ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?

ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?

2020-ലാണ് വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ തീരുമാനമായി, പഞ്ചാബില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. ശിരോമണി അകാലിദളുമായി സഖ്യത്തിനില്ലെന്ന തീരുമാനം ബിജെപി അരക്കിട്ടുറപ്പിച്ചു. 13 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി തീരുമാനം. ഇതോടെ നാല് പ്രധാന പാര്‍ട്ടികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സംസ്ഥാനമായി പഞ്ചാബ് മാറി. 'ഇന്ത്യ' സഖ്യത്തിലെ പ്രധാന പാര്‍ട്ടികളായ എഎപിയും കോണ്‍ഗ്രസും പഞ്ചാബില്‍ സഖ്യത്തിനില്ലന്ന് വ്യക്തമാക്കിയിയതിന് പിന്നാലെയാണ്, എസ്എഡിയുമായുള്ള സഖ്യനീക്കത്തില്‍ നിന്ന് ബിജെപി പിന്നോട്ടുപോകാന്‍ തുടങ്ങിയത്.

സഖ്യമില്ലെന്ന് ഇരു പാര്‍ട്ടികളും നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ധാരണയിലെത്താനായി ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. എന്നാല്‍, 13 സീറ്റിലും ബിജെപി തനിച്ച് മത്സരിക്കുമെന്ന് ചൊവ്വാഴ്ച ബിജെപി പ്രഖ്യാപിച്ചതോടെ, പഞ്ചാബില്‍ ചിത്രം തെളിഞ്ഞു. എഎപിയും കോണ്‍ഗ്രസും പരസ്പം ഏറ്റുമുട്ടുമ്പോള്‍, അകാലിദള്‍ തനിച്ച് മത്സരിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ വോട്ട് ഭിന്നിക്കുന്നതിന് കാരണമാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍, ബിജെപിയുമായുളള സഖ്യം വേണ്ടെന്നുവയ്ക്കാന്‍ എസ്എഡിക്ക് മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്.

കര്‍ഷക സമരം തകര്‍ത്ത സഖ്യം

2020-ലാണ് വിവാദമായ മൂന്നു കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചത്. ബിജെപിയുടെ ഏറ്റവും ശക്തരായ സഖ്യകക്ഷികളില്‍ പ്രധാനിയായിരുന്നു അതുവരെ എസ്എഡി. ബിജെപിയുടെ പ്രഥമരൂപമായ ജനസംഘത്തിനൊപ്പം 1967-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്ത ശിരോമണി അകാലിദള്‍ 1997-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത്. 2020-വരെ ഈ സഖ്യം തുടര്‍ന്നു. നാലുതവണ അകാലി സര്‍ക്കാരില്‍ ബിജെപി പങ്കാളിയാവുകയും ചെയ്തു.

ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?
ഡല്‍ഹിയിലെ 'തലൈവര്‍' കെജ്‌രിവാള്‍ തന്നെ; ബിജെപിക്ക് ബൂമറാങ് ആകുമോ അറസ്റ്റ്

ഏറ്റവും പ്രധാന സഖ്യകക്ഷിയാണെന്ന് പറയുമ്പോഴും പലപ്പോഴും എസ്എഡിയും ബിജെപിയും തമ്മില്‍ കലഹിച്ചിട്ടുണ്ട്. 1967-ല്‍ ജനംഘവുമായി കൈകോര്‍ത്ത് എസ്എഡി സര്‍ക്കാരുണ്ടാക്കുമ്പോള്‍, മുതിര്‍ന്ന ജനസംഘം നേതാവ് മന്‍മോഹന്‍ സിങ് കാലിയ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസ്സമ്മതിച്ച് നിന്ന് എസ്എഡിയെ പ്രതിരോധത്തിലാക്കിയ ചരിത്രമുണ്ട്. ഹിന്ദി ഭാഷയില്‍ മാത്രമേ താന്‍ സത്യപ്രതിജ്ഞ ചെയ്യുള്ളു എന്നായിരുന്നു കാലിയയുടെ പിടിവാശി. തുടര്‍ന്ന് ഹിന്ദി രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതിന് ശേഷമാണ് കാലിയ സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അകാലികളുമായി പൂര്‍ണതോതില്‍ ഒരു പിരിഞ്ഞുപോക്കിന് ബിജെപി തയാറായിരുന്നില്ല. പലപ്പോഴും പിണങ്ങി പിരിയലിന്റെ വക്കോളമെത്തിയ അകാലിദളിനെ അനുനയിപ്പിച്ച് കൂടെനിര്‍ത്താനാണ് ബിജെപി ശ്രമിച്ചിരുന്നതും. പക്ഷേ, കാര്‍ഷിക ബില്ലിന്റെ പേരില്‍ ഉടക്കിയ എസ്എഡി, 2020-ല്‍ ആദ്യമായി എന്‍ഡിഎ സഖ്യത്തിന് പുറത്തുപോയി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എസ്എഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എസ്എഡി നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ്എഡിക്കും ബിജെപിക്കും രണ്ടുവീതം സീറ്റാണ് പഞ്ചാബില്‍ ലഭിച്ചത്. 2014-ല്‍ എസ്എഡിക്ക് 4, ബിജെപിക്ക് രണ്ട്. എന്‍ഡിഎ സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അകലാദിളും ബിജെപിയും തകര്‍ന്നടിഞ്ഞിരുന്നു. അകലാദളിന്റെ വോട്ടു ബാങ്കുള്‍ എഎപി തകര്‍ത്തെറിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്എഡി മൂന്നു സീറ്റിലൊതുങ്ങി. ബിജെപി രണ്ട് സീറ്റ്.

ബിജെപിയെ അടുപ്പിക്കാതിരിക്കാന്‍ പല കാരണങ്ങള്‍

ശക്തി കുറഞ്ഞും കൂടിയും നിലനില്‍ക്കുന്ന അകാലിദളിനെ പഞ്ചാബ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കില്ല. 1992-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റില്‍ ഒതുങ്ങിയ ശിരോമണി അകലിദള്‍ 1997-ലെ തിരഞ്ഞെടുപ്പില്‍ 75 സീറ്റ് നേടിയാണ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. അതുകൊണ്ടുതന്നെ, എസ്എഡിയെ പൂര്‍ണമായി തള്ളിക്കളയാന്‍ സാധിക്കില്ല.

എന്നാല്‍, പഞ്ചാബ് പോലൊരു അതിര്‍ത്തി സംസ്ഥാനത്തില്‍, എഎപിയെ പോലെ പുതിയൊരു രാഷ്ട്രീയ കക്ഷിക്ക് വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറാന്‍ സാധിച്ചത്, ബിജെപിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പല തിരഞ്ഞെടുപ്പുകളിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച ബിജെപി, സ്വന്തം നിലയ്ക്ക് ശക്തി വര്‍ധിപ്പിക്കാനാണ് ഇത്തവണ നോക്കുന്നത്. എന്നാല്‍, ശിരോമണി അകാലിദളിന് ബിജെപിയുമായി തെറ്റിപ്പിരിയാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ട്.

ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?
കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

ബിജെപിയും അകാലിദളും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളില്‍ വലിയ മാറ്റം വന്നെന്നാണ് എസ്എഡി നേതാക്കള്‍ സഖ്യം ഉപേക്ഷിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി പറയുന്നത്. 2027-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് നഷ്ടപ്പെട്ടുപോയ ഗ്രൗണ്ട് തിരികെ പിടിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നു. കര്‍ഷക സമരവും അതിനുപിന്നാലെ പഞ്ചാബിലുണ്ടായ വന്‍ ജനരോക്ഷവും എഎപിക്കാണ് നേട്ടമുണ്ടായത് എന്നാണ് എസ്എഡി വിലയിരുത്തുന്നത്. കര്‍ഷകരെ അടിച്ചമര്‍ത്തുന്ന ബിജെപിക്കൊപ്പം നിന്നാല്‍, കൈപൊള്ളുമെന്ന് അകാലിദള്‍ കണക്കുകൂട്ടുന്നു.

ഇന്ത്യ-കാനഡ വിഷയത്തില്‍ അടക്കം സിഖ് വംശജരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ബിജെപിയുടെ പ്രചാരണം അകാലിദളിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഖലിസ്ഥാന്‍ വിഷയം ചര്‍ച്ചയാക്കിയുള്ള ബിജെപി നീക്കത്തെ പ്രതിരോധിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിത്തറയിളകുമെന്ന് 103 വര്‍ഷം പഴക്കം ചെന്ന ശിരോമണി അകലാദള്‍ വിശ്വസിക്കുന്നു. പിളര്‍പ്പുകളും പ്രകാശ് സിങ് ബാദലിനെ പോലുള്ള പ്രബല നേതാക്കളുടെ വിയോഗവും തളര്‍ത്തിയ എസ്എഡിക്ക്, സ്വന്തം നിലയ്ക്ക് ശക്തി വീണ്ടെടുക്കുന്നത് പ്രധാനമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് അപ്പുറത്തേക്ക്, 2027 നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എസ്എഡി ശ്രമിക്കുന്നത്. എഎപിയിലേക്ക് പോയ തങ്ങളുടെ വോട്ടു ബാങ്കുകള്‍ തിരിച്ചു പിടിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. പ്രാദേശിക, സിഖ് വികാരം ഉയര്‍ത്തി വളര്‍ന്നുവന്ന പാര്‍ട്ടി, ഇനിയും ബിജെപിയുടെ ഹിന്ദുത്വ ദേശീയതയ്ക്ക് ഒപ്പം നിന്നാല്‍ കൂടുതല്‍ ദോഷമാകുമെന്നും ഒരുവിഭാഗം എസ്എഡി നേതാക്കള്‍ വിലയിരുത്തുന്നുണ്ട്.

ഒരുകാലത്ത് ഏറ്റവും ശക്തരായ സഖ്യകക്ഷി; ബിജെപിയെ അകറ്റിനിര്‍ത്താന്‍ അകാലിദളിനെ പ്രേരിപ്പിക്കുന്നതെന്ത്?
അഴിമതിക്കെതിരെ കോണ്‍ഗ്രസ് വിരുദ്ധനായി തുടക്കം; മോദി ഭയക്കുന്ന നേതാവിലേക്കുള്ള കെജ്‌രിവാളിന്റെ രാഷ്ട്രീയ പരിണാമം

400 സീറ്റ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ബിജെപി തങ്ങളുടെ വോട്ടുബാങ്കുകള്‍ കവര്‍ന്നെടുക്കുമെന്ന് ചില എസ്എഡി നേതാക്കള്‍ കരുതുന്നുണ്ട്. ഇത്തവണ ബിജെപിക്കൊപ്പം നിന്ന് മുന്നേറ്റമുണ്ടാക്കിയാല്‍ 2027 നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് ചോദിച്ചേക്കുമെന്നും എസ്എഡി വിലയിരുത്തുന്നു. ചണ്ഡീഗഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് ജയിച്ചതിന്റെ ഉദാഹരണം മുന്നിലുണ്ടെങ്കിലും ഒറ്റയ്ക്ക് നിന്ന് പോരാടാനാണ് ഇരു പാര്‍ട്ടികളും തീരുമാനിച്ചിരിക്കുന്നത്. എഎപി ചണ്ഡീഗഡ് ഉള്‍പ്പെടെ പതിനാല് സീറ്റില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എട്ട് സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റ് കിട്ടിയ അകാലിദളിന് 27 ശതമാനം വോട്ട് കിട്ടി. ബിജെപിക്ക് 9.7 ശതമാനം വോട്ട് ലഭിച്ചു.

logo
The Fourth
www.thefourthnews.in