INDIA

'ഞങ്ങൾ കെജ്രിവാളിനൊപ്പം'; ഡൽഹി അധികാരത്തർക്കത്തിൽ പിന്തുണയറിയിച്ച് മമത ബാനർജി

വെബ് ഡെസ്ക്

ഡൽഹിയിലെ അധികാരത്തർക്കത്തിൽ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാർട്ടിക്കും പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. രാജ്യത്തെ ബിജെപി വിരുദ്ധ പ്രതിപക്ഷ നേതാക്കളുടെ പിന്തുണതേടുന്നതിന്റെ ഭാഗമായി കെജ്രിവാൾ മമത ബാനർജിയെ ബംഗാളിലെത്തി കണ്ടു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് മമത പിന്തുണ അറിയിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഒരുമിച്ച് നിൽക്കൂ, ഇതൊരു വലിയ അവസരമാണ്. ഞങ്ങളുടെ പാർട്ടി രാജ്യസഭയിൽ ഭേദഗതിയെ എതിർക്കും
മമത ബാനർജി

കേന്ദ്ര സർക്കാരിന്റെ നിയമ ഭേദഗതി രാജ്യസഭയിൽ പാസാക്കാതിരിക്കാൻ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ തേടിയുള്ള യാത്ര ചൊവ്വാഴ്ചയാണ് കെജ്രിവാൾ ആരംഭിച്ചത്. ഡൽഹിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവർണറും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിൽ വർഷങ്ങളായി അധികാര തർക്കത്തിലായിരുന്നു. ഇതിൽ ഒരാഴ്ച മുൻപാണ് ഡല്‍ഹി സർക്കാരിന് അനുകൂലമായ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൊണ്ടുവന്ന ഭേദഗതിയാണ് പുതിയ തർക്കങ്ങള്‍ക്ക് അടിസ്ഥാനം.

ഒരു പാർട്ടിയും ബിജെപിക്ക് വേണ്ടി രാജ്യസഭയിൽ വോട്ട് ചെയ്യരുതെന്ന് മമത ബാനർജി പറഞ്ഞു. ചിലപ്പോൾ അവർ ഭരണഘടനയും രാജ്യത്തിന്റെ പേരുപോലും അവര്‍ മാറ്റിയിരിക്കും. ബിജെപി രാജ്യത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. 'ഡബിൾ എഞ്ചിൻ' സർക്കാരല്ലിത് 'ട്രബിൾ എഞ്ചിൻ' സർക്കാരാണെന്ന് മമത ബാനർജി പറഞ്ഞു. "ഞങ്ങൾ സുപ്രീംകോടതിയെ ബഹുമാനിക്കുന്നു, ഈ രാജ്യത്തെ രക്ഷിക്കാൻ സുപ്രീംകോടതിക്ക് മാത്രമേ കഴിയൂ. കോടതി വിധിയുണ്ടായിട്ടും കേന്ദ്രം ഭേദഗതി കൊണ്ടുവന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഒരുമിച്ച് നിൽക്കൂ. ഇതൊരു വലിയ അവസരമാണ്. ഞങ്ങളുടെ പാർട്ടി രാജ്യസഭയിൽ ഭേദഗതിയെ എതിർക്കും" - മമത പറഞ്ഞു.

രാജ്യത്തിന്റെ പോരാട്ടമെന്നാണ് കെജ്രിവാൾ കേന്ദ്രത്തിനെതിരായ നീക്കത്തെ വിശേഷിപ്പിച്ചത്. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ചു. 30 ഗവർണർമാരും പ്രധാനമന്ത്രിയുമാണ് രാജ്യം ഭരിക്കേണ്ടതെങ്കിൽ തിരഞ്ഞെടുപ്പ് കൊണ്ട് എന്താണ് പ്രയോജനമെന്നും ഭഗവന്ത് മാൻ ചോദിച്ചു.

കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നതിന് പിന്നാലെ തന്നെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും കെജ്രിവാളിന് സർവ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി വിചിത്രവും അമ്പരപ്പിക്കുന്നതുമാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.

മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്

'എടിഎം കാർഡ് ട്രാപ് സ്‌കാം;' പുതിയ തട്ടിപ്പുമായി സംഘങ്ങൾ സജീവം, എങ്ങനെ രക്ഷപ്പെടാം?

'നിറങ്ങളല്ല, മരണഭയമാണ് എന്റെ കുഞ്ഞുങ്ങളെ സ്വാധീനിക്കുന്നത്'; റാഫയിലെ ശ്മശാനങ്ങളിലെ അഭയാർഥി ജീവിതം

പ്രജ്വല്‍ വീഡിയോയില്‍ പൊള്ളി ബിജെപി, കോണ്‍ഗ്രസിനെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍, അമേഠി വിട്ട രാഹുല്‍; സംഭവബഹുലം മൂന്നാംഘട്ടം

ആരാണ് മാരി സെൽവരാജ് ചിത്രത്തിൽ ധ്രുവ് വിക്രം അവതരിപ്പിക്കുന്ന മാനത്തി ഗണേഷന്‍ ?