INDIA

മണിപ്പൂരില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധം, മോദിയെ സഭയിലെത്തിച്ചത് അവിശ്വാസ പ്രമേയത്തിന്റെ ശക്തി: അധിര്‍ രഞ്ജന്‍ ചൗധരി

വെബ് ഡെസ്ക്

മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മൂന്നാം ദിവസവും ലോക്‌സഭ പ്രക്ഷുബ്ധം. വലിയ പ്രതിപക്ഷ മുദ്രാവാക്യങ്ങള്‍ക്കിടയിലൂടെയായിരുന്നു അവിശ്വാസപ്രമേയ ചർച്ചയ്ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തിയത്. മോദിയെ ഇരുത്തി രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉയര്‍ത്തിയത്. മണിപ്പൂരില്‍ നടക്കുന്നത് ആഭ്യന്തര യുദ്ധമാണെന്ന് വിശേഷിപ്പിച്ച ചൗധരി വിഷയത്തില്‍ മോദി സ്വീകരിക്കുന്ന മൗനവും ചൂണ്ടിക്കാട്ടി.

''അവിശ്വാസ പ്രമേയത്തിന്റെ ശക്തിയാണ് പ്രധാനമന്ത്രിയെ സഭയിലെത്തിച്ചത്. ഞങ്ങളാരും അവിശ്വാസ പ്രമേയത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ലക്ഷ്യം പ്രധാനമന്ത്രിയെ സഭയിലെത്തിക്കുക, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിപ്പിക്കുക എന്ന് മാത്രമായിരുന്നു. മറ്റൊരു ബിജെപി പാര്‍ലമെന്റ് അംഗത്തെയും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ആകെ പ്രതീക്ഷിക്കുന്നത് പ്രധാനമന്ത്രിയെ മാത്രമാണ്,'' അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയ മോദിക്ക് വംശീയ സംഘര്‍ഷം നടക്കുന്ന മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണിപ്പൂരുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മൂന്നാം ദിനമാണ് മറുപടിപറയാനായി മോദി സഭയിലെത്തിയിരിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി സഭ പ്രക്ഷുബ്ധമായി തുടരുകയാണ്. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ രൂക്ഷ വിമര്‍ശനവും അദ്ദേഹത്തിനെതിരെ സ്മൃതി ഇറാനി ഉന്നയിച്ച ഫ്‌ളൈയിങ് കിസ് ആരോപണവും അടക്കം ഇന്നലെയും സഭ പ്രക്ഷുബ്ധമായിരുന്നു.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?