INDIA

"ഒരുനാൾ ബിജെപി ഭരണം അവസാനിക്കും, അന്ന് ജനാധിപത്യം അട്ടിമറിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും;" രാഹുലിന്റെ ഗ്യാരന്റി

വെബ് ഡെസ്ക്

ബിജെപി ഭരണം ഒരു ദിവസം അവസാനിക്കുമെന്നും അന്ന് രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത് അവസാനിപ്പിക്കുമെന്നും രാഹുൽഗാന്ധി. കോൺഗ്രസ് 1823 കോടി രൂപ പിഴയൊടുക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയതിനെ തുടർന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിപക്ഷ പാർട്ടികൾക്കും പ്രത്യേകിച്ച് കോൺഗ്രസിനുമെതിരെയുള്ള നികുതി ഭീകരതയാണിത് എന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഒരു ദിവസം രാജ്യത്ത് ബിജെപിയുടെ ഭരണം അവസാനിക്കും. അന്ന് ജനാധിപത്യം അട്ടിമറിച്ചവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അത് തന്റെ ഗ്യാരന്റിയാണെന്നുമാണ് രാഹുൽഗാന്ധി പറഞ്ഞത്.

ഇനിയൊരിക്കലും ഇതുപോലെ ജനാധിപത്യം അട്ടിമറിക്കാൻ ആർക്കും ധൈര്യം തോന്നാത്ത തരത്തിലുള്ള നടപടികളായിരിക്കും സ്വീകരിക്കുകയെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ പ്രതികരണം കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

ആദായനികുതി വകുപ്പ്, സിബിഐ, ഇ ഡി, ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ വിമർശിച്ചുകൊണ്ട് മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തി. കേന്ദ്ര ഏജൻസികളെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെതിരെ ഒരു ആയുധമായി ഉപയോഗിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ഖാർഗെ പറഞ്ഞു.

കോൺഗ്രസിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലുള്ള പണം മരവിപ്പിച്ച നടപടിക്ക് ശേഷമാണ് ആദായനികുതി വകുപ്പ് 1800 കോടിയിലധികം പിഴ ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് കോൺഗ്രസിന് നോട്ടീസ് അയച്ചത്. ആദ്യത്തെ നടപടിയിൽ തന്നെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ വീണ്ടും കോൺഗ്രസിനെതിരെ നടപടിയുമായി കേന്ദ്രം രംഗത്തെത്തുന്നത്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി വിജയിക്കുന്നതിലൂടെ രാജ്യത്തെ സർക്കാർ ഏജൻസികളെ ബിജെപിയുടെ ഏകാധിപത്യത്തിൽ നിന്ന് മോചിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു.

തങ്ങൾ 1823 കോടി രൂപയുടെ പിഴയടക്കണമെന്ന് ആദായനികുതി വകുപ്പ് പറയുമ്പോൾ ബിജെപിയുടെ നിയമലംഘനം അവർ കാണുന്നില്ല എന്നും, ആദായനികുതി നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ബിജെപി 4600 കോടി രൂപയോളം പിഴ അടയ്‌ക്കേണ്ടി വരുമെന്നും കോൺഗ്രസ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഫോം 24എ പ്രകാരം എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു പെർഫോമ തയ്യാറാക്കി നൽകേണ്ടതുണ്ട്. ആ പെർഫോമയുടെ വിവരങ്ങളിൽ നിന്ന് ബിജെപി നൽകിയ കണക്കുകൾ പരിശോധിച്ചാൽ നികുതി വെട്ടിപ്പ് നടന്നതായി കാണാൻ സാധിക്കുമെന്നും അതിന്റെ പിഴ കൂട്ടിയാൽ 4600 കോടിരൂപയോളം വരുമെന്നുമാണ് എഐസിസി ട്രഷറർ അജയ് മാക്കൻ അവകാശപ്പെടുന്നത്.

പാർട്ടി അക്കൗണ്ടുകളിൽ വന്ന നിക്ഷേപത്തിന്റെ പുറത്ത് 115 കോടി രൂപ പിഴയടക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ആദായനികുതി വകുപ്പ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ഫെബ്രുവരിയില്‍ മരവിപ്പിക്കുന്നത്. 115 കോടി രൂപ പിടിച്ചെടുത്തിട്ടും തങ്ങളുടെ അക്കൗണ്ടിലെ ബാക്കി തുക ഉപയോഗിക്കാൻ ആദായനികുതി വകുപ്പ് അനുവദിക്കുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഏപ്രിൽ 19 ന് ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്ന സാഹചര്യത്തിൽ, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലേക്കെത്തിക്കുകയാണ് ബിജെപി എന്നാണ് കോൺഗ്രസിന്റെ വിമർശനം.

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

റോള്‍ റോയിസില്‍ ദുബൈയില്‍ കറങ്ങി രജിനിയും യൂസഫലിയും; പുതിയ ബിസിനസ് ആണോയെന്ന സംശയവുമായി പ്രേക്ഷകര്‍

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിർദേശം ഹൈക്കോടതി റദ്ദാക്കി