തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്

ഹൈന്ദവ വോട്ടുകള്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പകുത്തെടുക്കുമ്പോള്‍ ലത്തീന്‍ വോട്ടുകള്‍ വിഭജിക്കാറില്ല

വമ്പന്‍മാരെ വാഴിച്ചും വീഴ്ത്തിയും രാഷ്ട്രീയ നിലപാടില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ പ്രകടമാക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. രാഷ്ട്രീയത്തിലുപരി വ്യക്തിപ്രഭാവത്തില്‍ വോട്ടര്‍മാര്‍ മാറിചിന്തിക്കാറുണ്ടോ എന്നു പോലും തോന്നിയ തിരഞ്ഞെടുപ്പുകള്‍ കണ്ടിട്ടുണ്ട് തിരുവനന്തപുരം. ഐക്യകേരളം രൂപപ്പെടുന്നതിനു മുന്‍പ് 1952ലെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പു പോലും തുടങ്ങിയത് അട്ടിമറിയിലൂടെ. തിരുവിതാംകൂറിന്റെ പ്രഥമപ്രധാനമന്ത്രിയായ പറവൂര്‍ ടി കെ നാരായണപിള്ളയേയും കോണ്‍ഗ്രസിന്റെ ബാലകൃഷ്ണന്‍ തമ്പിയേയും അട്ടിമറിച്ച് ആനി മസ്‌ക്രീന്‍ ആണ് വിജയം സ്വന്തമാക്കിയത്.

തുടര്‍ന്നിങ്ങോട്ട് പി എസ് നടരാജപിള്ള, വി കെ കൃഷ്ണമേനോന്‍, എം എന്‍ ഗോവിന്ദന്‍ നായര്‍, കെ കരുണാകരന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി കെ വാസുദേവന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ വിജയിച്ച മണ്ഡലമാണ് തിരുവനന്തപുരം. പട്ടം താണുപിള്ള, ഡി ദാമാദരന്‍ പോറ്റി, ടി കെ നാരായണ പിള്ള, ഒഎന്‍വി കുറുപ്പ്, ഒ രാജഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ക്ക് തോല്‍വി സമ്മാനിച്ചതും ഇതേ തിരുവനന്തപുരമാണ്.

തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാംമൂഴമെന്ന നേട്ടത്തിനായാണ് നിലവിലെ എംപി ശശി തരൂര്‍ ഇത്തവണ പോരാട്ടത്തിറങ്ങുന്നത്. 1984,1988,1991 എന്നീ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച കോണ്‍ഗ്രസിന്റെ എ ചാള്‍സാണ് ഇതുവരെ മണ്ഡലത്തില്‍ നിന്നു ശശി തരൂരിനെ കൂടാതെ മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ച നേതാവ്.

തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്
ആറ്റിങ്ങലിലെ പോരാട്ടത്തിന് ആഴമേറെ

മിക്കപ്പോഴും കോണ്‍ഗ്രസിനൊപ്പം, ഇടയ്ക്ക് ഇടത്തേക്ക്, ശക്തി കുത്തനെ കൂട്ടി ബിജെപി

മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് തിരുവനന്തപുരത്തിനുള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണിക്കായി മത്സരിച്ചു പോരുന്നത് സിപിഐയാണ്. 1977ല്‍ എം എന്‍ ഗോവിന്ദന്‍ നായരിലൂടെയാണ് മണ്ഡലം ചുവന്നത്. എന്നാല്‍, പിന്നീട് 1996ലാണ് പിന്നീടൊരു സിപിഐ സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്. മൂന്നു തവണ തുടര്‍ച്ചയായി വിജയിച്ച കോണ്‍ഗ്രസിന്റെ എ ചാള്‍സിനെ തോല്‍പ്പിച്ച് കെ വി സുരേന്ദ്രനാഥാണ് ചെങ്കൊടി പാറിച്ചത്. പിന്നീട് 2004ല്‍ പി കെ വാസുദേവന്‍ നായരും 2005ല്‍ പന്ന്യന്‍ രവീന്ദ്രനും സിപിഐക്കായി വിജയം നേടി. 1980ല്‍ കോണ്‍ഗ്രസിനായി നീലലോഹിതദാസന്‍ നാടാര്‍ പ്രമുഖനായ സിപിഐ നേതാവ് എം എന്‍ ഗോവിന്ദന്‍ നായരെ അടിപറയിച്ചതിനു ശേഷം പിന്നീട് നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ എ ചാള്‍സ് വിജയം കണ്ടു. പിന്നീട് 1998ല്‍ കെ കരുണാകരനും 1999ല്‍ വി എസ് ശിവകുമാറും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ 2009 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ശശി തരൂരാണ്.

2009 തിരഞ്ഞെടുപ്പിനു ശേഷമുള്ള പൊതുതിരഞ്ഞെടുപ്പുകളില്‍ സിപിഐ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി സ്ഥാനാര്‍ത്ഥി രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്‌തോടെ മണ്ഡലത്തില്‍ ബിജെപിക്കുള്ള ശക്തി ഈ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നെന്ന് വ്യക്തമായി. 2014 തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലാണ് തരൂരിനു പിന്നിലെത്തിയത്. തരൂര്‍ 2,97,806 വോട്ടുകള്‍ നേടിയപ്പോള്‍ രാജഗോപാല്‍ 2,82,336 വോട്ടുകള്‍ നേടി. 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തരൂരിന്റെ വിജയം. പോള്‍ ചെയ്തതില്‍ 34.09 ശതമാനം വോട്ടുകള്‍ തരൂര്‍ നേടിയപ്പോള്‍ 32.32 ശതമാനം രാജഗോപാലിന് അനുകൂലമായി. തൊട്ടുമുന്‍പത്തെ തിരഞ്ഞെടുപ്പിനേക്കാള്‍ 20.92 ശതമാനം വോട്ടുകളാണ് ബിജെപി വര്‍ധിപ്പിച്ചത്.

ഈ തിരഞ്ഞെടുപ്പിലാണ് സിപിഐ പേയ്‌മെന്റ് സീറ്റ് വിവാദം നേരിടേണ്ടി വന്നത്. കാരക്കോണം മെഡിക്കല്‍ കോളേജിന്റെ ഡയറക്ടര്‍ കൂടിയായിരുന്ന ബെനറ്റ് എബ്രഹാം ആയിരുന്നു സിപിഐക്ക് വേണ്ടി മത്സരിച്ചത്. പണം നല്‍കി വാങ്ങിയ സീറ്റാണിതെന്ന ആരോപണം അക്കാലത്ത് ശക്തമായി ഉയരുകയും തിരഞ്ഞെടുപ്പില്‍ ബെനറ്റ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്
തിരിച്ചുപിടിക്കാന്‍ കെസി, നിലനിര്‍ത്താന്‍ ആരിഫ്, നിലയുറപ്പിക്കാന്‍ ശോഭ; ആര്‍ക്ക് പിടികൊടുക്കും ആലപ്പുഴ?

2019 തിരഞ്ഞെടുപ്പില്‍ ബിജെപിക്കായി കുമ്മനം രാജശേഖരനേയും സിപിഐക്കായി സി ദിവാകരനേയുമാണ് ശശി തരൂര്‍ നേരിട്ടത്. 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തരൂരിന്റെ വിജയം. 2014നേക്കാള്‍ 7.10 ശതമാനം വോട്ടുകള്‍ അധികം നേടി 41.19 ശതമാനത്തില്‍ 4,161,31 വോട്ടുകളാണ് തരൂര്‍ സ്വന്തമാക്കിയത്. കുമ്മനം രണ്ടാംസ്ഥാനത്ത് എത്തിയപ്പോള്‍ ദിവാകരന് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

2010 മുതല്‍ ഇങ്ങോട്ട് മണ്ഡലത്തിന്റെ നഗരപ്രദേശങ്ങളില്‍ ബിജെപി വലിയ ശക്തിയായി മാറിയെന്ന് തെളിയിക്കുന്നതായിരുന്നു കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്. 100 കൗണ്‍സിലര്‍മാരില്‍ 35 പേരും ബിജെപിക്കാരായതും മുഖ്യപ്രതിപക്ഷമായതും പാര്‍ട്ടി നേടിയ ജനപിന്തുണ വ്യക്തമാക്കുന്നുണ്ട്.

കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ലോക്‌സഭ മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോവളം ഒഴികെ എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷം തൂത്തുവാരി. അതിനാല്‍ കൃത്യമായ രാഷ്ട്രീയനിലപാടുകള്‍ സ്ഥിരമായി സ്വീകരിക്കുന്ന മണ്ഡലമായി തിരുവനന്തപുരത്തെ കണക്കാക്കാന്‍ സാധിക്കില്ല.

തട്ടകം വിടാതെ തരൂര്‍, സൗമ്യമുഖമായി പന്ന്യന്‍, ഹൈടെക്കായി രാജീവും

2024 പൊതുതിരഞ്ഞെടുപ്പില്‍ ഇത്തവണ പുതുമുഖമായുള്ള പ്രമുഖ സ്ഥാനാര്‍ഥി കേന്ദ്രസഹമന്ത്രിയായ ബിജെപിയുടെ രാജീവ് ചന്ദ്രശേഖറാണ്. ഹാട്രിക് വിജയത്തിനു ശേഷം നാലാം വിജയമെന്ന റെക്കോഡിനായി ശശി തരൂര്‍ ഇറങ്ങുമ്പോള്‍ സൗമ്യമുഖവും തിരുവനന്തപുരത്തെ സ്ഥിരസാന്നിധ്യവുമായ പന്ന്യന്‍ രവീന്ദ്രനാണ് ഇടതുമുന്നണിക്കായി കളത്തിലിറങ്ങുന്നത്. രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിച്ചപ്പോഴും മണ്ഡലം സുരക്ഷിതമാക്കിയ നേതാവാണ് തരൂര്‍. 2009ല്‍ ആദ്യമായി ശശി തരൂരിനെ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചോള്‍ കോണ്‍ഗ്രസിലെ സംസ്ഥാന നേതൃത്വത്തില്‍ നിന്നു പോലും പൊട്ടിത്തെറികളുണ്ടായി. ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. പ്രചാരണത്തില്‍ പോലും അത് പ്രതിഫലിക്കുകയും ചെയ്തു. എന്നാല്‍, തലസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയിലും നഗരവാസികള്‍ക്കിടിയിലും വിശ്വപൗരന്‍ എന്ന ഇമേജ് തരൂരിന് അനുകൂലമായി. കന്നിപ്പോരാട്ടത്തില്‍ 99,998 വോട്ടുകള്‍ക്കാണ് സിപിഐ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രനെ തരൂര്‍ അടിയറവ് പറയിച്ചത്. 2009ല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി ആയതോടെ തരൂരിന്റെ രാഷ്ട്രീയഗ്രാഫ് കുത്തനെ ഉയര്‍ന്നു. 2010ല്‍ ഐപിഎല്‍ വിവാദത്തില്‍പ്പെട്ട് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നെങ്കിലും 2012ല്‍ വീണ്ടും മന്ത്രിസഭയില്‍ തിരിച്ചെത്തി. യുവാക്കിള്‍ക്കിടയിലും നഗരവാസികള്‍ക്കിടയിലും തരൂരിന് വലിയ സ്വീകാര്യതയുണ്ട്. ഇതു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍. 2019 തിരഞ്ഞെടുപ്പില്‍ നേമം ഒഴികെ ബാക്കി ആറു നിയമസഭ മണ്ഡലങ്ങളും തരൂരിനൊപ്പമായിരുന്നു.

തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്
വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

കണ്ണൂര്‍ കക്കാട്ട് സ്വദേശിയാണ് സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനെങ്കിലും കാലങ്ങളായി തിരുവനന്തപുരം നിവാസികള്‍ക്കൊപ്പമാണ് ജീവിതം. തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പി കെ വാസുദേവന്‍നായരുടെ നിര്യാണത്തെത്തുടര്‍ന്ന് 2005 നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് പതിനാലാം ലോക്സഭയില്‍ എംപിയായി. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചുവെങ്കിലും സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വി ഡി സതീശനോട് പരാജയപ്പെട്ടു. തുടര്‍ന്ന് തലസ്ഥാനം ആസ്ഥാനമാക്കിയാണ് പന്ന്യന്റെ പ്രവര്‍ത്തനം. സിപിഐ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ സദാസമയവും പ്രവര്‍ത്തനസജ്ജനായി കാണാം പന്ന്യനെ. പാര്‍ട്ടി പ്രവര്‍ത്തകരെ കൂടാതെ സാധാരണക്കാര്‍ക്കിടയിലുള്ള സ്വീകാര്യത കൂടിയാണ് ഈ തിരഞ്ഞെടുപ്പില്‍ പന്ന്യനെ തേടി സ്ഥാനാര്‍ഥിത്വം എത്താന്‍ കാരണം. തലസ്ഥാനത്തെ കലാ-സാംസ്‌കാരിക-കായിക പരിപാടികളിലെ സജീവ സാന്നിധ്യം കൂടിയാണ് പന്ന്യന്‍. മുന്നണി വോട്ടുകള്‍ക്കൊപ്പം വ്യക്തിപ്രഭാവം കൂടി കണക്കിലെടുത്താല്‍ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്.

ബിജെപി ലക്ഷ്യമിടുന്ന എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. മീഡിയ അടക്കം ബിസിനസ് രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയ കോര്‍പ്പറേറ്റ് കൂടിയാണ് രാജീവ്. 2006 മുതല്‍ 2018 വരെ രാജ്യസഭ അംഗമായിരുന്നെങ്കിലും 2018ല്‍ മാത്രം ബിജെപി അംഗത്വം സ്വീകരിച്ച നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്തു നിന്ന് 2021ല്‍ നരേന്ദ്രമോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി. നിലവില്‍ ഐടി-ഇലക്ട്രോണിക്‌സ് വകുപ്പ് സഹമന്ത്രിയാണ്. ഹൈടെക് പ്രഭാവമാണ് രാജീവ് എടുത്തുകാണിക്കുന്നത്. യുവാക്കളെയും നഗരവാസികളേയും സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രചാരണതന്ത്രമാണ് രാജീവ് പയറ്റുന്നത്. വര്‍ഷങ്ങളായി മണ്ഡലത്തില്‍ ഉറപ്പിച്ച പാര്‍ട്ടി വോട്ടുകള്‍ കൂടാതെ കന്നിവോട്ടര്‍മാരുടെ അടക്കം യുവജനതയുടെ അനുകൂല വിധിയിലാണ് രാജീവിന്റെ പ്രതീക്ഷ. കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ എത്തിയാല്‍ മന്ത്രിസാധ്യതകൂടി പറഞ്ഞാണ് ബിജെപിയുടെ തിരുവനന്തപുരത്തെ പ്രചാരണം.

തരൂരിന്റെ തട്ടകം, അന്യനല്ലാത്ത പന്ന്യന്‍, ഹൈടെക്ക് രാജീവ്
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?
ജാതിസമവാക്യത്തില്‍ ഹിന്ദുവോട്ടര്‍മാര്‍ക്ക് വലിയ ഭൂരിപക്ഷമെങ്കിലും പലപ്പോഴും തിരുവനന്തപുരം മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക തീരദേശത്തെ ഉള്‍പ്പെടെയുള്ള ക്രൈസ്തവ-ലത്തീന്‍ വോട്ടുകളാണ്.

നിര്‍ണായകം തീരദേശം

2011 ലെ സെന്‍സസ് പ്രകാരം തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ ജനസംഖ്യ 17,03,709 ആണ്. മൊത്തം ജനസംഖ്യയില്‍ 27.83% ഗ്രാമവാസികളും 72.17% നഗരവാസികളുമാണ്. മൊത്തം ജനസംഖ്യയില്‍ പട്ടികജാതി- 9.82 ശതമാനം, പട്ടികവര്‍ഗം-0.45 ശതമാനവുമാണ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം തിരുവനന്തപുരം മണ്ഡലത്തില്‍ 13,34,665 വോട്ടര്‍മാരും 1077 പോളിംഗ് സ്റ്റേഷനുകളുമാണ് ഉണ്ടായിരുന്നത്. ജാതിസമവാക്യത്തില്‍ ഹിന്ദുവോട്ടര്‍മാര്‍ക്ക് വലിയ ഭൂരിപക്ഷമെങ്കിലും പലപ്പോഴും തിരുവനന്തപുരം മണ്ഡലത്തിലെ വിധി നിര്‍ണയിക്കുക തീരദേശത്തെ ഉള്‍പ്പെടെയുള്ള ക്രൈസ്തവ-ലത്തീന്‍ വോട്ടുകളാണ്. ഹൈന്ദവ വോട്ടുകള്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പകുത്തെടുക്കുമ്പോള്‍ ലത്തീന്‍ വോട്ടുകള്‍ വിഭജിക്കാറില്ല. അതാത് അവസരങ്ങളിലെ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ച് സഭാ നേതൃത്വത്തിന്റെ നിര്‍ദേശത്തിന് അനുസരിച്ച് മാത്രമാണ് ലത്തീന്‍ വോട്ടുകളുടെ ഒഴുക്ക്. 2014 തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ നിന്ന് അവസാന റൗണ്ടുകളില്‍ ശശി തരൂര്‍ മുന്നേറിയതും ഇതേ വോട്ടുകളുടെ പിന്‍ബലത്തിലാണ്. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ രാജഗോപാല്‍ മുന്നേറിയപ്പോള്‍ ക്രൈസ്തവ-ലത്തീന്‍ വോട്ടുകളുടെ കേന്ദ്രമായ തീരദേശം കൂടി ഉള്‍പ്പെടുന്ന കോവളം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങള്‍ തരൂരിനൊപ്പം നിന്നതോടെയാണ് രാജഗോപാല്‍ പരാജയം രുചിച്ചത്. കേരളത്തില്‍ ബിജെപി ആദ്യമായി ഒരു നിയമസഭ അംഗത്തെ വിജയിപ്പിക്കാനായതും തിരുവനന്തപുരം ലോക്‌സഭ മണ്ഡത്തില്‍ ഉള്‍പ്പെട്ട നേമത്ത് നിന്നാണ്. 2016 നിയമസഭ പോരാട്ടത്തില്‍ സിപിഎം സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിയെ 8671 വോട്ടുകള്‍ക്കാണ് രാജഗോപാല്‍ പരാജയപ്പെടുത്തിയത്.

രാഷ്ട്രീയവെല്ലുവിളികള്‍ നിരവധി എത്തിയിട്ടും തട്ടകം വിട്ടുകൊടുക്കാത്ത തരൂരും ജനകീയത മുന്‍നിര്‍ത്തി പന്ന്യനും ഹൈടെക് തന്ത്രങ്ങളുമായി രാജീവും കളം നിറഞ്ഞതോടെ തിരുവനന്തപുരത്തെ പോര് ത്രില്ലറാകുമെന്നതില്‍ തര്‍ക്കമില്ല.

logo
The Fourth
www.thefourthnews.in