കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?

കേരളത്തില്‍ 2019 ല്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ പാലക്കാടും ഭാഗമായെങ്കിലും നിര്‍ണായകമായത് മറ്റു മണ്ഡലങ്ങളെ സ്വാധീനിച്ച രാഹുല്‍ ഗാന്ധി ഫാക്ടര്‍ മാത്രമായിരുന്നില്ല
Updated on
6 min read

കൊടും ചൂടാണ് പാലക്കാട്ട്, ഒപ്പം പൂരക്കാലവും... ഇതിനും മുകളിലാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ആവേശം. പതിഞ്ഞ താളത്തില്‍ തുടങ്ങി ഉച്ചസ്ഥായിയിലെത്തുന്ന മേളപ്പെരുക്കം പോലെ കൊട്ടിക്കയറുകയാണ് തിരഞ്ഞെടുപ്പ് പ്രചാരണം.

കടുത്ത വിഭാഗീയതയിലും ഇളകാത്ത ചെങ്കോട്ടയായിരുന്നു ഇടതുപക്ഷത്തിന് പാലക്കാട്. 2009ൽ സിപിഎം വിമതരുയര്‍ത്തിയ വലിയ വെല്ലുവിളികള്‍ മറികടന്ന് ഇടതുപക്ഷത്ത് ഉറച്ചുനിന്ന പാലക്കാട് പക്ഷേ 2019 ല്‍ അപ്രതീക്ഷിതമായി കൈവിട്ടു. കേരളത്തില്‍ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ പാലക്കാടും ഒപ്പം ചേർന്നെങ്കിലും പക്ഷേ നിര്‍ണായകമായത് മറ്റു മണ്ഡലങ്ങളെ സ്വാധീനിച്ച രാഹുല്‍ ഗാന്ധി ഫാക്ടര്‍ മാത്രമായിരുന്നില്ല. പാലക്കാട്ടെ ചില വിഷയങ്ങള്‍ അന്ന് ശ്രീകണ്ഠന്റെ വിജയത്തിന് കാരണമായെന്നാണ് എല്‍ഡിഎഫിന് ഉള്ളിലും പുറത്തുമുള്ള സംസാരം.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎമ്മും ഏവരെയും ഞെട്ടിച്ച് പിടിച്ചെടുത്ത ലോക്‌സഭാ മണ്ഡലം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പരമാവധി കരുത്തുകാട്ടാന്‍ ബിജെപിയും രംഗത്തിറങ്ങുന്ന പാലക്കാട് ഇത്തവണ മൂന്ന് മുന്നണികള്‍ക്കും അഭിമാനപ്പോരാട്ടം തന്നെയാണ്. സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതിനുപിന്നാലെ തന്നെ കേരളത്തിന്റെ രാഷ്ട്രീയ ചര്‍ച്ചകളില്‍ പാലക്കാട് ഇടം പിടിച്ചിരുന്നു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്റെ വടകരയിലെ സ്ഥാനാര്‍ഥിത്വമായിരുന്നു ഇതിന് പ്രധാന കാരണം. അങ്ങനെ വടകരയിലും പാലക്കാട് തിരഞ്ഞെടുപ്പ് വിഷയമായി.

മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെയാണ് സിപിഎം പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയത്. സിറ്റിങ് എംപി വി കെ ശ്രീകണ്ഠനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പാലക്കാട് സ്ഥാനാര്‍ഥിയായുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ ബിജെപിയും കളത്തിലിറക്കിയിരിക്കുന്നു.

സിപിഎം ദേശീയ നേതാവെങ്കിലും പാലക്കാട്ടുകാര്‍ക്ക് സുപരിചിതനാണ് എ വിജയരാഘവന്‍. 1989 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തെ ലോക്‌സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട് അദ്ദേഹം. എന്നാല്‍ ആ ലോക്‌സഭാംഗത്വത്തിന് 343 ദിവസം മാത്രമായിരുന്നു കാലാവധി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ച തിരഞ്ഞെടുപ്പായിരുന്നു 1989-ലേത്. ഇന്ദിരാ ഗാന്ധി വധത്തിനുശേഷം വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ രാജീവ് ഗാന്ധി സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വലിയ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു അത്. ജനതാദള്‍ -143, ബിജെപി-85, ഇടതു മുന്നണി - 52, കോണ്‍ഗ്രസ് -197 എന്നിങ്ങനെയായിരുന്നു പ്രമുഖ കക്ഷികളുടെ സീറ്റ് നില. ബിജെപി പിന്തുണയോടെ പിന്തുണയോടെ ജനതാ ദള്‍ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ രൂപീകരിച്ചു. വി പി സിങ് ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായി.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

രാജ്യം ഹിന്ദുത്വശക്തികളുടെ രഥയാത്ര കണ്ട സമയമായിരുന്നു വി പി സിങ് സര്‍ക്കാരിന്റെ കാലം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം, അദ്വാനിയുടെ രഥയാത്ര എന്നിവ വലിയ ചര്‍ച്ചയായി ഉയര്‍ന്നു. രഥയാത്ര നടത്തിയ അദ്വാനിയെ അറസ്റ്റ് ചെയ്തതോടെ ബിജെപി ദേശീയ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്നു നടന്ന അവിശ്വാസ വോട്ടില്‍ വി പി സിങ് പരാജയപ്പെട്ടു. രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങി.

1991 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാലക്കാട് എ വിജയരാഘവനെ കൈവിട്ടു. വിജയരാഘവന്‍മാര്‍ പരസ്പരം പോരടിയ തിരഞ്ഞെടുപ്പുകളായിരുന്നു 1989, 1991 വര്‍ഷങ്ങളില്‍ നടന്നത്. 89 ല്‍ എ വിജയരാഘവനൊപ്പം നിന്ന പാലക്കാട് സിറ്റിങ് എംപിയായിരുന്ന കോണ്‍ഗ്രസിന്റെ വി എസ് വിജയരാഘവനെ കൈവിട്ടു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എ വിജയരാഘവനെ കൈവിട്ട പാലക്കാട് വി എസ് വിജയരാഘവനെ ലോക്‌സഭയിലേക്ക് അയച്ചു.

33 വര്‍ഷത്തിനിപ്പുറം എ വിജയരാഘവന്‍ വീണ്ടും പാലക്കാട് മത്സരത്തിന് ഇറങ്ങുമ്പോള്‍ ആ നാടിന്റെ രാഷ്ട്രീയവും സാഹചര്യങ്ങളും ഏറെ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ മൂന്ന് പതിറ്റാണ്ട് മുന്‍പ് പാര്‍ട്ടിയേല്‍പ്പിച്ച അതേ ദൗത്യമാണ് എ വിജയരാഘവന് ഇത്തവണയും മുന്നിലുള്ളത്. കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയില്‍നിന്ന് പാലക്കാടന്‍ കോട്ട തിരിച്ചുപിടിക്കുക.

പൊതുവെ ഇടത് ചേര്‍ന്നുനില്‍ക്കുന്ന സ്വഭാവമാണ് മണ്ഡലത്തിനുള്ളത്. പാലക്കാട് പാര്‍ലമെന്റ് മണ്ഡലം നിലവില്‍ വന്ന 1957 ന് ശേഷം കോണ്‍ഗ്രസ് അഞ്ച് തവണയും ഇടതുമുന്നണി 11 തവണയും വിജയികളായി. രാജ്യം നേരിട്ട രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി കുഞ്ഞന്റെ വിജയത്തിലൂടെയാണ് പാലക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

പാലക്കാടിന്റെ തിരഞ്ഞെടുപ്പ് ചരിത്രം

1962 ലും കുഞ്ഞന്‍ വിജയം ആവര്‍ത്തിച്ചു. 1967-ല്‍ ഇ കെ നായനാരും 1971-ല്‍ എ കെ ഗോപാലനും പാലക്കാടിന്റെ പ്രതിനിധികളായി പാര്‍ലമെന്റിലെത്തി. 1977 ല്‍ എ സുന്നാ സാഹിബിലൂടെ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 1980, 1984, തിരഞ്ഞെടുപ്പുകളില്‍ വി എസ് വിജയരാഘവനിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1989ൽ എ വിജയരാഘവനിലൂടെ തിരിച്ചുപിടിച്ച മണ്ഡലം 1991ൽ വീണ്ടും കോൺഗ്രസിന്റെ പക്കലെത്തി.

1996 ല്‍ എന്‍ എന്‍ കൃഷ്ണദാസിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സിപിഎം പിന്നീട് നടന്ന ആറ് തിരഞ്ഞെടുപ്പുകളില്‍ പാലക്കാടിനെ ഇടതുപക്ഷത്തിന് ഒപ്പം നിര്‍ത്തി. മണ്ഡല പുനര്‍നിര്‍ണയത്തോടെ പാലക്കാട് മണ്ഡലത്തിന്റെ രൂപത്തിലും വലിയ മാറ്റം വന്നു. മണ്ഡലത്തിൽ ഇടതുപക്ഷം കൂടുതല്‍ ശക്തമായി.

മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം നടന്ന രണ്ട് പൊതുതിരഞ്ഞെടുപ്പുകളില്‍ എം ബി രാജേഷ് പാലക്കാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 2019 ലും വിജയം ഉറപ്പിച്ചായിരുന്നു ഇടതുപക്ഷവും സിപിഎമ്മും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വോട്ടെണ്ണല്‍വരെയും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന ഇടതുപക്ഷത്തിന് പക്ഷേ അപ്രതീക്ഷിതമായി പാലക്കാട് കാലിടറി. കേരളത്തിലുടനീളം രാഹുല്‍ ഗാന്ധി തരംഗം ആഞ്ഞടിച്ചതിനൊപ്പം മറ്റു ചില ഘടകങ്ങളുമായതോടെ പാലക്കാടും യുഡിഎഫിനൊപ്പം നിന്നു.

കളിമാറ്റിയ പട്ടാമ്പിയും മണ്ണാര്‍ക്കാടും

2019 ല്‍ എം ബി രാജേഷിന് തിരിച്ചടിയായ ചില ഘടകങ്ങള്‍ മറികടക്കാന്‍ കഴിഞ്ഞാല്‍ മണ്ഡലം അനായാസം പിടിച്ചെടുക്കമാമെന്നാണ് സിപിഎം ഇത്തവണ കണക്കുകൂട്ടുന്നത്. നിലവിലെ സാഹചര്യങ്ങള്‍ അതിന് അനുകൂലമാണെന്നും ഇടതുപക്ഷം വിലയിരുത്തുന്നു. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠന്റെ വിജയത്തില്‍ നിര്‍ണായകമായത് പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ നേടിയ ലീഡായിരുന്നു. പട്ടാമ്പി മണ്ഡലത്തില്‍ മാത്രം 17,179 വോട്ടിന്റെയും മണ്ണാര്‍ക്കാട്ട് 29,695 വോട്ടിന്റെയും ഭൂരിപക്ഷം ശ്രീകണ്ഠന് നേടാനായി.

വലിയ തിരിച്ചടി നേരിട്ട ഈ മണ്ഡലങ്ങള്‍ക്ക് പുറമെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ഷൊര്‍ണൂരിലും കോങ്ങാടും പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനും എം ബി രാജേഷിന് കഴിഞ്ഞിരുന്നില്ല. ഇതാണ് വി കെ ശ്രീകണ്ഠന്റെ ഭൂരിപക്ഷം 11,637 എന്ന നിലയിലേക്ക് ഉയര്‍ത്തിയത്.

നിയമസഭയിലേക്ക് എത്തുമ്പോള്‍ കണക്കില്‍ ചെറിയ ആശ്വാസം ഇടതുപക്ഷത്തിനുണ്ട്. സിപിഐ സ്ഥാനാര്‍ഥിയായി മുഹമ്മദ് മുഹ്‌സിന്‍ രണ്ടാമതും മത്സരിച്ച പട്ടാമ്പിയില്‍ 75,311 വോട്ടുകള്‍ നേടാന്‍ (49.7 ശതമാനം) ഇടതുപക്ഷത്തിനായി. 17,974 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിയാസ് മുക്കോളിയെ മുഹ്‌സിന്‍ പരാജയപ്പെടുത്തിയത്.

മണ്ണാര്‍ക്കാട് മുസ്ലിം ലീഗ് നേതാവ് അഡ്വ. എന്‍ ഷംസുദ്ധീന്‍ നിലനിര്‍ത്തി(71,657)യെങ്കിലും ഭൂരിപക്ഷം 5870 ആയി കുറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് 65787 വോട്ടാണ് നേടിയത്. എന്‍ഡിഎയ്ക്കായി എഐഎഡിഎംകെ മത്സരിച്ച മണ്ണാര്‍ക്കാട് അഗളി നസീമ 10,376 വോട്ടുകളും സ്വന്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം ഉയര്‍ത്തിയ വിവാദം

എം ബി രാജേഷിന്റെ പരാജയം സിപിഎമ്മില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പാര്‍ട്ടിക്ക് ലഭിക്കേണ്ട വോട്ടുകളുടെ അടിയൊഴുക്കാണ് പരാജയത്തിന് കാരണമായതെന്ന് പാര്‍ട്ടി വിലയിരുത്തലുകള്‍ പിന്നീട് പുറത്തുവന്നു. പാലക്കാട് സിപിഎമ്മിലെ പ്രബലരായ നേതാക്കളായ പി കെ ശശി, സി കെ രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു പ്രധാനമായും വിരല്‍ ചൂണ്ടപ്പെട്ടത്. പി കെ ശശിക്ക് സ്വാധീനമുള്ള മണ്ണാര്‍ക്കാടും അന്ന് എംഎല്‍എ ആയിരുന്ന ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലത്തിലും രാജേഷിന് വോട്ട് കുറഞ്ഞതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം.

വി കെ ശ്രീകണ്ഠന്റെ പരാതികള്‍

പാലക്കാട് ഡിസിസി പ്രസിഡന്റായിരിക്കെയാണ് വി കെ ശ്രീകണ്ഠന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രചാരണത്തിന് ഫണ്ട് ഉണ്ടായിരുന്നില്ലെന്നും കൃത്യമായ ഏകോപനത്തിന്റെ അഭാവമുണ്ടായെന്നും വേണ്ട രീതിയിലുള്ള പ്രവര്‍ത്തനം നേതൃത്വത്തില്‍നിന്നുണ്ടായില്ലെന്നും പരാതിപ്പെട്ടിരുന്നു. പ്രചരണഘട്ടത്തിലും വോട്ടെടുപ്പിനുശേഷവും വി കെ ശ്രീകണ്ഠന്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലത്തോടെ വിവാദങ്ങള്‍ അവസാനിച്ചു.

Summary

കണക്കുകളും ചരിത്രവും ഇങ്ങനെയാണെങ്കിലും ത്രികോണ പോരാട്ടത്തിന്റെ ചൂടിലാണ് പാലക്കാട് ഇത്തവണ. പ്രതിസന്ധികള്‍ പലതുണ്ടെങ്കിലും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല യുഡിഎഫും എല്‍ഡിഎഫും. പരമാവധി വോട്ടുകള്‍ ശേഖരിച്ച് കരുത്തുകാട്ടാന്‍ ബിജെപിയും ഇത്തവണ ശ്രമിക്കുന്നു

എണ്ണയിട്ട യന്ത്രം പോലെ ഇടതുപക്ഷം

കൈവിട്ട പാലക്കാടിനെ ഒപ്പം നിര്‍ത്താന്‍ പാര്‍ട്ടി സംവിധാനങ്ങളെ എണ്ണയിട്ട യന്ത്രം പോലെ ചലിപ്പിക്കുകയാണ് സിപിഎം. പ്രചാരണത്തിലും ഇടതുമുന്നണി ഏറെ മുന്നിലാണ്. എം ബി രാജേഷിന്റെ തോല്‍വിക്ക് കാരണമായ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചാണ് സിപിഎം ഇത്തവണ മുന്നോട്ടുപോകുന്നത്. എ വിജയരാഘവന്‍ എന്ന നേതാവിനെ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. ബിജെപിക്ക് ബദല്‍ ഇടതു പക്ഷമാണെന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫിന്റെ പ്രചാരണായുധം.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

ഇടതുപക്ഷത്തിന്റെ ഗെയിം പ്ലാന്‍

തിരിച്ചടി നേരിട്ട മേഖലയില്‍ തിരിച്ചുവരാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ഇതില്‍ പ്രധാനം മണ്ണാര്‍ക്കാട് മേഖലയാണ്. അട്ടപ്പാടി പോലുള്ള പ്രദേശത്ത് സിപിഎമ്മിന്റെ സംഘടനാ സംവിധാനം ദുര്‍ബലപ്പെട്ടെന്ന ആക്ഷേപങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം മറികടക്കാനാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിപിഎം. എം ബി രാജേഷിന്റെ തോല്‍വിയില്‍ പഴികേട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ പി കെ ശശിയുള്‍പ്പെടെയുള്ള നേതാക്കള്‍ മേഖലയില്‍ സജീവമാണ്. എന്ത് വിലകൊടുത്തും ഇത്തവണ പാലക്കാട് തിരിച്ചുപിടിക്കുമെന്ന് പറയുമ്പോഴും മുന്‍ തിരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠന്‍ മണ്ണാര്‍ക്കാട് നേടിയത് മണ്ഡലത്തിലെ 80.1 ശതമാനം വോട്ടാണെന്നത് എല്‍ഡിഎഫിന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

മണ്ഡലത്തിന്റെ സവിശേഷ സ്വഭാവം കണക്കിലെടുത്താണ് ഇടതുപക്ഷം ഇത്തവണ പ്രചാരണം നയിക്കുന്നത്. 29.6 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ സിഎഎയും ഏക സിവില്‍ കോഡും സജീവ ചര്‍ച്ചയാക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു. ഇതിനൊപ്പം ബിജെപി സ്വാധീനമുള്ള മേഖലകളില്‍ പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഒപ്പം നിര്‍ത്താനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാനും ഇടതു പക്ഷം കരുതല്‍ കാണിക്കുന്നു.

സിപിഐ നിര്‍ണായകം

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പട്ടാമ്പി, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ നിലവില്‍ സിപിഐ മത്സരിക്കുന്നവയാണ്. കഴിഞ്ഞ തവണ എം ബി രാജേഷിന്റെ തോല്‍വിയില്‍ പ്രധാന പങ്ക് വഹിച്ചതും ഇതേ മണ്ഡലങ്ങളായിരുന്നു. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പിയില്‍ ജയിക്കാനും മണ്ണാര്‍ക്കാട് ലീഗിന്റെ ഭൂരിപക്ഷം കുറയ്ക്കാനും കഴിഞ്ഞു. അതിനാല്‍ ഈ രണ്ട് മേഖലകളിലും തങ്ങളുടെ ശക്തി തെളിയിക്കാന്‍ സിപിഐക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

വി കെ ശ്രീകണ്ഠന്റെ ജനകീയത കൂടിയോ?

2019 ലെ വിജയം വി കെ ശ്രീകണ്ഠന്‍ പോലും സ്വപ്‌നം കണ്ടിരുന്നില്ലെന്നാണ് പാലക്കാട്ടെ പൊതുവിലുള്ള സംസാരം. എന്നാല്‍ അഞ്ച് വര്‍ഷത്തിനിപ്പുറം ഇടതുപക്ഷം നേരിടേണ്ടത് ജനകീയനായ ഒരു എം പിയെയാണെന്ന് പറയേണ്ടിവരും. മണ്ഡലത്തിലെ സാധാരണക്കാര്‍ക്ക് പ്രാപ്യനായ ജനപ്രതിനിധിയെന്ന് പേരു സമ്പാദിക്കാന്‍ ശ്രീകണ്ഠന് കഴിഞ്ഞിട്ടുണ്ട്. എ വിജയരാഘന് മുന്നിലുള്ള പ്രധാന വെല്ലുവിളിയും ഇത് തന്നെയാണ്.

എന്നാല്‍, പ്രചാരണത്തില്‍ അല്പം പിന്നിലാണ് ശ്രീകണ്ഠന്‍. കോണ്‍ഗ്രസിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി ശ്രീകണ്ഠന്റെ പ്രചാരണങ്ങളെയും ബാധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകണ്ഠന്‍ ജനങ്ങളിലേക്കിറങ്ങുന്നത്. തന്റെ പ്രചാരണത്തിന് പോസ്റ്ററുകള്‍ ആവശ്യമില്ലെന്ന തികഞ്ഞ ആത്മവിശ്വസവും വി കെ ശ്രീകണ്ഠനുണ്ട്. മണ്ഡല പര്യടനം ഉള്‍പ്പെടെ വരും ദിവസങ്ങളില്‍ സജീവമാക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

ഷാഫി പറമ്പിലിന്റെ അഭാവം

വടകരയിലേക്ക് കോണ്‍ഗ്രസ് ഷാഫി പറമ്പിലിനെ നിയോഗിച്ചപ്പോള്‍ പാലക്കാട്ടുകാര്‍ നല്‍കിയ വികാരപരമായ സ്വീകരണം കേരളം ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. ഷാഫിയുടെ അഭാവം പക്ഷേ ശ്രീകണ്ഠന് നഷ്ടമാക്കിയത് ഒരു പടനായകനെയാണ്. ജില്ലയില്‍ ക്രൗഡ് പുള്ളറാണ് ഷാഫി പറമ്പില്‍. പാലക്കാട് മണ്ഡലത്തിനപ്പുറം സ്വന്തം നാടായ പട്ടാമ്പിയിലും ഷൊര്‍ണൂരും സ്വാധീനമുള്ള നേതാവ്. ഷാഫിയുടെ അഭാവം പ്രകടമാണെന്ന് വി കെ ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

കേന്ദ്ര പദ്ധതികള്‍ പ്രചരണായുധമാക്കി ബിജെപി

പ്രധാമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രചരണത്തിന് ഇറക്കിയാണ് ബിജെപി കളം പിടിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ പാലക്കാടിന് നല്‍കിയ വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞാണ് പാര്‍ട്ടി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ വോട്ട് ചോദിക്കുന്നത്.

റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം, ഐഐടി, ദേശീയപാത വികസനം, ഫുഡ്‌പാര്‍ക്ക്, ഫിലിം പാര്‍ക്ക്, അട്ടപ്പാടിക്കുള്ള 2400 കോടി രൂപയുടെ പാക്കേജ്, അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയും സജീവ ചര്‍ച്ചയാക്കുകയാണ് ബിജെപി.

എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ സി കൃഷ്ണകുമാറിനോടുള്ള എതിര്‍പ്പാണ് ബിജെപി നേരിടുന്ന പ്രധാന വെല്ലുവിളി. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭ തിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി സ്ഥാനാര്‍ഥിയാകുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയോട് പ്രാദേശിക നേതാക്കള്‍ക്ക് എതിര്‍പ്പുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അവഗണിക്കാനാകാത്ത ബിജെപിയുടെ വളര്‍ച്ച

നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പാലക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ. ഏഴ് മണ്ഡലങ്ങളില്‍ കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. മണ്ണാര്‍ക്കാട് മുസ്ലിം ലീഗും പാലക്കാട് കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലും പ്രതിനിധീകരിക്കുന്നു.

ഇതില്‍ പാലക്കാടും മലമ്പുഴയും ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. മലമ്പുഴ മണ്ഡലത്തില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ഥി എ പ്രഭാകരന്‍ 46.7 ശതമാനം (75,934) വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ 30.9 ശതമാനം (50,200) വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് കെ അനന്തകൃഷ്ണന് 21.8 ശതമാനം വോട്ടുകള്‍ (35,444) മാത്രമാണ് നേടാനായത്.

മലമ്പുഴയില്‍ സിപിഎം - ബിജെപി പേരാട്ടമെങ്കില്‍ പാലക്കാട് നടന്നത് കോണ്‍ഗ്രസ് - ബിജെപി പോരാട്ടമായിരുന്നു. ഷാഫി പറമ്പിലും ബിജെപി സ്ഥാനാര്‍ഥിയായ ഇ ശ്രീധരനും തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ ജയിച്ചുകയറിയത്. ഇരു സ്ഥാനാര്‍ഥികളും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 2.7 ശതമാനം മാത്രമായിരുന്നു.

ഷാഫി പറമ്പില്‍ 38.2 ശതമാനം വോട്ട് (54,079) നേടിയപ്പോള്‍ ഇ ശ്രീധരന്‍ 35.5 ശതമാനവും (50,220) അഡ്വ. സി പി പ്രമോദ് 25.7 ശതമാനം (36,433) വോട്ട് സ്വന്തമാക്കി.

ഷൊര്‍ണൂരും സ്ഥിതി മറിച്ചായിരുന്നില്ല. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസും മൂന്നാം സ്ഥാനത്തുള്ള ബിജെപിയും തമ്മിലുള്ളത് 1.5 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഫിറോസ് ബാബു 37,726 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാര്യര്‍ 36,973 വോട്ട് നേടി. വിജയിച്ച സിപിഎം സ്ഥാനാര്‍ഥി പി മമ്മിക്കുട്ടി 74,00 വോട്ട് (49.2 ശതമാനം ) നേടി. കോങ്ങാട് മണ്ഡലത്തില്‍ 20.1 ശതമാനത്തിലധികവും ഒറ്റപ്പാലത്ത് 15.6 ശതമാനം വോട്ടുകള്‍ നേടാനും ബിജെപിക്ക് കഴിഞ്ഞു.

കൊടും ചൂടാണ് പാലക്കാട്ട്; ജനവിധിയില്‍ ആര്‍ക്ക് പൊള്ളും?
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

വിജയം നിര്‍ണയിക്കുന്ന ഘടകങ്ങള്‍

ത്രികോണ പോരാട്ടമെന്ന നിലയിലേക്ക് മാറിയ പാലക്കാട് മണ്ഡലത്തില്‍ ആര് വിജയം നേടണമെന്ന് തീരുമാനിക്കുന്നതില്‍ പല ഘടകങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. അതില്‍ പ്രധാനം മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ തന്നെ. ഇത് പരമാവധി ഒപ്പം നിര്‍ത്താനായിരിക്കും എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുക. മുന്‍ തിരഞ്ഞെടുപ്പില്‍ 21.4 ശതമാനം വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ഥി ഇത്തവണ നേടുന്ന വോട്ടും ജയപരാജയത്തില്‍ നിര്‍ണായകമാകും. ബിജെപി പിടിക്കുന്ന വോട്ടുകള്‍ ഏത് പാളയത്തില്‍നിന്ന് ചോരുന്നതാതെന്നത് വിജയത്തില്‍ നിര്‍ണായകമാകും.

logo
The Fourth
www.thefourthnews.in