വടകര പിടിക്കാൻ എളുപ്പവഴിയില്ല;  കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

വടകര പിടിക്കാൻ എളുപ്പവഴിയില്ല; കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?

വടകരയിലെ മുസ്ലിം വോട്ടുകൾ ആർക്കു വീഴും? സ്ത്രീകൾ ആർക്കൊപ്പം നിൽക്കും? പ്രവചനം സാധ്യമാകാതെ വടകര

ഇടതുപക്ഷ മനസുള്ള മണ്ഡലമാണ് എന്നും വടകര. നിലവില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലിന് ആ മണ്ഡലം നല്‍കിയ സ്വീകരണം മറന്നല്ല ഈ വിലയിരുത്തല്‍. ആ ജനസഞ്ചയവും ഈ ഇടതുപക്ഷത്തിന്റെ തന്നെ ഭാഗമാണ്. മുഖ്യധാരാ ഇടതുപക്ഷത്തെ വ്യക്തമായി വിലയിരുത്തുന്ന ഒരു ഇടത് അന്തര്‍ധാര കടന്നുപോകുന്ന മേഖലയാണ് കടത്തനാടിന്റെ മണ്ണ്.

ഇടതുകോട്ടയായ വടകര 2009ല്‍ സിപിഎമ്മിന് കൈവിട്ടു പോകുന്നതിനു കാരണവും വടകരയിലെ ജനങ്ങള്‍ക്കുള്ള ഇടതു സാക്ഷരത തന്നെയാണെന്ന് പറയാം. ഇത്തവണ ആദ്യം കളത്തിലിറങ്ങിയത് കെ കെ ശൈലജയാണ്. കേരളമെമ്പാടും അസാമാന്യ സ്വീകാര്യതയുള്ള വ്യക്തി. 2021ലെ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച എംഎല്‍എ. എല്ലാം ശാന്തമായി മുന്നോട്ടു പോവുകയായിരുന്നു. വടകരയില്‍ രണ്ടാമൂഴം പ്രതീക്ഷിച്ച് കെ മുരളീധരന്‍ ചുവരെഴുത്തുകളും ബാനറുകളുമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മുരളീധരനെ തൃശൂരിലേക്കും ഷാഫി പറമ്പിലിനെ വടകരയിലേക്കും നിയോഗിച്ചു. ഇതോടെ വടകരയുടെ ചിത്രം തന്നെ മാറി.

വടകര പിടിക്കാൻ എളുപ്പവഴിയില്ല;  കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?
മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

ഇടത് ആശയം അതിന്റെ സമ്പൂർണതയിൽ വിരിഞ്ഞു നിൽക്കുന്ന സ്ഥലമാണ് വടകര. നാടക പ്രവർത്തനവും ഫിലിം സൊസൈറ്റി പ്രവർത്തനവുമൊക്കെ ഇപ്പോഴും സജീവമായി നിൽക്കുന്ന കേരളത്തിലെ അപൂർവം സ്ഥലങ്ങളിൽ ഒന്ന്. ഒഡേസ സത്യന്റെയും വടകര കൃഷ്ണദാസിന്റെയും വി ടി മുരളിയുടെയും പുനത്തിൽ കുഞ്ഞബ്ദുള്ളയുടെയും കെ എസ് ബിമലിന്റെയും സുവീരന്റെയും നാട്.

വടകര ടൗൺഹാൾ സാംസ്കാരിക പ്രവർത്തകരുടെ താവളമാണ്. ഒരു പുസ്തക പ്രകാശനമോ സിനിമ പ്രദർശനമോ, നാടകോത്സവമോ ഇല്ലാത്ത ഞായറാഴ്ചകളില്ല. ആ പരിപാടികളെല്ലാം നിറഞ്ഞ സദസ്സിലാണ് നടക്കാറുള്ളതും. ഇത്രയധികം കവികളുള്ള മറ്റൊരു നാടുണ്ടോ എന്നറിയില്ല. വി ടി കുമാരൻ കുട്ടി മുതൽ ടിപി രാജീവനും വീരാൻ കുട്ടിയും കൽപ്പറ്റ നാരായണനും ശിവദാസ് പുറമേരിയും ജിപ്സ പുതുപ്പണവും ജിനേഷ് മടപ്പള്ളിയും നന്ദനൻ മുള്ളമ്പത്തും ബിനീഷ് പുതുപ്പണവും വടകര മണ്ഡത്തിൽപ്പെട്ടവരാണ്. "ഓത്തുപള്ളിയിൽ അന്ന് നമ്മള്.." എന്ന വടകര കൃഷ്ണദാസിന്റെ പാട്ടുമൂളാത്ത മലയാളികളുണ്ടാകില്ല.

കെ മുരളീധരൻ
കെ മുരളീധരൻ

വ്യത്യസ്തതകൾ ഏറെയുള്ള ഭൂപ്രകൃതിയാണ് വടകരയുടേത്. ഏഴ് നിയമസഭാ മണ്ഡലങ്ങളുള്ള വടകരയിൽ തീരദേശവും മലയോരവുമെല്ലാം ഉൾപ്പെടും. തലശ്ശേരിയും കൂത്തുപറമ്പും വടകരയും നാദാപുരവും കുറ്റ്യാടിയും പേരാമ്പ്രയും കൊയിലാണ്ടിയുമുൾപ്പെടുന്നതാണ് വടകര ലോക്സഭാ മണ്ഡലം. കടലിനോട് ചേർന്ന് വടകരയും തലശ്ശേരിയും കൊയിലാണ്ടിയുമുണ്ട്. പേരാമ്പ്രയും കുറ്റ്യാടിയും മലയോരമുൾപ്പെടുന്ന സ്ഥലങ്ങളാണ്. കണ്ണൂർ ജില്ലയിലുൾപ്പെടുന്ന തലശ്ശേരിയും കൂത്തുപറമ്പും സംശയമേതുമില്ലാതെ ഇടതുപക്ഷത്തോടൊപ്പമാണെന്ന് പറയാവുന്നത് തന്നെയാണ്. കോഴിക്കോട് ജില്ല നോക്കിയാൽ കൊയിലാണ്ടിയും പേരാമ്പ്രയും ഇതുപോലെതന്നെ ഇടതു ശക്തികേന്ദ്രങ്ങളാണ്. പക്ഷേ ഇവിടെ പരാമർശിക്കാത്ത മൂന്നു സ്ഥലങ്ങളുണ്ട് അത് വടകരയും നാദാപുരവും കുറ്റ്യാടിയുമാണ്. ഈ മൂന്നു മണ്ഡലങ്ങളുടെ ഉള്ളിലെന്താണെന്ന് പ്രവചനം അസാധ്യം.

എങ്ങോട്ട് തിരിയുമെന്ന് പ്രവചിക്കാൻ കഴിയാത്ത വടകരയും മുസ്ലീം വോട്ടുകൾ അധികമുള്ള കുറ്റ്യാടിയും, നാദാപുരവും തലശ്ശേരിയും ആരുടെ കൂടെ നിൽക്കുമെന്നുമുള്ളതനുസരിച്ചാണ് ഈ ലോക്‌സഭാ മണ്ഡലത്തിന്റെ വിധി തീരുമാനിക്കപ്പെടുക. അവസാന നിമിഷം ഷാഫി പറമ്പിലിനെ അവതരിപ്പിക്കുകയെന്ന സർജിക്കൽ സ്‌ട്രൈക്കിന് കോൺഗ്രസ് മുതിർന്നതിനു കാരണവും ഇതുതന്നെ.

മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ നാദാപുരത്തും കുറ്റ്യാടിയും തലശ്ശേരിയും പക്ഷേ മുസ്ലിം വോട്ടുകൾ കണ്ണുംപൂട്ടി തങ്ങൾക്ക് കിട്ടുമെന്ന് മുസ്ലിം ലീഗിന് ഒരുതരത്തിലും അവകാശപ്പെടാൻ സാധിക്കില്ല. അത് അറിയാവുന്നതുകൊണ്ടുതന്നെയാണ് ഷാഫി പറമ്പിലിനെപ്പോലെ ആളെക്കൂട്ടാനും വോട്ട് പിടിക്കാനും കഴിയുന്ന ഒരു മുസ്ലിം സ്ഥാനാർഥിയെ കോൺഗ്രസ് അവതരിപ്പിച്ചത്. മുരളീധരൻ തുടര്‍ന്നാല്‍ ലീഗിന്റെ വോട്ടുകള്‍ പോലും ചോരാൻ സാധ്യതയുള്ളതായി കോൺഗ്രസ് മനസിലാക്കിയെന്നു വേണം കരുതാൻ. എന്നാൽ കാര്യങ്ങൾ പൂർണമായും ഷാഫിയുടെ വഴിക്കു വന്നെന്നൊന്നും പറയാൻ സാധിക്കില്ല. അതിനു കാരണങ്ങളുണ്ട്. അതിലേക്ക് പിന്നീട് വരാം.

എന്തുകൊണ്ട് വടകര പ്രവചനാതീതമായി തുടരുന്നു?

പ്രവചനാതീതമാണ് വടകരയെന്ന് പറയുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ, അത് മുൻവിധികൾ സാധ്യമാകാത്ത മൂന്ന് നിയമസഭാ മണ്ഡലങ്ങൾ തന്നെയാണ്. വടകര, കുറ്റ്യാടി, നാദാപുരം. ഇതിൽ വടകര നിയമസഭാ മണ്ഡലത്തിൽ 1957 തിരഞ്ഞെടുപ്പ് ഒഴിച്ചാല്‍ പിന്നീടൊരിക്കലും കമ്യൂണിസ്റ്റ് പാർട്ടികൾ നേരിട്ട് മത്സരിച്ചിട്ടില്ല. സോഷ്യലിസ്റ്റ് പാർട്ടികളാണ് ഇവിടെ കൂടുതൽ തവണയും മത്സരിച്ചതും വിജയിച്ചതും.

കുറ്റ്യാടിയും നാദാപുരവും മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ്. നാദാപുരം സിപിഐയുടെ കയ്യിലാണ്. കുറ്റ്യാടി മുമ്പ് മുസ്ലിം ലീഗിന്റെ കയ്യിലായിരുന്നെങ്കിലും കഴിഞ്ഞതവണ കെ പി കുഞ്ഞമ്മദ് കുട്ടിയിലൂടെ സിപിഎം പിടിച്ചെടുത്തു. ജോസ് കെ മാണി വിഭാഗത്തിന് കൊടുത്ത സീറ്റ് തിരിച്ചെടുത്താണ് സിപിഎം നേരിട്ട് മത്സരിക്കുന്നത്. എന്നു പറഞ്ഞാൽ വെറുതെ തിരിച്ചു വാങ്ങിയതൊന്നുമല്ല, സിപിഎമ്മിന്റെ പ്രാദേശിക ഘടകം പ്രത്യക്ഷമായിതന്നെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ തിരിഞ്ഞതിന്റെ ഭാഗമായിരുന്നു ആ തീരുമാനം. ആ നീക്കത്തിന്റെ പേരിൽ മത്സരിച്ച് വിജയിച്ച ശേഷം പാർട്ടിയിൽനിന്ന് തരംതാഴ്ത്തപ്പെട്ട എംഎൽഎ കൂടിയാണ് കെ പി കുഞ്ഞമ്മദ് കുട്ടി.

നാദാപുരം ലീഗിനും മറ്റു മുസ്ലിം സംഘടനകൾക്കും വലിയ സ്വാധീനമുള്ള സ്ഥലമാണ്. തുടർച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നത് സിപിഐയാണെങ്കിലും ലോക്‌സഭത്തിന്റെ കാര്യത്തിൽ മണ്ഡലം എങ്ങോട്ടും തിരിയാം.

നാദാപുരം 1970 മുതൽ പൂർണമായും സിപിഐക്കൊപ്പം നിന്ന മണ്ഡലമാണ്. കുമാരൻ മഠത്തിലിൽ തുടങ്ങി, കാന്തലോട്ട് കുഞ്ഞമ്പുവിലൂടെ, കെ ടി കണാരനിലൂടെ സത്യൻ മൊകേരിയും ബിനോയ് വിശ്വവും കഴിഞ്ഞ് ഇ കെ വിജയനിൽ എത്തി നിൽക്കുന്ന ചരിത്രമാണ് നാദാപുരത്തിന്. എന്നാൽ ഇകെ വിജയന്റെ ഭൂരിപക്ഷം കഴിഞ്ഞ മൂന്നു തവണയും വളരെ നേരിയതായിരുന്നു.

സിപിഎമ്മിന്റെ മുൻനിര നേതാക്കളിലൊരാളും ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയുമായ കെ കെ ലതികയിൽനിന്ന് മണ്ഡലം പിടിച്ചെടുത്ത് 2016ൽ ലീഗ് കരുത്തു തെളിയിച്ച ഇടമാണ് കുറ്റ്യാടി. 2021ൽ സിറ്റിങ് എംഎല്‍എ പാറക്കൽ അബ്ദുള്ളയെ വീണ്ടും പരീക്ഷിച്ചപ്പോൾ മണ്ഡലം ഇടതുമുണണിയിലെ പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് നൽകി സിപിഎം. ഇതിനെ അംഗീകരിക്കാൻ സിപിഎം പ്രാദേശിക നേതൃത്വം തയ്യാറായില്ല. ഒടുവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ പി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാൻ സിപിഎം നിർബന്ധിതമാകുകയും അദ്ദേഹം മണ്ഡലം തിരിച്ചുപിടിക്കുകയുമായിരുന്നു.

പേരാമ്പ്ര സിപിഎമ്മിന്റെ കൈവെള്ളയിലുള്ള മണ്ഡലമാണ്. 1980 മുതൽ ഇങ്ങോട്ട് ഒരിക്കൽപ്പോലും മറ്റൊരു സംഘടനയും വിജയിക്കാത്ത ഉരുക്കു കോട്ട. സഖാവ് കെ ചോയി രക്തസാക്ഷിയായ മണ്ഡലം. കൂത്താളി സമരത്തിന്റെ ചരിത്രം കൂടിയുണ്ട് പേരാമ്പ്രയ്ക്ക്. സമരത്തിന്റെ ഭാഗമായാണ് കെ ചോയി കൊല്ലപ്പെടുന്നത്. 2016ലും 2021ലും പേരാമ്പ്ര വിജയിച്ചത് മന്ത്രികൂടിയായിരുന്ന ടി പി രാമകൃഷ്ണനാണ്. അതിനുമുമ്പ് രണ്ടു തവണ കെ കുഞ്ഞമ്മദും വിജയിച്ചു. കെ എം മാണി അവതരിപ്പിച്ച ബജറ്റ് തടഞ്ഞുകൊണ്ട് നിയമസഭയിൽ സംഘർഷം നടന്നപ്പോൾ സ്പീക്കറുടെ മൈക്ക് നശിപ്പിക്കുന്ന കെ കുഞ്ഞമ്മദിന്റെ ചിത്രങ്ങൾ മണ്ഡലത്തിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു. അതിനുശേഷമാണ്, 2001ൽ മണ്ഡലത്തെ പ്രതിനിധീകരിച്ച ടിപി രാമകൃഷ്ണൻ വീണ്ടും മത്സരരംഗത്തേക്കിറങ്ങുന്നത്. 2016ൽ ടിപി രാമകൃഷ്ണൻ നാലായിരത്തിലധികം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് വിജയിക്കുന്നത്. എന്നാൽ 2021ൽ രാമകൃഷ്ണൻ ഭൂരിപക്ഷം ഇരുപതിനായിരത്തിലേറയായി ഉയർത്തി.

കൊയിലാണ്ടി സിപിഎം ആധിപത്യത്തിലേക്കെത്തുന്നത് 2006ലെ വിജയത്തിനു ശേഷമാണ്. അതിനുശേഷം നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും മണ്ഡലം പൂർണമായും സിപിഎമ്മിനൊപ്പംതന്നെ നിന്നു. 2006- പി വിശ്വന്‍, 2011, 2016- കെ ദാസന്‍ എന്നിവര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാനത്തിൽ ജമീലയാണ് 2021ൽ കൊയിലാണ്ടിയിൽ നിന്ന് വിജയിച്ചത്. മണ്ഡലത്തിലെ കോൺഗ്രസ് സാന്നിധ്യം ശക്തമാണ്. എൽഡിഎഫിന്റെ ഭൂരിപക്ഷം 2021ലുൾപ്പെടെ പതിനായിരത്തിൽ താഴെ നിർത്താൻ കോൺഗ്രസിന് സാധിച്ചു.

വടകരയില്‍ ഇനി ബാക്കിയുള്ളത് കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പുമാണ്. രണ്ടും രൂപീകരിക്കപ്പെട്ടതിനു ശേഷം ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. കൂത്തുപറമ്പിൽ സോഷ്യലിസ്റ്റ് പാർട്ടികളും കമ്യൂണിസ്റ്റ് പാർട്ടികളും മാറിമാറി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. 2011ലും 2021ലും കൂത്തുപറമ്പിൽ മത്സരിച്ച ജനതാദൾ സ്ഥാനാർഥി കെ പി മോഹനന്റെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാണ്. എന്നാൽ 2016ൽ യുഡിഎഫിനൊപ്പം പോയ ജെഡിയു സ്ഥാനാർഥി കെപി മോഹനനെ കെകെ ശൈലജ പതിനായിരത്തിലധികം ഭൂരിപക്ഷത്തിനാണ് തോൽപ്പിക്കുന്നത്.

തലശ്ശേരിയിൽ സിപിഎമ്മും സിപിഐയും മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇവിടെ സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുണ്ട്. 2016ലും 2021ലും എൽഡിഎഫ് സ്ഥാനാർഥി എ എൻ ഷംസീറിന് നാല്പതിനായിരത്തിലധികം ഭൂരിപക്ഷമുണ്ട്. 2011ൽ കോടിയേരി ബാലകൃഷ്ണൻ മത്സരിച്ചപ്പോഴുണ്ടായിരുന്ന ഭൂരിപക്ഷത്തേക്കാൾ കൂടുതലാണിത്. ഈ രണ്ടു മണ്ഡലങ്ങളും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതിന് ചരിത്രപരമായ കാരണം കൂടിയുണ്ട്. തലശ്ശേരി കലാപത്തിന്റെയും കൂത്തുപറമ്പ് വെടിവെപ്പിന്റെയും ചരിത്രം ഇന്നും സിപിഎം ഓർമപ്പെടുത്തുന്നതാണ്.

ആർഎംപിയുടെ രൂപീകരണം

സിപിഎമ്മിനകത്ത് കുറച്ചധികം കാലമായി നിലനിന്നിരുന്ന ആഭ്യന്തര സംഘർഷങ്ങളുടെ പാരമ്യത്തിലാണ് 2008ൽ ടിപി ചന്ദ്രശേഖരൻ ഉൾപ്പെടെ ഒഞ്ചിയം മേഖലയിലെ ഒരു സംഘം നേതാക്കളും പ്രവർത്തകരും പാർട്ടിവിട്ട് പുറത്തുവരുന്നത്. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം നേതാവ് എൻ വേണുവിൽനിന്ന് മാറ്റി ജനതാ ദളിന് നൽകാൻ തീരുമാനിക്കുന്ന സമയത്താണ് പാർട്ടി പിളർത്തി പുറത്തേക്ക് പോകാൻ ഒരു സംഘം തീരുമാനിക്കുന്നത്. ആർഎംപി എന്ന പാർട്ടി രുപീകരിക്കുന്നതിനു മുൻപ് തന്നെ ബദൽ സംവിധാനങ്ങൾ വിമതപക്ഷം തയ്യാറാക്കിയിരുന്നു. ശേഷം പാർട്ടി രൂപീകരിക്കപ്പെടുന്നു. ഏറാമലയിലും എടച്ചേരിയിലും ഓർക്കാട്ടേരിയിലും സംഘടന ശക്തിപ്പെട്ടു. അപ്പോഴെല്ലാം ടി പി ചന്ദ്രശേഖരൻ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയായിരുന്നു. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്നത് പിന്നീട് നടന്ന രണ്ടു തിരഞ്ഞെടുപ്പിലാണ്.

അതിൽ ആദ്യത്തേത് 2009ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. വടകരയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ് ആ തിരഞ്ഞെടുപ്പ്. ഇടതുകോട്ടയായിരുന്ന വടകര സിപിഎമ്മിന്റെ കയ്യിൽനിന്ന് നഷ്ടപ്പെടുന്നത് ആ തിരഞ്ഞെടുപ്പിലാണ്. ടി പി ചന്ദ്രശേഖരൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. യുഡിഎഫ് സ്ഥാനാർഥി മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. എൽഡിഎഫിന്റേത് സിറ്റിങ് എംപി പി സതീദേവിയും. മുല്ലപ്പള്ളി അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചു. ചന്ദ്രശേഖരൻ ഇരുപത്തിരണ്ടായിരത്തോളം വോട്ട് പിടിച്ചു. കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പംനിന്ന മണ്ഡലം കൈവിട്ടുപോയത് പാർട്ടിക്ക് വലിയ ക്ഷീണമായി. വടകര മാത്രമല്ല ജില്ലയിലെ മറ്റൊരു മണ്ഡലമായ കോഴിക്കോടും ഇതിനൊപ്പം പാർട്ടിക്ക് നഷ്ടപ്പെട്ടു.

ടി പി ചന്ദ്രശേഖരൻ
ടി പി ചന്ദ്രശേഖരൻ

അടുത്തത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പാണ്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി തർക്കമായ ഏറാമല പഞ്ചായത്ത് ആർഎംപി പിടിച്ചെടുത്തു. ഒഞ്ചിയം, ഏറാമല പഞ്ചായത്തുകൾ ആർഎംപിയുടെ കൈവശമായി. ഈ തിരഞ്ഞെടുപ്പ് കൂടി നടക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. 2012 മേയ് നാലിന് ഒഞ്ചിയത്തിനടുത്ത് വള്ളിക്കാട് ടൗണിൽ ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു.

ആ കൊലപാതകം കേരളത്തിലെമ്പാടും സമാനതകളില്ലാത്ത തരത്തിൽ ചർച്ചയായി. വടകര മണ്ഡലം സിപിഎമ്മിന് എളുപ്പമൊന്നും സ്വാധീനിക്കാൻ സാധിക്കാത്ത തരത്തിൽ മാറി. ടിപി വധം ചർച്ച ചെയ്യയായ 2014, 2019 ലോക്‌സഭാ തിരഞ്ഞടുപ്പുകളിലും മണ്ഡലത്തിൽ സിപിഎമ്മിന് അടിതെറ്റി. 2014ൽ എ എൻ ഷംസീറും 2019ൽ പി ജയരാജനും പരാജയം രുചിച്ചു.

അതേസമയം, 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതികൂല കാലാവസ്ഥയിലും ജെ ഡി എസ് സ്ഥാനാർഥി സി കെ നാണു മണ്ഡലം നിലനിര്‍ത്തി. അന്ന് യുഡിഎഫിലായിരുന്ന ജെഡിയുവിന്റെ സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രനെയാണ് സി കെ നാണു തോല്‍പിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച കെ കെ രമ 20,504 വോട്ട്‍ നേടി.

2021 ല്‍ കഥമാറി, ആര്‍എംപിഐ സ്ഥാനാര്‍ഥിയായി കെ കെ രമ തന്നെ രംഗത്തെത്തി, യുഡിഎഫ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ കെ രമ 65,093 വോട്ട് നേടി വിജയിച്ചു. നിയമ സഭയില്‍ യുഡിഎഫിന്റെ പോരാട്ടങ്ങളുടെ കുന്തമുനയായി കെ കെ രമ മാറി.

വീണ്ടുമൊരു തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ 2024ലും ടിപി ചന്ദ്രശേഖരൻ വധം ചർച്ചയാകുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യങ്ങളിൽ ഒന്ന്.

ടിപി വധം ചർച്ചയാകുമോ?

വടകരയില്‍ ഇത്തവണയും ടിപി വധം തന്നെയാണ് ചർച്ച. പക്ഷേ ലോക്‌സഭാ മണ്ഡലം മുഴുവന്‍ ആ ചർച്ചയില്ലെന്ന് വേണം വിലയിരുത്താന്‍. ഒഞ്ചിയവുമായി ബന്ധപ്പെട്ടു കിടക്കുന്ന വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലായിരിക്കും ടി പി വധം കാര്യമായി ചർച്ചചെയ്യപ്പെടാൻ സാധ്യത. ഏതു സമയത്തും ടി പി വധം ചർച്ചയ്‌ക്കെടുക്കാവുന്ന തരത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നതാണ് ഈ മണ്ഡലങ്ങളുടെ പ്രത്യേകത. ടിപിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടതും ആർഎംപി എന്ന സംഘടനയ്ക്ക് വേരോട്ടമുള്ളതുമായ സ്ഥലങ്ങൾ ഈ മണ്ഡലങ്ങളിൽ ചിതറിക്കിടക്കുന്നതും അതിനു കാരണമാണ്.

കേരളം മുഴുവൻ എൽഡിഎഫ് തരംഗം നിലനിൽക്കുമ്പോഴും കുറ്റ്യാടിയിൽ പി മോഹനന്റെ ഭാര്യ കൂടിയായ കെകെ ലതിക 2016ൽ പരാജയപ്പെട്ടതിന് ടിപി കേസ് പ്രധാന കാരണമായിരുന്നു. ബാക്കിയുള്ള തലശ്ശേരി, കൂത്തുപറമ്പ്, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിൽ ടിപി വധം വലിയ തോതിൽ വോട്ടിങ്ങിനെ സ്വാധീനിക്കാൻ സാധ്യതയില്ല.

കെ കെ രമ
കെ കെ രമ

ബിജെപിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല

വടകര ലോക്സഭ മണ്ഡലത്തിലും അതിലുൾപ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലും ബിജെപി ഒരു ശക്തമായ സാന്നിധ്യമേ അല്ല. 2009-ൽ കെപി ശ്രീശൻ മത്സരിച്ച സമയത്ത് ബിജെപിക്ക് ലഭിച്ചത് 40,391 വോട്ടുകളാണ്, വെറും 4.68 ശതമാനം. എന്നാൽ 2014-ലിലും 2019-ലും ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയായ വികെ സജീവൻ മത്സരിച്ചപ്പോൾ വോട്ട് വിഹിതം ഇരട്ടിയോളമായി. എങ്കിലും ജയപരാജയങ്ങൾ തീരുമാനിക്കുന്ന തരത്തിൽ ബിജെപി വളർന്നില്ല. 2014-ൽ സജീവൻ 76,313 വോട്ടുകളും 2019-ൽ എൺപതിനായിരത്തിനു മുകളിൽ വോട്ടുകളും നേടാൻ സാധിച്ചു.

വടകരയിൽ 2014-ൽ സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച വികെ സജീവൻ 2016ൽ തലശേരിയിൽ കഷ്ടിച്ച് 22,125 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചത്. കുറ്റ്യാടിയിലും നാദാപുരത്തും പതിനയ്യായിരം വോട്ടുകൾ പോലും ബിജെപി സ്ഥാനാര്‍ഥികളായ രാമദാസ് മണലേരിക്കോ എംപി രാജനോ പിടിക്കാൻ സാധിച്ചിട്ടില്ല. പേരാമ്പ്രയിൽ സുകുമാരൻ നായർക്ക് പതിനായരത്തിൽ താഴെ മാത്രമേ വോട്ടു നേടാൻ സാധിച്ചിട്ടുള്ളു. തലശേരി കഴിഞ്ഞാൽ കൊയിലാണ്ടിയിൽ രാജിനേഷ്‌ ബാബുവാണ് ഇരുപതിനായിരത്തിലധികം വോട്ടുകൾ നേടിയത്. 2021ലാണെങ്കിൽ കുറ്റ്യാടി നാദാപുരം കൊയിലാണ്ടി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞിട്ടേ ഉള്ളു.

ഇത്തവണ ബിജെപി വടകരയിൽ നിർത്തിയിരിക്കുന്നത് യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണനെയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നാടായ ഉള്ള്യേരി കൂടി ഉൾപ്പെടുന്നതാണ് വടകര മണ്ഡലം. എന്നാൽ ഇത്തവണയും ബിജെപി പറയത്തക്ക എന്തെങ്കിലും ചലനം മണ്ഡലത്തിലുണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല.

ഷാഫിക്കും ശൈലജയ്ക്കുമുള്ള വെല്ലുവിളികൾ

വടകര മുരളീധരൻ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന നിലയില്‍ ചര്‍ച്ചകള്‍ നീണ്ടപ്പോള്‍ ഇടത് ക്യാമ്പുകള്‍ കുറച്ചധികം ആത്മവിശ്വാസത്തിലായിരുന്നു. മുരളീധരൻ വടകരയിൽ തുടര്‍ന്നാല്‍ മുസ്ലിം ലീഗിന്റേതുൾപ്പെടെ വോട്ടുകൾ ശൈലജയ്ക്കു ലഭിക്കാൻ സാധ്യതയുണ്ടെന്നതായിരുന്നു സിപിഎമ്മിന്റെ പ്രതീക്ഷ. പ്രത്യേകിച്ച് മൂന്നാം സീറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്തതിന്റ നീരസം ലീഗിൽ നിലനിൽക്കുന്ന സാഹചര്യത്തില്‍. എന്നാൽ ലീഗിന്റെ വോട്ട് നിലനിർത്തിയില്ലെങ്കിൽ വടകര ചിലപ്പോൾ കൈവിട്ട് പോകാനും സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് കോൺഗ്രസ് അവരുടെ സർജിക്കൽ സ്ട്രൈക്ക് നടത്തുന്നത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്, സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് വലിയ പ്രചാരണം നൽകിയ വടകരയിലെ ഷാഫിയുടെ സ്വീകരണത്തിൽ പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുണ്ടാകുമെന്ന് ഉറപ്പുവരുത്താൻ കോൺഗ്രസിന് സാധിച്ചുവെന്നതാണ്. നേരത്തെ പറഞ്ഞ വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ നിർണായകമായ മുസ്ലിം വോട്ടുകൾ ചോരാതെ സൂക്ഷിക്കുകയാണ് ഇതിന്റെ പ്രാഥമികമായ ഉദ്ദേശ്യം. പേരാമ്പ്രയും കൊയിലാണ്ടിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം നിൽക്കാറുണ്ടെന്നതും ഷാഫിക്ക് ആത്മവിശ്വാസം നൽകും. ഈ കണക്കുകൂട്ടലിനു മുന്നിൽ സിപിഎമ്മിനും കെ കെ ശൈലജയ്ക്കും പുതിയ തന്ത്രങ്ങൾ ആവശ്യമായി വരും.

വടകര പിടിക്കാൻ എളുപ്പവഴിയില്ല;  കടത്തനാടന്‍ കളരിയില്‍ ഷാഫിയോ ശൈലജയോ?
വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

നിർണായകമായ മൂന്നു മണ്ഡലങ്ങളിൽ ലീഗിന്റെ വോട്ട് പിടിക്കാൻ ഷാഫിക്ക് സാധിക്കുകയും, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുകയും ചെയ്താൽ ഷാഫിക്ക് സാധ്യതയുണ്ടെന്ന് പറയാമെങ്കിലും മുന്നിൽ മറ്റൊരു വലിയ പ്രതിബന്ധമുണ്ട്. അത് വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്ത്രീകളുടെ പിന്തുണയാണ്.

സ്ത്രീകളുടെ വോട്ടുകൾ നിർണായകമാണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അതിൽ ആദ്യത്തേത് ആർഎംപിക്ക് ലഭിച്ച സ്ത്രീകളുടെ പിന്തുണയാണ്. പ്രത്യേകിച്ച് ടി പി ചന്ദ്രശേഖരന്റെ മരണത്തെത്തുടർന്ന് സ്ത്രീകളിൽനിന്ന് കാര്യമായ പിന്തുണ ആർഎംപിക്ക് ലഭിച്ചു. 2021ലെ തിരഞ്ഞെടുപ്പിൽ കെ കെ രമയ്ക്കനുകൂലമായതും ശ്രദ്ധിക്കേണ്ടതുണ്ട്. ആ വോട്ടുകൾ അതുപോലെ നിലനിർത്താൻ ഷാഫിക്കു സാധിക്കുമോയെന്നതാണ് ചോദ്യം.

കെ കെ ശൈലജ എന്ന സിപിഎമ്മിന്റെ പ്രധാനപ്പെട്ട സ്ത്രീ മുഖം തന്നെ വടകരയിൽ മത്സരിക്കുമ്പോൾ അതിനുള്ള സാധ്യത വീണ്ടും പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാൻ പോലും സാധ്യതയുള്ള വ്യക്തിയായി കെ കെ ശൈലജയെ ആളുകൾ കാണുന്നതടക്കമുള്ള വൈകാരികമായ കാര്യങ്ങൾ അവസാന ലാപ്പിലേക്കടുക്കുമ്പോൾ ശക്തമായാൽ ഷാഫിക്ക് അതൊരു വെല്ലുവിളിയായി മാറും. മറ്റൊരു കാര്യം അവർ വടക്കൻ മലബാറിൽനിന്നുള്ള വ്യക്തിയാണെന്നതും ഷാഫി അങ്ങനെയല്ല എന്നതുമാണ്. ആരോഗ്യമന്ത്രിയെന്ന നിലയിൽ നേടിയ സ്വീകരാര്യതയും ശൈലജയ്ക്ക് നേട്ടമാകാനുള്ള സാധ്യതയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആദ്യ ലാപ്പിൽ ഷാഫി മേൽക്കൈ നേടിയെങ്കിലും അവസാനത്തേക്കെത്തുമ്പോൾ കാര്യങ്ങൾ ബലാബലമാകുമെന്നാണ് നിലവിലെ സൂചനകൾ.

logo
The Fourth
www.thefourthnews.in