വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം

വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും വയനാടിന് പറയാനില്ല. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാ മണ്ഡലം. പൊതു തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വയനാട് പ്രവേശിക്കുന്നത് 2009 ലാണ്

2019-ൽ അപ്രതീക്ഷിതമായി താരപദവി ലഭിച്ച ലോക്സഭാ മണ്ഡലം, ദേശീയതലത്തിൽ ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലങ്ങളിൽ ഒന്ന്, ഇക്കുറിയും വലിയ പ്രാധാന്യത്തോടെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലം... വയനാടിന്റെ ചരിത്രം മാറിയത് രാഹുൽ ഗാന്ധിയുടെ വരവോടയായിരുന്നു.

കണക്കുകൾ പരിശോധിച്ചാൽ വലിയ തിരഞ്ഞെടുപ്പ് ചരിത്രമൊന്നും വയനാടിന് പറയാനില്ല. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‌സഭാ മണ്ഡലം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ വയനാട് പ്രവേശിക്കുന്നത് 2009-ലാണ്.

വയനാട് ലോക്‌സഭാ മണ്ഡലം

പേര് സൂചിപ്പിക്കുന്നത് പോലെ വയനാട് ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല ഈ മണ്ഡലം. മൂന്ന് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 2019ലെ കണക്കുകൾ പ്രകാരം 14 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. കൃത്യമായി പറഞ്ഞാൽ 6,74,807 പുരുഷന്മാരും 6,84,871 സ്ത്രീകളും ഉൾപ്പടെ 13,54,533 ലക്ഷം വോട്ടർമാർ.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളും വയനാട് ജില്ല പൂർണമായും ഉൾപ്പെടുന്നതാണ് വയനാട് മണ്ഡലം. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ, നിലമ്പൂർ എന്നിങ്ങനെയാണവ.

വന്യജീവി സംഘർഷങ്ങളും കാർഷിക പ്രതിസന്ധികളും വികസനമില്ലായ്മയും വയനാട്ടുകാരുടെ പ്രശ്‍നങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഈ ദുരിതക്കയങ്ങൾക്ക് പരിഹാരം തേടിയാവും വയനാട്ടുകാർ പോളിങ് ബൂത്തിലെത്തുക.

വയനാടിന്റെ ഭൂമിശാസ്ത്രം

പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന വയനാടിന്റെ ഭൂരിഭാഗം പ്രദേശങ്ങളും മലയോര മേഖലകളാണ്. സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലുള്ളവ. വനങ്ങളും തോട്ടങ്ങളും കൊണ്ട് ചുറ്റപ്പെട്ട നാട്. തിരുവമ്പാടിയും നിലമ്പൂരും സമാനമായ ഭൂപ്രകൃതിയാണ്. കാർഷികവൃത്തിയും ടൂറിസവും വലിയ സ്വാധീനം ചെലുത്തുന്നു. അനുദിനം വളരുന്ന വയനാട്ടിലെ ടൂറിസം മേഖല രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഇതിനോടകം തന്നെ ഒരു പ്രധാന പേരായി മാറിയിട്ടുണ്ട്. ബാണാസുര സാഗർ അണക്കെട്ട്, ചെമ്പ്ര കൊടുമുടി, കുറുവ ദ്വീപ്, എടക്കൽ ഗുഹ, ചെയിൻ ട്രീ, പൂക്കോട് തടാകം, തോൽപ്പെട്ടി വന്യജീവി സങ്കേതം, ബാംബൂ ഫാക്ടറി, വയനാട് വന്യജീവി സങ്കേതം, സൂചിപ്പാറ വെള്ളച്ചാട്ടം, ഫാന്റം റോക്ക്, 900 കണ്ടി തുടങ്ങി വിശാലമാണ് വയനാട്ടിലെ വിനോദസഞ്ചാരമേഖല.

അതേസമയം, മലയോര മേഖലയിലെ ദുരിതക്കയങ്ങളെല്ലാം താണ്ടുന്നവരാണ് വയനാട്ടുകാരെന്ന് കൂടി പറയേണ്ടി വരും. വന്യജീവി സംഘർഷങ്ങളും കാർഷിക പ്രതിസന്ധികളും വികസനമില്ലായ്മയും വയനാട്ടുകാരുടെ പ്രശ്‍നങ്ങളിൽ പ്രധാനപ്പെട്ടതാണ്. പലപ്പോഴും അടിസ്ഥാന കാര്യങ്ങൾക്ക് പോലും ചുരമിറങ്ങി മറ്റുള്ള ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥ. സദാ ഗതാഗതക്കുരുക്കിന് കാരണമാകുന്ന ഈ ചുരത്തിന് ബദൽ പാത എന്ന അവരുടെ പരാതിക്ക് ഇതുവരെ പരിഹാരമായിട്ടില്ലതാനും. അടിയന്തര ചികിത്സ സൗകര്യങ്ങൾ പോലെ പ്രധാനപ്പെട്ട ആവശ്യങ്ങൾ പലതും പദ്ധതികളായി കടലാസിൽ തുടരുകയാണ്.

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം
കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

വന്യജീവി സംഘർഷങ്ങൾ വളരെ രൂക്ഷാവസ്ഥയിൽ നിൽക്കുന്ന സമയത്ത് കൂടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വയനാട്ടിലെത്തുന്നത്. വന്യജീവി ആക്രമണങ്ങളിൽ തുടർച്ചയായി മരണങ്ങൾ ഉണ്ടായതോടെ വയനാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂട് എല്ലാവരും അറിഞ്ഞതാണ്. അതിനാൽ ഈ ദുരിതക്കയങ്ങൾക്ക് പരിഹാരം തേടിയാവും വയനാട്ടുകാർ പോളിങ് ബൂത്തിലെത്തുക.

വയനാട് ജില്ലയിലെ വോട്ടർമാരെക്കാൾ 1.63 ലക്ഷം കൂടുതലാണ് മലപ്പുറം, കോഴിക്കോട് ജില്ലയിലെ വോട്ടർമാർ. 2011-ലെ സെൻസസ് പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വോട്ടർമാർ 7.1 % (96,172 പേർ). പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ 9.1% (123,263 പേർ) . മുസ്ലിം വോട്ടർമാർ 41.3% (559,422 പേർ). ക്രിസ്ത്യൻ വോട്ടർമാർ 13.7% (185,571 പേർ). ഹിന്ദു വോട്ടർമാർ 45% (609,540 പേർ). 93.1 ശതമാനത്തോളം വോട്ടര്‍മാരും ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ്. 6.9% മാത്രമാണ് നഗരകേന്ദ്രീകൃതം. 80.46% ആണ് മണ്ഡലത്തിലെ സാക്ഷരതാ നിരക്ക്. 2019 പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 80.2% ആയിരുന്നു. 2016 നിയമസഭാ തിരെഞ്ഞെടുപ്പിൽ ഇത് 78.5% ആയിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നത് പോലെ ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷംമുള്ള മേഖലയാണ് വയനാട് മണ്ഡലം.

എം ഐ ഷാനവാസ്
എം ഐ ഷാനവാസ്

വയനാടിന്റെ രാഷ്ട്രീയ ചരിത്രം

2009 ലാണ് വയനാട് മണ്ഡലം നിലവിൽ വരുന്നത്. അന്ന് മുതൽ കോൺഗ്രസിനോടാണ് വയനാട്ടുകാർ അനുഭാവം കാണിച്ചത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വിജയം കോൺഗ്രസിനായിരുന്നു. 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ എം ഐ ഷാനവാസ് നേടിയ 1,53,439 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷം അക്കാലത്തെ റെക്കോഡായിരുന്നു. അദ്ദേഹത്തിന് ആകെ ലഭിച്ച വോട്ടുകൾ 410,703 (49.8%) ആയിരുന്നു. അത്തവണ എന്‍ സി പി സ്ഥാനാര്‍ഥിയായെത്തിയ മുന്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ 12.1% (99,663) , സിപിഐയുടെ അഡ്വ എം റഹ്മത്തുള്ള 31.2% (2,57,264), ബിജെപിയുടെ സി വാസുദേവൻ 3.8% (31,687) എന്നിങ്ങനെ വോട്ട് നേടി. യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന വിശേഷണം അപ്പോൾ തന്നെ വയനാട് നേടി. ഈ വിശേഷണത്തിന് അടിവരയിട്ടുകൊണ്ട് അടുത്ത തിരഞ്ഞെടുപ്പിലും ഷാനവാസ് തന്നെ വയനാട് പിടിച്ചു.

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

എന്നാൽ ആദ്യ തിരഞ്ഞെടുപ്പ് പോലെ എളുപ്പമായിരുന്നില്ല യുഡിഎഫിന് രണ്ടാം തവണ. 2014 ൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ അടക്കം വിവിധ പാർട്ടികളിൽ നിന്നായി പതിനഞ്ച് സ്ഥാനാർത്ഥികൾ വയനാട്ടിൽ കളത്തിലിറങ്ങി. വയനാട്ടുകാർ തന്നെ കൈവിടില്ലെന്ന് വിശ്വസിച്ചിറങ്ങിയ ഷാനവാസിനെ അമ്പരപ്പിക്കുന്നതായിരുന്നു അക്കൊല്ലത്തെ തിരഞ്ഞെടുപ്പ് ഫലം. ഭൂരിപക്ഷം 20,870 വോട്ടായി കുത്തനെ കുറഞ്ഞു. 41.20 ശതമാനം (377,035) വോട്ട് നേടിയാണ് ഷാനവാസ് ആ വർഷം വിജയിച്ചത്. 38.9% (3,56,165) വോട്ട് നേടി സിപിഐ സ്ഥാനാർഥി സത്യൻ മൊകേരി ശക്തമായ മത്സരം കാഴ്ചവെച്ചു. 8.83% (80,752) വോട്ട് മാത്രമാണ് ബി ജെ പി സ്ഥാനാർഥി പി ആർ രശ്മിൽനാഥ് നേടിയത്. 2018 ൽ രോഗബാധിതനായി മരിക്കുന്നതു വരെ എം ഐ ഷാനവാസ് വയനാട് മണ്ഡലത്തിന്റെ എംപിയായി അദ്ദേഹം തുടർന്നു.

രാഹുലിന്റെ രംഗപ്രവേശം

വയനാടിന്റെ തലവര മാറിയ വർഷമായിരുന്നു 2019. ആരാകും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി എന്ന ചോദ്യങ്ങൾ ഉയർന്നുവന്ന സമയം ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളാണ് ആ സ്ഥാനത്തേക്ക് എത്തിയത്. അന്ന് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായിരുന്ന കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെത്തി. വിദൂര സാധ്യതയായി പോലും തിരഞ്ഞെടുപ്പ് വിദഗ്ധര്‍ കോൺഗ്രസിന്റെ അത്തരമൊരു നീക്കം പ്രവചിച്ചിരുന്നില്ല. അമേഠിയിലെ രാഹുലിന്റെ വിജയം ചോദ്യചിഹ്നമായി ഉയർന്നതോടെയാണ് കോൺഗ്രസിന്റെ കണ്ണുകൾ ദക്ഷിണേന്ത്യയിലെ വയനാട് മണ്ഡലത്തിൽ പതിയുന്നത്. സംസ്ഥാന നേതൃതവും വളരെ ആവേശത്തോടെയാണ് രാഹുലിന്റെ വരവിനെ സ്വീകരിച്ചത്. എല്ലാവരുടെയും ശ്രദ്ധ വയനാട്ടിലായി. വിവിധ പാർട്ടികളുടെ ദേശീയ നേതാക്കളടക്കം പ്രചരണത്തിനായി വയനാട്ടിലെത്തിയെന്നും ഓർക്കുക.

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?

2019 -ല്‍ രാഹുൽ ഗാന്ധിക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നായി 20 പേരാണ് വയനാട്ടിൽ മത്സരിച്ചത്. പരമ്പരാഗത കോൺഗ്രസ് കോട്ടയായ വയനാട്ടിൽ രാഹുൽ തന്നെ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും സംസ്ഥാനത്തെയാകെ ഞെട്ടിക്കുന്നതായിരുന്നു അക്കൊല്ലത്തെ തിരെഞ്ഞെടുപ്പ് ഫലം. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം പേരിലാക്കിയിരുന്ന ഇ. അഹമ്മദിനെ ബഹുദൂരം പിന്നിലാക്കി 2019-ൽ രാഹുൽ തരംഗം ആഞ്ഞടിച്ചു. 47 ശതമാനം വോട്ടെണ്ണിയതോടെ തന്നെ രാഹുല്‍ ഗാന്ധി ലീഡ് രണ്ട് ലക്ഷം കടത്തി. വയനാട്ടുകാർ രാഹുൽഗാന്ധിയെ വിജയിപ്പിച്ചത് നാല് ലക്ഷം എന്ന റെക്കോഡ് ഭൂരിപക്ഷത്തോടെയാണ്. ആകെ 64.7 ശതമാനം (7,06,367) വോട്ടാണ് വയനാട്ടിൽ കോൺഗ്രസ് നേടിയത്. അങ്ങനെയാണ് കേരളത്തിലെ വിഐപി മണ്ഡലമായി വയനാട് മാറുന്നത്.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീർ 25.24% (274,597) വോട്ട് മാത്രം നേടിയപ്പോൾ എന്‍ഡിഎയുടെ തുഷാര്‍ വെളളാപ്പളളി 7.25% (78,816) വോട്ടുകളുമായി അലയൊലികളൊന്നും സൃഷ്ടിക്കാതെ കടന്നുപോയി.

വയനാട് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വൻ ഭൂരിപക്ഷം നേടി. കേരളമാകെ ആഞ്ഞടിച്ച രാഹുലിസത്തിൽ അക്കുറി കേരളത്തിൽ 20 ൽ 19 സീറ്റുകളും കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുഡിഎഫ് സഖ്യം സ്വന്തമാക്കി.

രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിൽ (2019ലെ ചിത്രം)
രാഹുൽ ഗാന്ധി സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം വയനാട്ടിൽ (2019ലെ ചിത്രം)

ഇതിനിടെ 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി രാഹുൽ ഗാന്ധിയെ സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദായി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിലാണ് രാഹുല്‍ ഗാന്ധി കേസിനാസ്പദമായ വിവാദ പരാമര്‍ശം നടത്തിയത്. 'നീരവ് മോദി, ലളിത് മോദി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിന്നാലെ റാഞ്ചിയിലെ അഭിഭാഷകനായ പ്രദീപ് മോദി രാഹുലിന്റെ അപകീര്‍ത്തികരമായ മോദി പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചു.

രാഹുലിന്റെ ലോക്‌സഭാഗത്വം റദ്ദായതോടെ നാല് മാസത്തോളം വയനാടിന് എംപി ഉണ്ടായിരുന്നില്ല. നിരവധി നിയമയുദ്ധങ്ങൾക്ക് ശേഷം 2023 ഓഗസ്റ്റ് മാസത്തിൽ ശിക്ഷ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ അയോഗ്യത നീങ്ങുകയും ഓഗസ്റ്റ് ഏഴിന് രാഹുൽ ഗാന്ധി പാർലമെൻറിൽ തിരിച്ചെത്തുകയും ചെയ്തു. രൂക്ഷമായ വിമർശനങ്ങളാണ് രാഹുലിന്റെ അപകീർത്തി കേസിൽ കീഴ്‌ക്കോടതികൾക്കെതിരെ സുപ്രീം കോടതി നടത്തിയിരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുകൾ

വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, ഏറനാട് എന്നിവയാണ് യുഡിഎഫ് അനുകൂല നിയമസഭാ മണ്ഡലങ്ങൾ. മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവ എൽഡിഎഫ് മണ്ഡലങ്ങളാണ്.

2011 മുതൽ മുസ്ലിം ലീഗിന്റെ പികെ ബഷീറാണ് ഏറനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011 ൽ പിവി അൻവറിനെ 11246 വോട്ടിന് പരാജയപ്പെടുത്തി പി കെ ബഷീർ വിജയിച്ചു. 2016 ലും 2021 ലും സിപിഐയുടെ കെ.ടി അബ്ദുൾ റഹ്മാനെ പരാജയപ്പെടുത്തിയാണ് പി കെ ബഷീർ വിജയിച്ചത്. രണ്ട് തവണയും 50 ശതമാനത്തിലധികം വോട്ട് നേടിയായിരുന്നു വിജയം.

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം
പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

രണ്ട് തവണ തുടർച്ചായി സിപിഎമ്മിന്റെ മത്തായി ചാക്കോയും ജോർജ് എം തോമസും വിജയിച്ച തിരുവമ്പാടി 2011 ൽ മുസ്ലിം ലീഗ് സ്ഥാനാർഥി സി മോയിൻകുട്ടി സ്വന്തമാക്കി. 48.71 ശതമാനം വോട്ട് നേടിയിരുന്നു വിജയം. നാലായിരത്തിലേറെ വോട്ടിനാണ് ജോർജ് എം തോമസ് പരാജയപ്പെട്ടത്. 2016 ൽ ജോർജ് എം തോമസ് 3008 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ 45.93 ശതമാനം വോട്ടുകൾ നേടി വിജയിച്ചു. 2021 ൽ സിപിഎം സ്ഥാനാർഥി ലിൻ്റോ ജോസഫ് 47.46 ശതമാനം വോട്ട് നേടി ജയിച്ചു.

1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദ് (കോൺഗ്രസ് - ഐ) ആണ് നിലമ്പൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിൽ ഇത് മാറിമറിഞ്ഞു. ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തി 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി പിവി അൻവർ മണ്ഡലത്തിൽ വിജയിച്ചു. 2016 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പിവി അൻവറാണ്.

സ്ഥിരമായി ഒരു പാർട്ടിയോടും ആഭിമുഖ്യം കാണിക്കാത്തവരായിരുന്നു കൽപ്പറ്റക്കാർ. 2011 ൽ സോഷ്യലിസ്റ്റ് ജനതാദൾ (എസ് ജെ ഡി) സ്ഥാനാർഥി എം വി ശ്രേയംസ് കുമാർ 52.94 ശതമാനം നേടി കൽപ്പറ്റ മണ്ഡലത്തിൽ വിജയിച്ചു. 2016 ൽ സിപിഎം സ്ഥാനാർഥി സി കെ ശശീന്ദ്രനാണ് ഇവിടെ വിജയിച്ചത്. 13083 ഭൂരിപക്ഷത്തിൽ 48.35 ശതമാനം വോട്ട് ആയിരുന്നു നേടിയത്. 2021 ൽ കൽപ്പറ്റ കോൺഗ്രസ് സ്ഥാനാർഥി അഡ്വ. ടി സിദ്ദിഖ് 46.15 ശതമാനം വോട്ടിന് ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തി.

2011 മുതൽ പട്ടിക വർഗ സംവരണ മണ്ഡലമാണ് സുൽത്താൻ ബത്തേരി. 2011 ൽ സിപിഎമ്മിന്റെ പി കൃഷ്ണപ്രസാദ് വിജയിച്ച മണ്ഡലത്തിൽ 2016 ൽ കോൺഗ്രസിന്റെ ഐ സി ബാലകൃഷ്ണൻ 44.04 ശതമാനം വോട്ടു നേടി വിജയിച്ചു. 2021 ലും ഐ സി ബാലകൃഷ്ണൻ മണ്ഡലം നിലനിർത്തി.

വയനാട്: 'ഇന്ത്യ'യുടെ വിഐപി മണ്ഡലം
അമേഠി പഴയ അമേഠിയല്ല; സ്മൃതി ഇറാനി തകര്‍ത്ത കോണ്‍ഗ്രസ് കോട്ട, രാഹുലിന് എളുപ്പമാകുമോ?

2001 മുതൽ കോൺഗ്രസിന്റെ എ പി അനിൽകുമാർ ആണ് വണ്ടൂർ നിയമസഭാ മണ്ഡലം പ്രതിനിധീകരിക്കുന്നത്. പട്ടിക വർഗ സംവരണ മണ്ഡലമാണ് മാനന്തവാടി നിയമസഭാമണ്ഡലം. 2011 ൽ കോൺഗ്രസിന്റെ പികെ ജയലക്ഷ്‌മി ആണ് മണ്ഡലത്തിൽ വിജയിച്ചിരുന്നത്. 50.78 ശതമാനം വോട്ടുകൾ നേടിയായിരുന്നു വിജയം. 2016 മുതൽ സിപിഎമ്മിന്റെ ഒആർ കേളുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2024 ലോക്സഭാ തിരഞ്ഞെടുപ്പ്

യുഡിഎഫ് ഉറച്ചകോട്ടയെന്ന് പറയാവുന്ന മണ്ഡലമാണ് വയനാട്. മണ്ഡലത്തിൽ ലീഗിനുള്ള സ്വാധീനം വളരെ ശക്തമാണ്. മലപ്പുറം, കോഴിക്കോട് എന്നിവയും കൂടി ഉൾപ്പെടുന്നതിനാൽ മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് വയനാട്. ഏറനാട്, നിലമ്പൂർ മണ്ഡലങ്ങളിൽ പ്രത്യേകിച്ചും. വയനാട് ജില്ലയുടെ 18 ശതമാനം ഗോത്ര- ആദിവാസി വിഭാഗമാണ്. സുൽത്താൻബത്തേരി, മാനന്തവാടി എന്നീ നിയമസഭാ മണ്ഡലങ്ങൾ എസ് ടി സംവരണമണ്ഡലങ്ങളാണ്.

ന്യൂനപക്ഷങ്ങൾക്ക്‌ സ്വാധീനമുള്ള മേഖലയായതിനാൽ ന്യൂനപക്ഷ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും. സിഎഎ, ഏക സിവിൽ കോഡ്, ഇസ്രയേൽ പലസ്തീൻ സംഘർഷം തുടങ്ങിയ വിഷയങ്ങളും തീർച്ചയായും ചർച്ചയുടെ ഭാഗമാകും. ഈ വിഷയത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ എന്ത് നിലപാടുകൾ സ്വീകരിച്ചുവെന്നത് ശ്രദ്ധിക്കപ്പെടുകയും ചെയ്യും.

ആനി രാജ
ആനി രാജ

ന്യൂനപക്ഷ വിഷയങ്ങളിൽ സിപിഎം ഇത്തവണ പ്രതിഷേധങ്ങളും പരിപാടികളും സംഘടിപ്പിക്കുകയും മുസ്ലിം ലീഗ് അത് സ്വാഗതം ചെയ്യുകയും ചെയ്ത സാഹചര്യം നിലവിൽ മണ്ഡലത്തിലുണ്ട്. ഇത് മലബാറിലെ ന്യൂനപക്ഷത്തെ എത്രത്തോളം സ്വാധീനിച്ചുവെന്നതാണ് ഇനി അറിയാനുളളത്. എന്നാൽ ഇത്തരം ആശങ്കകളെ എല്ലാം അകറ്റി വീണ്ടും രാഹുൽ ഗാന്ധിയുടെ പ്രഭാവലയം മണ്ഡലത്തിൽ എത്തിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

ആനി രാജ

വയനാട് മണ്ഡലത്തിലെ ഈ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടുതൽ ദേശീയ ശ്രദ്ധ നൽകികൊണ്ട് രാഹുലിന് എതിരാളിയായി എത്തുന്നത് സിപിഐ ദേശീയ നേതാവ് ആനി രാജയാണ്.

കണ്ണൂർ ഇരിട്ടി സ്വദേശിയാണ് സി പി ഐയുടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ ജനറൽ സെക്രട്ടറിയായ ആനി രാജ. സി പി ഐയുടെ വിദ്യാർത്ഥി വിഭാഗമായഎ ഐ എസ് എഫിലൂടെയായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം. വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന ആനി രാജ, 22-ആം വയസിൽ സി പി ഐയുടെ സംസ്ഥാന കമ്മിറ്റിയിലെത്തി.

സ്വന്തം മുന്നണിയിലെ നേതാക്കൾക്ക് പിഴവ് പറ്റുമ്പോൾ പോലും അതിനെതിരെ രംഗത്തുവന്നിട്ടുള്ള നേതാവാണ് ആനി രാജ. എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശ സമയത്തിലെല്ലാം ഈ സമീപനം പ്രകടമായിരുന്നു. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ആനി സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയും കൂടിയാണ്.

ദേശീയ തലത്തില്‍ ശ്രദ്ധേയരായ വരും ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യുന്ന രണ്ട് പാര്‍ട്ടികളുടെ രണ്ട് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഇത്തവണയും ദേശീയശ്രദ്ധ വയനാട്ടിലെത്തുമെന്ന് സംശയിക്കാനില്ല. ഇത്തവണയും വിവിഐപി മണ്ഡലമാകും വയനാട്.

logo
The Fourth
www.thefourthnews.in