INDIA

എംപിമാരെയും എംഎൽഎമാരെയും സിസിടിവി വച്ച് നിരീക്ഷിക്കണമെന്ന് ഹർജി; കോടതിയുടെ സമയം കളയരുതെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

വെബ് ഡെസ്ക്

എംപിമാരെയും എംഎൽഎമാരെയും മുഴുവൻ സമയം ഡിജിറ്റലായി നിരീക്ഷിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച ഹര്ജിക്കാരനെ താക്കീതു ചെയ്ത് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. എംപിമാർക്കും എംഎൽഎമാർക്കും സ്വകാര്യതയ്ക്കുള്ള അവകാശമുണ്ട് എന്നോർമ്മിപ്പിച്ച ചീഫ് ജസ്റ്റിസ് ഇനി മേലാൽ ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കരുത് എന്നും പറഞ്ഞു.

ജനപ്രതിനിധികളെ ഡിജിറ്റലായി നിരീക്ഷിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എംപിമാരുടെയും എംഎൽഎമാരുടെയും തോളിൽ മൈക്രോസ്കോപ്പ് വെക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചു. മറ്റുള്ളവർക്കുള്ള എല്ലാ അവകാശങ്ങളുമുള്ള വ്യക്തികൾ തന്നെയാണ് ജനപ്രതിനിധികളെന്നും അവരെ നിരീക്ഷിക്കുക എന്നാൽ അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ച് കയറലാണെന്നും ഹർജിക്കാരനായ സുരീന്ദർ കുന്ദ്രയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹിയറിങ് ആരംഭിച്ചപ്പോൾ തന്നെ, കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹർജിക്കാരന് 5 ലക്ഷം രൂപ പിഴ ചുമത്തുമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിനോട് തന്റെ വാദം അവതരിപ്പിക്കാൻ കേവലം 15 മിനിറ്റു മാത്രം നൽകിയാൽ മതി എന്നാവശ്യപ്പെടുകയായിരുന്നു ഹർജിക്കാരൻ. തുടർന്ന് സുരീന്ദർ കുന്ദ്ര തന്റെ ഭാഗം അവതരിപ്പിക്കാൻ ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതോടെ എംപിമാരും എംഎൽഎമാരും ഭരണാധികാരികളെ പോലെയാണ് പെരുമാറുന്നത് എന്നും, ഇവർ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് എല്ലാ സാധാരണക്കാർക്കും അറിയാൻ സാധിക്കണമെന്നും, അതിന് അവർ സഞ്ചരിക്കുന്ന സ്ഥങ്ങളിലെല്ലാം സിസിടിവികൾ സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷക്കണമെന്നും ആ ദൃശ്യങ്ങൾ ജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ ലഭ്യമാകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഇത്രയും പറഞ്ഞു കഴയുമ്പോഴേക്കും ചീഫ്ജസ്റ്റിസ് ഇടപെട്ടു. "നിങ്ങൾ പറയുന്നതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് നിങ്ങള്ക്ക് മനസിലാകുന്നുണ്ടോ? ജനപ്രതിനിധികൾക്കും, കുടുംബവും സ്വകാര്യ ജീവിതവുമുണ്ട്." ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ സ്വകാര്യത ആഗ്രഹിക്കുന്നവർ ഇത്തരം ചുമതലകളിലേക്കിറങ്ങരുത് എന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. ഇത്തരം അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളുമായി വന്ന് കോടതിയുടെ സമയം മെനക്കെടുത്തിയതിന് ചീഫ് ജസ്റ്റിസ് ഹർജിക്കാരനെ താക്കീത് ചെയ്തു. തുടർന്ന് ചീഫ് ജസ്റ്റിസും ജെബി പാർഡിവാലയും, മനോജ് മിശ്രയുമുൾപ്പെടുന്ന ബെഞ്ച് ഹർജി തള്ളി. നേരത്തെ ചുമത്തിയ പിഴ ഒടുവിൽ പിൻവലിച്ച ബെഞ്ച്‌ ഇനി മേലിൽ ഇത്തരം ഹർജിയുമായി കോടതിയെ സമീപിക്കരുതെന്ന മുന്നറിയിപ്പും നൽകി.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും