INDIA

പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയ കേസ്: നാല് പ്രതികളും പോലീസ് കസ്റ്റഡിയില്‍, ഭീകരസംഘടനകളുമായി ബന്ധമെന്ന് പോലീസ്

വെബ് ഡെസ്ക്

പാര്‍ലമെന്റില്‍ അതിക്രമിച്ച കയറിയ കേസിലെ നാല് പ്രതികളെ ഡല്‍ഹി പട്യാല ഹൗസ് കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സാഗര്‍ ശര്‍മ, ഡി മനോരഞ്ജന്‍ എന്നിവരെയും പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ പിടിയിലായ നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആസൂത്രിത ആക്രമണമാണെന്നും പിടിയിലായവര്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ട് എന്നും ഡല്‍ഹി പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണ്‍മാനില്ലെന്നു എഴുതിയ ലഘുലേഖ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രിയെ കണ്ടെത്തുന്നവര്‍ക്ക് സ്വിസ് ബാങ്കില്‍ നിന്നും സമ്മാനം ലഭിക്കും എന്നും എഴുതിയിരുന്നു. പ്രതികളെ കൂടുതല്‍ തെളിവെടുപ്പിനായി ലക്നൗ, മുംബൈ, മൈസൂര്‍ എന്നിവിടങ്ങളില്‍ കൊണ്ട് പോകണമെന്നും പോലീസ് കോടതിയെ അറിയിച്ചു.

പ്രതികളുടെ പണമിടപാടുകള്‍ അന്വേഷിക്കണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. പ്രതികള്‍ ഷൂസിനുള്ളില്‍ വെച്ച് കളര്‍ സ്േ്രപ കടത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. ലഖ്നൗവില്‍ നിന്ന് രണ്ട് ജോഡി ഷൂസ് വാങ്ങിയാണ് ഇവര്‍ ഇവിടെ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. പാര്‍ലമെന്റിലെ അതിക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ ബിഹാര്‍ സ്വദേശി ലളിത് ഝാ ആണെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കുന്നത്. അതിക്രമത്തിന് പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനം തെരഞ്ഞെടുത്തത് ലളിത് ഝായെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ താമസിച്ചിരുന്നത് കൊല്‍ക്കത്തയിലാണ്. അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭഗത് സിങ്ങിന്റെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നവെന്നും ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എല്ലാവരും പാര്‍ലമെന്റിന് അകത്ത് കയറണമെന്ന് പദ്ധതിയിട്ടിരുന്നെങ്കിലും പാസ് ലഭിച്ചത് രണ്ട് പേര്‍ക്ക് മാത്രമാണ്.

ബുധനാഴ്ച ശൂന്യവേളയില്‍ ലഖ്നൗവില്‍ നിന്നുള്ള സാഗര്‍ ശര്‍മയും മൈസൂരില്‍ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേക്കും എംപിമാര്‍ക്കിടയിലേക്കും ചാടുകയായിരുന്നു. പ്രതിഷേധക്കാര്‍ അംഗങ്ങള്‍ ഇരിക്കുന്നിടത്ത് കളര്‍ സ്പ്രേ പ്രയോഗിച്ചു. അര്‍ധസൈനിക വിഭാഗമായ സിആര്‍പിഎഫ് മേധാവിയുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റും പ്രത്യേക സെല്ലും അന്വേഷണത്തില്‍ സഹകരിക്കും.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍