'നികുതി ഭീകരത': 'ഇന്ത്യ'യെ ശ്വാസംമുട്ടിച്ച് ബിജെപി, ആ 4,600 കോടിയുടെ കണക്ക് ഐടിക്ക് വേണ്ടേ?

'നികുതി ഭീകരത': 'ഇന്ത്യ'യെ ശ്വാസംമുട്ടിച്ച് ബിജെപി, ആ 4,600 കോടിയുടെ കണക്ക് ഐടിക്ക് വേണ്ടേ?

കോണ്‍ഗ്രസിന് എതിരെ നടപടിയെടുത്തത് പോലെയാണെങ്കില്‍ ബിജെപി 4,600 കോടി രൂപ പിഴയടക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്

''ഇത് നികുതി ഭീകരതയാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാനായി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണം'' ആദായനികുതി വകുപ്പില്‍ നിന്ന് 1,823 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പുതിയ നോട്ടീസ് ലഭിച്ച ശേഷം കോണ്‍ഗ്രസിന്റെ ആദ്യപ്രതികരണം ഇങ്ങനെയാണ്. ഇലക്ടറല്‍ ബോണ്ടില്‍ തിരിച്ചടി നേരിട്ട ബിജെപി, പ്രതിപക്ഷത്തെ സാമ്പത്തികമായി ഞെരുക്കി പ്രതിരോധത്തിലാക്കാന്‍ ആദായനികുതി വകുപ്പിനെ ഉപയോഗിക്കുകയാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിനെ മാത്രമല്ല കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്, മറിച്ച് ഇന്ത്യാ മുന്നണിയെക്കൂടിയാണ്. അതിന്റെ ഭാഗമായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റ്.

ഇപ്പോള്‍ ഇന്ത്യ സഖ്യത്തിലെ മറ്റൊരു പാര്‍ട്ടിയായ സിപിഐയെയും കുരുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 11 കോടി രൂപ സിപിഐ പിഴയായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കാരണത്താലാണ് സിപിഐയ്‌ക്കെതിരായ നടപടി.തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെയ്ക്കും കിട്ടി ഐടി നോട്ടീസ്. 72 മണിക്കൂറിനുള്ളില്‍ 11 നോട്ടീസുകളാണ് തനിക്ക് ലഭിച്ചത് എന്നാണ് സാകേത് പറയുന്നത്.

2017-18 മുതല്‍ 2021-22 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ നികുതി കുടിശിക വരുത്തിയതിന്‌ പിഴയും പലിശയുമടക്കം, 1,823 കോടി കോണ്‍ഗ്രസ് അടയ്ക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. തങ്ങളുടെ നികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിന് എതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആദായനികുതി വകുപ്പ് നോട്ടീസ് ആയച്ചത്. നേരത്തെ, 2014-17 വര്‍ഷത്തെ ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നടപടിക്ക് എതിരായി കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

കോണ്‍ഗ്രസ് 250 കോടി രൂപയോളം നികുതിവെട്ടിപ്പ് നടത്തിയതായാണ് ആദായനികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. 2018-19 വര്‍ഷത്തെ നികുതിയായി കോണ്‍ഗ്രസ് അക്കൗണ്ടില്‍ നിന്ന് ആദായനികുതി വകുപ്പ് 135 കോടി ഈടാക്കിയിരുന്നു. പാര്‍ട്ടിക്ക് ലഭിച്ച ഫണ്ടുകള്‍ക്കനുസരിച്ച് നികുതി അടയ്ക്കുന്നതില്‍ കോണ്‍ഗ്രസ് വീഴ്ചവരുത്തിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് സ്വീകരിക്കുന്നതിന് കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനം സുപ്രീംകോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. എന്നാല്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, അക്കൗണ്ട് മരവിപ്പിച്ച നടപടിയില്‍ നിന്ന് ആദായനികുതി വകുപ്പ് പിന്‍മാറി.

നടപടിക്കെതിരേ കോണ്‍ഗ്രസ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും 115 കോടി മരവിപ്പിച്ച് നിര്‍ത്തണമെന്ന ഐടിയുടെ ആവശ്യം ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ഇതോടെ, ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പോസ്റ്റര്‍ പോലും അടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പാര്‍ട്ടിയുള്ളതെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ ക്രൗഡ് ഫണ്ടിങ്, വീടുകയറിയുള്ള പണ സമാഹരണം അടക്കമുള്ള നീക്കങ്ങളിലൂടെ പണം സ്വരൂപിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചതിന് പിന്നാലെയാണ്, പുതിയ നടപടിയുമായി ആദായനികുതി വകുപ്പ് രംഗത്തെത്തിയത്.

'നികുതി ഭീകരത': 'ഇന്ത്യ'യെ ശ്വാസംമുട്ടിച്ച് ബിജെപി, ആ 4,600 കോടിയുടെ കണക്ക് ഐടിക്ക് വേണ്ടേ?
ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?

2017-ല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് നരേന്ദ്ര മോദി നോട്ട് നിരോധനം നടത്തിയത്. ആ നീക്കം എസ്പിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തികമായി പ്രതിരോധത്തിലാക്കിയിരുന്നു. നോട്ട് നിരോധനം പോലുള്ള നയങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍, ജനവികാരം കൂടുതല്‍ എതിരാകും എന്ന വിലയിരുത്തല്‍ ബിജെപിക്കുണ്ട്. മാത്രമല്ല, ഇലക്ടറല്‍ ബോണ്ട് വഴി കോര്‍പ്പറേറ്റുകളില്‍ നിന്ന് വാങ്ങികൂട്ടിയ 6,566.11 കോടിയുടെ കണക്ക് സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് രാജ്യം അറിയുകയും ചെയ്തു. ഇതോടെ, പ്രതിരോധത്തിലായ ബിജെപി, കോണ്‍ഗ്രസിനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു.

'നികുതി ഭീകരത': 'ഇന്ത്യ'യെ ശ്വാസംമുട്ടിച്ച് ബിജെപി, ആ 4,600 കോടിയുടെ കണക്ക് ഐടിക്ക് വേണ്ടേ?
'വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നു'; കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി യുഎന്നും

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ആയിരുന്നു ഇലക്ടറല്‍ ബോണ്ട് ചര്‍ച്ച വഴിതിരിക്കാനായി ബിജെപി ആദ്യം സ്വീകരിച്ച കുറുക്കുവഴി. എന്നാല്‍, കെജ് രിവാളിന്റെ അറസ്റ്റിന് പിന്നാലെ, ഇക്ടറല്‍ ബോണ്ട് ഇടപാടുകള്‍ക്കെതിരായ വിമര്‍ശനം എഎപി കൂടുതല്‍ ശക്തമാക്കുകയാണ് ഉണ്ടായത്. ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നാലു കോടി നല്‍കിയ അര്‍ബിന്ദോ ഫാര്‍മ മേധാവി ശരത്ചന്ദ്ര റെഡ്ഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് എഎപി വെളിപ്പെടുത്തുകയും ചെയ്തു. മദ്യനയ കേസില്‍ അറസ്റ്റിലായതിന് ശേഷമാണ് റെഡ്ഡി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതെന്നും എഎപി ആരോപിച്ചിരുന്നു. ഇതും ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

'നികുതി ഭീകരത' എന്ന വാക്ക് വെറുതേ എടുത്ത് പ്രയോഗിച്ചതല്ല കോണ്‍ഗ്രസ്. ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവയ്ക്കുന്നതിനൊപ്പം, ആദായനികുതി വകുപ്പിനെയും കളത്തിലിറക്കി തിരഞ്ഞെടുപ്പ് നിയന്ത്രിക്കാം എന്നാണ് മോദി ഭരണകൂടം കരുതുന്നതെന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസിനെ പൂട്ടാനുള്ള അമിത ആവേശത്തില്‍ ചിലപ്പോള്‍ ബിജെപിയുടേയും കൈപൊള്ളിയേക്കാം. കോണ്‍ഗ്രസിന് എതിരെ നടപടിയെടുത്തത് പോലെയാണെങ്കില്‍ ബിജെപി 4,600 കോടി രൂപ പിഴയടക്കണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍, ഇതേപ്പറ്റി ആദായനികുതി വകുപ്പ് മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷത്തെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അടുത്ത ദിവസം തന്നെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇത് ചിലപ്പോള്‍ ബിജെപിക്ക് പ്രതികൂലമായി ഭവിച്ചേക്കാം.

logo
The Fourth
www.thefourthnews.in