INDIA

സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മധ്യപ്രദേശ് സർക്കാർ; വിമർശനവുമായി കോൺഗ്രസ്

വെബ് ഡെസ്ക്

സ്‌കൂൾ പാഠ്യപദ്ധതിയിൽ വി ഡി സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്താൻ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. സവര്‍ക്കറുടെ ജീവിതം വിദ്യാർഥികള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമർ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

''രാജ്യത്തെ മഹാനായ വിപ്ലവകാരികളില്‍ ഒരാളാണ് സവര്‍ക്കര്‍. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന് വലിയ സംഭാവനകള്‍ നല്‍കി. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കിയില്ല. സവര്‍ക്കറെ കുറിച്ച് പഠിപ്പിച്ചില്ല. വിദേശ വിപ്ലവകാരികളെ മഹാന്മാക്കളായി ചിത്രീകരിച്ചു. എന്നാല്‍ രാജ്യത്തെ വിപ്ലവകാരികളെ ബഹുമാനിച്ചില്ല'' - ഇന്ദർ സിങ് പർമർ പറഞ്ഞു. സവർക്കറിനെ "മഹാനായ വിപ്ലവകാരി" എന്ന് വിശേഷിപ്പിച്ച പാർമർ, നിലവിലെ ബിജെപി സർക്കാർ യഥാർത്ഥ വീരന്മാരുടെ ജീവചരിത്രം പുതിയ സിലബസിൽ ഉൾപ്പെടുത്തുമെന്നും പറഞ്ഞു. സവർക്കർ, ഭഗവദ്ഗീത സന്ദേശ്, ഭഗവാൻ പരശുറാം, ഭഗത് സിങ്, സുഖ്ദേവ്, രാജ്ഗുരു തുടങ്ങിയവരുടെ ജീവചരിത്രമാണ് പുതിയ സിലബസിൽ ഉൾപ്പെടുത്തുക. 

ജീവിതത്തിൽ രണ്ട് തവണ തടവിലാക്കപ്പെട്ട വിപ്ലവകാരികളിൽ ഒരാളാണ് സവർക്കറെന്നും ഏതെങ്കിലും കോൺഗ്രസുകാരന് ഇങ്ങനെയൊരു ശിക്ഷ ലഭിച്ചിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയുടെ ചരിത്രത്തിലെ മഹാന്മാരെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാറാണാ പ്രതാപ് ശിവജി വിക്രമാദിത്യയെ കോൺഗ്രസ് അപമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സവർക്കറുടെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകം ഒരു സ്‌കൂളിൽ വിതരണം ചെയ്തതിന്റെ പേരിൽ ഒരു പ്രധാനധ്യാപകനെ സസ്‌പെൻഡ് ചെയ്‌തിരുന്നുവെന്നും പാർമർ പറഞ്ഞു.

അതേസമയം, സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് വിമർശിച്ചു. ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയ സവർക്കറെ സിലബസിൽ ഉൾപ്പെടുത്തുന്നത് സ്വാതന്ത്ര്യ സമര സേനാനികൾക്ക് അപമാനമാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു. സ്കൂൾ പാഠ്യപദ്ധതിയിൽ സവർക്കറെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ