INDIA

ജവഹര്‍ പോയിന്റ് മുതല്‍ ശിവശക്തി വരെ; ചന്ദ്രയാന്‍ ദൗത്യത്തിലെ ദേശീയതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പോര്

വെബ് ഡെസ്ക്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളുടെ ഭാഗമായ ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി എന്ന് പേര് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചര്‍ച്ചകള്‍. മുന്‍കാലങ്ങളില്‍ ശാസ്ത്ര ദൗത്യങ്ങള്‍ക്കും വിജയങ്ങള്‍ക്കും നല്‍കിയിട്ടുള്ള പേരുകള്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചാണ് ശിവശക്തിയെ പുകഴ്ത്തിയും, വിമര്‍ശിച്ചും പോസ്റ്റുകളും പ്രതികരണങ്ങളും നിറയുന്നത്. ഒന്നാം ചന്ദ്രയാന്‍ ദൗത്യത്തില്‍ ലാന്റര്‍ ഇടിച്ചിറക്കിയ പ്രദേശത്തിന് ജവഹര്‍ പോയിന്റ് എന്ന പേര് നല്‍കിയതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയിലെ കളിയാക്കലുകളും അവകാശവാദങ്ങളും.

ശിവശക്തി, ജവഹര്‍ പോയിന്റ് എന്നീ ഹാഷ്ടാഗുകളും ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു

ബിജെപി, സംഘവരിവാര്‍ അനുകൂല ഹാന്‍ഡിലുകള്‍ 'ദേശീയതയുടെ അടയാളപ്പെടുത്തലായി' വാഴ്ത്താന്‍ പ്രഖ്യാപനം ഉപയോഗിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ഇത്തരം പോസ്റ്റുകള്‍ എക്‌സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ് ഫോമുകളില്‍ സജീവമായിക്കഴിഞ്ഞു. സുപ്രധാനമായ ഒരു ദൗത്യത്തിന് ഇന്ത്യയുടെ ശാസ്ത്രപുരോഗതിയെ ദീര്‍ഘവീക്ഷണത്തോടെ കണ്ട പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പേരിനോളം മറ്റൊരു ആദരവില്ലെന്ന് ഒരു പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കുടുംബ വാഴ്ചയുടെ ഭാഗമാണ് ഈ പേരെന്നാണ് മറുവിഭാഗത്തിന്റെ വാദം.

രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രദേശത്തിന് തിരംഗ എന്ന് പേര് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തിപ്പിടിച്ചത് ഇന്ത്യന്‍ ദേശീയതയാണ് എന്നും ബിജെപി അനുകൂല ഹാന്‍ഡിലുകള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ 'ചൊരുക്കാണ് ' രാജ്യത്തെ ലിബറലുകള്‍ക്ക് എന്നും ഈ വിഭാഗം പരിഹസിക്കുന്നു.

തിരഞ്ഞെടുപ്പ് കാലത്ത് ഉള്‍പ്പെടെ മോദി നടത്തിയ പ്രസംഗങ്ങളുടെ ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ടാണ് പല കുറിപ്പുകളും പ്രചരിക്കുന്നത്. 'ആരുടെ കയ്യിലാണ് ഡമരു ഉള്ളത്, അദ്ദേഹത്തിന്റെ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്'- എന്നുള്ള മോദിയുടെ പരാമര്‍ശത്തിന്റെ വീഡിയോ ക്ലിപ്പുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ശിവശക്തി, ജവഹര്‍ പോയിന്റ് എന്നീ ഹാഷ്ടാഗുകളും ഇതിനോടകം ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു.

ബെംഗളൂരുവിലെ ഇസ്ട്രാക്കില്‍ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തിയത്. ചന്ദ്രയാന് മൂന്ന് ലാന്‍ഡ് ചെയ്ത ഓഗസ്റ്റ് 23 ഇനിമുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിനൊപ്പമാണ് ചന്ദ്രോപരിതലത്തിന്റെ ദക്ഷിണ ധ്രുവത്തിനെ ചന്ദ്രയാന്‍ 3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്നും ചന്ദ്രയാന്‍ രണ്ട് ഇടിച്ചിറങ്ങിയ പ്രദേശം തിരംഗ പോയിന്റായും അറിയപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ