INDIA

അമൂലിനെതിരെ സ്റ്റാലിനും; പാല്‍ സംഭരണത്തില്‍ നിന്ന് പിന്‍മാറണം, അമിത് ഷായ്ക്ക് കത്ത്

വെബ് ഡെസ്ക്

ഗുജറാത്ത് ആസ്ഥാനമായുള്ള അമൂല്‍, തമിഴ്‌നാട്ടില്‍ നിന്ന് പാല്‍ സംഭരിക്കുന്നത് തടയാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കത്ത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് അമൂല്‍- നന്ദിനി തര്‍ക്കം വിവാദമായതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും പുതിയ നീക്കം.

തമിഴ്‌നാട് പ്രാദേശിക പാൽ സംഭരണ കേന്ദ്രങ്ങളിൽ കൈര ജില്ലാ കോപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ (അമൂല്‍) പാൽ സംഭരിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ അമിത് ഷായ്ക്ക് കത്തെഴുതിയത്. അമൂലിന്റെ മള്‍ട്ടി സ്റ്റേറ്റ് കോര്‍പറേറ്റീവ് ലൈസന്‍സ് അധികാരം ഉപയോഗിച്ച് കൃഷ്ണഗിരി ജില്ലയില്‍ ശീതീകരണ കേന്ദ്രങ്ങളും, പാല്‍ സംസ്‌കരണ കേന്ദ്രങ്ങളും സ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

'സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ മറ്റുള്ള കമ്പനികള്‍ ഇടപെടരുതെന്ന നിയമം നിലനില്‍ക്കുന്നുണ്ട്. അവരുടെ പ്രദേശത്ത് കൈകടത്താതെ അവരെ അഭിവൃദ്ധിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കാറ്. എന്നാല്‍, ഇത്തരം മേഖലകളില്‍ അമൂല്‍ ഇടപെടുന്നത് ധവള വിപ്ലവം മുന്നോട്ടുവച്ച ആശയങ്ങള്‍ക്ക് വിരുദ്ധമാണ്. നിലവില്‍ പാല്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ നടപടികള്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും.'

'ഈ പ്രാദേശിക സഹകരണ സംഘങ്ങളിലേക്ക് ഭീമന്‍ കമ്പനിയായ അമൂല്‍ കടന്നുവരുന്നതോടെ ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അമൂലിന്റെ ഈ നീക്കം പാലും പാലുല്‍പ്പന്നങ്ങളും സംഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കിടയില്‍ അനാരോഗ്യമായ ഒരു മത്സരമാണ് സൃഷ്ടിക്കുക. ഓരോ സംസ്ഥാനങ്ങളിലെയും ക്ഷീരവികസനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ഇത്തരത്തിലുള്ള പ്രാദേശിക സഹകരണ സംഘങ്ങളാണ്'. കത്തില്‍ പറയുന്നു.

അതിനാല്‍, അമൂലിനെ പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ കീഴിലുള്ള ആവിനിന് പ്രാദേശിക മേഖലയിലെ സഹകരണ സംഘങ്ങളില്‍ നിന്നുള്ള പാല്‍ സംഭരണത്തിന് അനുമതി നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അമൂല്‍ ഇതുവരെ അവരുടെ ഉല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടിലെ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രമാണ് വില്‍ക്കുന്നത്.

ആവിന്‍ കോ ഓപ്പറേറ്റീവിന്റെ പരിധിയില്‍ 9673 പാല്‍ ഉല്‍പാദക സഹകരണ സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്

മറ്റ് സംസ്ഥാനങ്ങളിലെ പോലെ തമിഴ്‌നാട്ടിലും 1981 മുതല്‍ തന്നെ ഗ്രാമീണ പാലുല്‍പാദകരും ഉപഭോക്താക്കള്‍ക്കും പ്രയോജനപ്രദമായ രീതിയിലാണ് ക്ഷീര സഹകരണ സംവിധാനം പ്രവര്‍ത്തിക്കുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

ആവിന്‍ കോ ഓപ്പറേറ്റീവിന്റെ പരിധിയില്‍ 9673 പാല്‍ ഉല്‍പാദക സഹകരണ സംഘങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം നാലര ലക്ഷത്തോളം ആളുകളില്‍ നിന്ന് പാല്‍ സംഭരിക്കുന്നുമുണ്ട്. അതിനാല്‍ ക്ഷീര കര്‍ഷകര്‍ക്ക് വര്‍ഷം മുഴുവനും ആദായകരവും ഏകീകൃതവുമായ വില ഉറപ്പാക്കാന്‍ ഇത്തരം സഹകരണ സംഘങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. കാലീത്തീറ്റ, മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം, പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക തുടങ്ങിയ സേവനങ്ങളും ആവിനില്‍ നിന്ന് ലഭ്യമാണ്. ഗ്രാമീണ പാലുല്‍പാദകരുടെ ഉപജീവന മാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആവിന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ