡീഷ്യറി ചീഫ് എന്ന നിലയിൽ അഴിമതിയെ നേരിടാൻ കാര്യമായൊന്നും ചെയ്തിരുന്നില്ലെന്ന് പ്രസിഡന്റ് റെയ്‌സിയെ കുറ്റപ്പെടുത്തിയിരുന്നു. എങ്കിലും ഈ നഷ്ടം റെയ്‌സിയുടെ പ്രതിച്ഛായയ്ക്കു കാര്യമായ മങ്ങലേൽപ്പിച്ചില്ല.

2019-ൽ ആയത്തുള്ള ഖമേനി അദ്ദേഹത്തെ ജുഡീഷ്യറി തലവൻ എന്ന ഉയർന്ന സ്ഥാനത്തേക്കു നാമകരണം ചെയ്തു. അടുത്ത ആഴ്ച, അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിന് ഉത്തരവാദിത്തമുള്ള 88 അംഗ പുരോഹിതസമിതിയുടെ ഡെപ്യൂട്ടി ചെയർമാനായി റെയ്‌സി തിരഞ്ഞെടുക്കപ്പെട്ടു.

ജുഡീഷ്യറി മേധാവിയെന്ന നിലയിൽ, രാജ്യത്ത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കു വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെയും വധിക്കപ്പെട്ടവരുടെയും എണ്ണം കുറയ്ക്കുന്നതിന് കാരണമായ പരിഷ്കാരങ്ങൾ റെയ്സി നടപ്പാക്കി. എന്നിരുന്നാലും, ഇറാന്റെ വധശിക്ഷ നിരക്ക് ഉയർന്നനിലയിൽ തുടർന്നു.

ഇബ്രാഹിം റെ‌യ്‌സി: മതപണ്ഡിതനില്‍നിന്ന് പ്രസിഡന്റ് സ്ഥാനത്ത്; പ്രതിഷേധങ്ങള്‍ അടിച്ചമ‍‍ര്‍ത്തിയ യാഥാസ്ഥിതികന്‍
മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രയേൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

2019-ൽ റെയ്‌സിയുടെ പേരിലുള്ള മനുഷ്യാവകാശ രേഖകളുടെ പേരിൽ അന്നത്തെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉപരോധം ഏർപ്പെടുത്തി. പ്രായപൂർത്തിയാകാത്ത വ്യക്തികളുടെ വധശിക്ഷയ്ക്കു ഭരണപരമായ മേൽനോട്ടം വഹിച്ചതായും അക്രമാസക്തമായ അടിച്ചമർത്തലിൽ ഏർപ്പെട്ടതായും റെയ്സിക്കെതിരെ ആരോപണമുയർന്നു. 2009ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷമായ ഗ്രീൻ മൂവ്മന്റ് നടത്തിയ പ്രതിഷേധത്തിലാണ് ഈ ആരോപണങ്ങൾ ഉണ്ടായത്.

2021-ൽ പ്രസിഡന്റ് സ്ഥാനത്തേക്കു റെയ്‌സി വീണ്ടും മത്സരിച്ചു. ആദ്യ റൗണ്ടിൽ 62 ശതമാനം വോട്ട് നേടി റെയ്‌സി വിജയിച്ചു. ആരോപണങ്ങളും പ്രതിഷേധങ്ങളും കൊണ്ട് കലുഷിതമായിരുന്നു ഈ തിരഞ്ഞെടുപ്പ്. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു അത്. 2.89 കോടി പേർ മാത്രമായിരുന്നു അന്ന് വോട്ട് ചെയ്തത്.

മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ കീഴില്‍ ഇറാന്‍ അനുഭവിച്ച സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അഴിമതിക്കെതിരെ പോരാട്ടവും സ്വയം ഏറ്റെടുത്തായിരുന്നു റെ‌യ്‌സി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ഇറാൻ്റെ പരമോന്നത നേതാവിൻ്റെ സംരക്ഷനായിരുന്നു അദ്ദേഹം. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങൾ, വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾ, ലോകശക്തികളുമായുള്ള ആണവ കരാറിൻ്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള ചർച്ചകൾ സ്തംഭിച്ചത് എന്നിവ ഉൾപ്പടെ ഇറാൻ വലിയ വെല്ലുവിളികൾ നേരിടുന്ന സമയത്ത് കൂടിയാണിത്. തന്റെ അറുപതാം വയസിലാണ് റെയ്‌സി ഇറാന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്.

2018-ല്‍ അമേരിക്ക ഷിപ്പിങ്ങിലും എണ്ണയിലും ഏർപ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കി തൊഴിലില്ലായ്മ ലഘൂകരിക്കുമെന്ന് റെ‌യ്‌സി ഉറപ്പുനല്‍കിയിരുന്നു. ഈ ഉപരോധങ്ങളായിരുന്നു ഇറാനെ സാമ്പത്തികമായി ഞെരുക്കിയിരുന്നത്. 2015-ലെ ആണവ കരാർ (ആണവ പ്രവർത്തനങ്ങള്‍ പരിമിതപ്പെടുത്തുന്നതിനായുള്ള കരാർ) ഉപരോധങ്ങളില്‍ നിന്ന് ഇറാന് അല്‍പ്പം ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ 2018-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്മാറിയതോടെ വീണ്ടും ഇറാന്റെ വ്യാപാര വ്യവസായങ്ങളില്‍ ഉപരോധം നിലവില്‍ വന്നു.

പിന്നാലെ ഇറാന്റെ സുപ്രധാനമായ നീക്കങ്ങളുടെയെല്ലാം പിന്നിലെ ഭാഗമായിരുന്നു ഇബ്രാഹിം റെയ്‌സി. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ഉൾപ്പടെ നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അതിക്രൂരമായി അടിച്ചമർത്തി. പലസ്തീൻ- ഇസ്രയേൽ സംഘർഷങ്ങളിൽ പശ്ചിമേഷ്യയിൽ നിന്നുയർന്ന ചുരുക്കം ചില ശബ്ദങ്ങളിൽ ഒന്നായി. ഏറ്റവും ഒടുവിലായി ഇസ്രയേലുമായി ഇറാൻ നിഴൽ യുദ്ധം നടത്തുമ്പോഴും ഇബ്രാഹിം റെയ്‌സിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു.

2022-ലാണ് വൻ തോതിലുള്ള ലോക ശ്രദ്ധ ഇറാനിൽ എത്തുന്നത്. രാജ്യത്തുടനീളം സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ഒരു തീഗോളമായി കത്തിജ്വലിക്കുന്ന കാലം. സർക്കാരിന്റെ യാഥാസ്ഥിതിക നയങ്ങൾക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരിൽ മഹ്‌സ അമിനി എന്ന ഇരുപത്തി രണ്ടുകാരിയെ ഇറാനിലെ മത പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം. മഹ്‌സ ക്രൂരമായി ആക്രമിക്കപ്പെടുകയും മരിക്കുകയും ചെയ്തു.

മഹ്‌സ ശാരീരിക പീഡനത്തിന് വിധേയയായെന്ന് യുഎൻ വസ്തുതാന്വേഷണ മിഷൻ കണ്ടെത്തിയിരുന്നു. പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തുനിന്നു പ്രതിഷേധങ്ങൾ ഉയർന്നു. "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം" എന്ന മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സ്ത്രീകളും ചെറുപ്പക്കാരും ശക്തമായ പ്രതിഷേധങ്ങൾ അഴിച്ചുവിടുന്നത്.

അശാന്തിയെ നയപരമായി നേരിടുമെന്നാണ് റെയ്‌സി അന്ന് പ്രതിജ്ഞയെടുത്തത്. എന്നാൽ ബലപ്രയോഗത്തിലൂടെയാണ് അധികാരികൾ പ്രതിഷേധങ്ങളെ അടിച്ചമർത്തിയത്. നിരവധി പേർ പിന്നാലെയുള്ള പോലീസ് നടപടികളിൽ നിരവധി കൊല്ലപ്പെട്ടു. നിക ഷികാരിയാ അടക്കമുള്ള പ്രക്ഷോഭകാരികളെ കൊലപ്പെടുത്തിയത് ഇറാൻ ഭരണകൂടമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു. അക്കാര്യം ഇറാൻ നിഷേധിച്ചെങ്കിലും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പിന്നീട് പുറത്തുവന്നു. ഈ പ്രക്ഷോഭത്തിലെ ഔദ്യോഗിക മരണസംഖ്യ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. 500 പേർ കൊല്ലപ്പെടുകയും 22,000 പേർ തടവിലാകുകയും ചെയ്തുവെന്നാണ് അനൌദ്യോഗിക കണക്കുകൾ.

logo
The Fourth
www.thefourthnews.in