INDIA

മണിപ്പൂർ കലാപം: ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നൽകി ഗവർണർ

വെബ് ഡെസ്ക്

മണിപ്പൂരിൽ ആദിവാസി പ്രക്ഷോഭത്തെ തുടർന്നുണ്ടായ അക്രമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഷൂട്ട് അറ്റ് സൈറ്റിന് ഗവർണറുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ ആവശ്യപ്രകാരമാണ് ഗവർണർ അനുസൂയ യു കെ ഉത്തരവിറക്കിയത്. ക്രിമിനല്‍ നടപടി ചട്ടം 1973ന് കീഴിലുള്ള വ്യവസ്ഥകൾ പ്രകാരവും സാഹചര്യം നിയന്ത്രിക്കാൻ കഴിയാത്തതുമായ സന്ദർഭങ്ങളിലാണ് കലാപകാരികളെ വെടിവയ്ക്കാൻ അനുമതി നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് പൊതു സമാധാനം നിലനിർത്തുന്നതിനാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്/ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജില്ലാ മജിസ്‌ട്രേറ്റ് എന്നിവർക്ക് ഉത്തരവ് കൈമാറി. അക്രമ ബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 9,000 പേരെയാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുള്ളത്. കൂടുതൽ ആളുകളെ മാറ്റുനുള്ള ശ്രമത്തിലാണ്.

ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എ‌ടി‌എസ്‌യുഎം) കഴിഞ്ഞ ദിവസം നടത്തിയ മാർച്ചിന് പിന്നാലെയാണ് ചുരാചന്ദ്പൂർ ജില്ലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഗോത്രവർഗക്കാർ കൂടുതലുള്ള ചുരാചന്ദ്പൂർ, കാങ്‌പോക്പി, തെങ്‌നൗപാൽ തുടങ്ങിയ എട്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ആദിവാസി പ്രാതിനിധ്യം കുറഞ്ഞ ഇംഫാൽ വെസ്റ്റ്, കാക്‌ചിംഗ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ തുടങ്ങിയ ജില്ലകളും ഇതിൽപ്പെടുന്നു.

ആയിരക്കണക്കിന് പ്രക്ഷോഭകരാണ് റാലിയിൽ പങ്കെടുത്തത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അക്രമബാധിത പ്രദേശങ്ങളിൽ സൈന്യം ഇന്ന് ഫ്‌ളാഗ് മാർച്ച്‌ നടത്തി. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനം മുഴുവൻ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ ചിത്രം പങ്കുവച്ച് ദേശീയ ബോക്സിങ് താരം മേരി കോം വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.

മണിപ്പൂരിലെ ജനസംഖ്യയുടെ 53% മെയ്റ്റി സമുദായത്തിൽപ്പെട്ടവരാണ്

മണിപ്പൂരിലെ ഇംഫാൽ താഴ്വരയിൽ ആധിപത്യം പുലർത്തുന്ന ഗോത്രവർഗക്കാരല്ലാത്ത വിഭാഗമാണ് മെയ്റ്റികൾ. മണിപ്പൂരിലെ ജനസംഖ്യയുടെ 53% മെയ്റ്റി സമുദായത്തിൽപ്പെട്ട ആളുകളാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 10 ഇൽ ഒന്നിലാണ് ഇവർ താമസിക്കുന്നത്. ആദിവാസി ഇതര വിഭാഗമായ മെയ്റ്റി വിഭാഗത്തിന് പട്ടിക വർഗ പദവി വേണമെന്ന ആവശ്യത്തിനെതിരെയാണ് ആദിവാസിവിഭാഗങ്ങൾ 10 മലയോര ജില്ലകളിൽ പ്രതിഷേധിച്ചത്. മെയ്റ്റി സംഘടനകളുടെ ആവശ്യത്തെ അധികൃതരും പരസ്യമായി അംഗീകരിച്ചിരുന്നു. ഇതോടെയാണ് എ‌ടി‌എസ്‌യുഎം ആദിവാസി ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചത്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ