കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌

മണ്ഡല രൂപീകരണത്തിനുശേഷം നടന്ന പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും കോണ്‍ഗ്രസിന് അനുകൂലമായാണ് കണ്ണൂര്‍ വിധിയെഴുതിയത്

കണ്ണൂര്‍... രാഷ്ട്രീയചരിത്രത്തില്‍ സമരങ്ങള്‍ കൊണ്ട് ചുവന്ന നാട്, കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തുപാകിയ നാട്... കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയസമരങ്ങള്‍ക്ക് കണ്ണൂരിന്റെ സംഭാവന വലുതാണ്. വര്‍ത്തമാനകാല കേരളത്തിലെ രാഷ്ട്രീയഗതിവിഗതികള്‍ നിര്‍ണയിക്കുന്നതും അന്നാട്ടുകാരാണ്, മുഖ്യമന്ത്രിയും സ്പീക്കറും കെപിസിസി പ്രസിഡന്റുമടക്കം ഭരണ-പ്രതിപക്ഷത്തിലെ പ്രമുഖ നേതാക്കളിൽ നല്ലൊരു പങ്കും കണ്ണൂരുകാര്‍ തന്നെ.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കണ്ണൂര്‍ നടത്തുന്ന തിരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. നിയമസഭാ മണ്ഡലങ്ങള്‍ തൂത്തുവാരുന്ന ഇടതുപക്ഷത്തെ പക്ഷേ, പാര്‍ലമെന്റിലേക്ക് അയയ്ക്കാന്‍ കണ്ണൂരുകാര്‍ക്ക് മടിയാണ്. മണ്ഡല രൂപീകരണത്തിനുശേഷം നടന്ന പന്ത്രണ്ട് തിരഞ്ഞെടുപ്പുകളില്‍ എട്ടുതവണയും കോണ്‍ഗ്രസിന് അനുകൂലമായാണ് കണ്ണൂര്‍ വിധിയെഴുതിയത്.

'പാവങ്ങളുടെ പടത്തലവ'നില്‍നിന്ന് തുടങ്ങുന്ന ചരിത്രം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവിനെ നല്‍കിയത് കണ്ണൂരാണ്, എകെജിയെന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന എ കെ ഗോപാലന്‍. 1952ല്‍ സിപിഐയ്ക്കുവേണ്ടി എകെജി മത്സരിക്കുമ്പോള്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു കണ്ണൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സികെ ഗോവിന്ദന്‍ നായരെ തോല്‍പ്പിച്ച് 65.9 ശതമാനം (1,66,299) വോട്ട് നേടിയാണ് എകെജി കണ്ണൂരിനെ പ്രതിനിധീകരിച്ച്‌ ആദ്യമായി ലോക്‌സഭയിലെത്തുന്നത്.

എ കെ ഗോപാലൻ
എ കെ ഗോപാലൻ

1956ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോള്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും തലശേരിയുടെ ഭാഗമായി മാറി. സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ (1957) കാറ്റ് മാറി വീശിത്തുടങ്ങിയിരുന്നു. അത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എം കെ ജിനചന്ദ്രന്‍ 11,10,114 (37.2 ശതമാനം) വോട്ട് നേടി ഇടതു സ്വതന്ത്രനായ എസ്‌ കെ പൊറ്റെക്കാട്ടിനെ ആയിരം വോട്ടിന് തോല്‍പ്പിച്ചു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ എസ്‌ കെ പൊറ്റെക്കാട്ട് ഇടതു സ്വതന്ത്രനായി 64,950 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തി. തെരുവിന്റെ കഥാകാരന്‍ തോല്‍പ്പിച്ചതാകട്ടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ച കെ ടി സുകുമാരന്‍ എന്ന സുകുമാര്‍ അഴീക്കോടിനെ. എകെജിക്കു ശേഷം അത്തവണ ഇടത് പാര്‍ട്ടിക്ക് ജയിക്കാനായെങ്കിലും പാര്‍ട്ടി ചിഹ്നത്തിലായിരുന്നില്ല മത്സരിച്ചതെന്നത് ശ്രദ്ധേയം.

1967ല്‍ സിപിഎമ്മിന്റെ പാട്യം ഗോപാലനും 1971ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പനും ചെങ്കൊടി പാറിച്ചു. പാട്യം ഗോപാലനെയാണ് അന്ന് ചന്ദ്രപ്പന്‍ തോൽപ്പിച്ചത്.

കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌
ഇടത്തും വലത്തും കേരളാ കോണ്‍ഗ്രസ്; കോട്ടയം എങ്ങോട്ടേക്ക്?

കണ്ണൂര്‍ മണ്ഡലം രൂപീകരിക്കപ്പെടുന്നു

1977ലാണ് കണ്ണൂര്‍ മണ്ഡലം രൂപീകൃതമായത്. പുതിയ കണ്ണൂരിന്റെ എംപിയായി ജനം സിപിഐയുടെ സി കെ ചന്ദ്രപ്പനെ ലോക്സഭയിലേക്ക് അയച്ചു. സിപിഎമ്മിന്റെ ഒ ഭരതനെയായിരുന്നു 12,877 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അന്ന് സി കെ ചന്ദ്രപ്പന്‍ തോല്‍പ്പിച്ചത്. 1980ലെ തിരഞ്ഞെടുപ്പില്‍ 16.3 ശതമാനം ഭൂരിപക്ഷത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു)വിന്റെ കെ കുഞ്ഞമ്പു വിജയിച്ചു. 57.3 ശതമാനം വോട്ട് നേടി കുഞ്ഞമ്പു. കോണ്‍ഗ്രസ് (ഐ)യുടെ എന്‍ രാമകൃഷ്ണനെയാണ് അദ്ദേഹം വീഴ്ത്തിയാണ് .

മുല്ലപ്പള്ളി യുഗവും 'അത്ഭുതക്കുട്ടി'യുടെ പ്രവേശനവും

1984 മുതല്‍ കണ്ണൂരില്‍ മുല്ലപ്പള്ളി യുഗവും ഒപ്പം കോണ്‍ഗ്രസ് യുഗവും ആരംഭിക്കുകയായി. കോണ്‍ഗ്രസിനുവേണ്ടി ആകെ വോട്ടിന്റെ പകുതിയിലധികം വോട്ടുകള്‍ നേടിയാണ് മുല്ലപ്പള്ളി കണ്ണൂരില്‍ തന്റെ ആധിപത്യം സ്ഥാപിച്ചത്. 81 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയതില്‍ 50.9 ശതമാനം വോട്ടുകള്‍ മുല്ലപ്പള്ളിക്ക് നേടാന്‍ സാധിച്ചു. 2,88,791 വോട്ടുകള്‍ നേടിയ മുല്ലപ്പള്ളി സിപിഎമ്മിന്റെ പാട്യം രാജനെയായിരുന്നു തോല്‍പ്പിച്ചത്.

1989ലെ തിരഞ്ഞെടുപ്പിലും പകുതിയിലധികം വോട്ടുകള്‍ നേടി മുല്ലപ്പള്ളി തന്നെ ലോക്‌സഭയിലെത്തി. ഇത്തവണ പി ശശിയെയായിരുന്നു സിപിഎം രംഗത്തിറക്കിയത്. പിന്നീട് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂര്‍ കൈവിട്ടില്ല. മുല്ലപ്പള്ളിയെ നേരിടാന്‍ പല നേതാക്കളെയും കളത്തിലിറക്കിയ സിപിഎം അവസാനം പരീക്ഷിച്ചത് 'അത്ഭുതക്കുട്ടി'യെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ച അബ്ദുള്ളക്കുട്ടിയെയായിരുന്നു. മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായി ലോക്‌സഭയിലെത്തുന്ന സിപിഎം പ്രതിനിധി.

എപി അബ്ദുള്ളക്കുട്ടി
എപി അബ്ദുള്ളക്കുട്ടി

1999ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍നിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. ആറ് തവണ അടുപ്പിച്ച് കോണ്‍ഗ്രസ് മാത്രം ജയിച്ചിടത്ത്‌ അബ്ദുള്ളക്കുട്ടിയെ വച്ച് സിപിഎം നടത്തിയ പരീക്ഷണം വിജയം കണ്ടു, ഭൂരിപക്ഷം 10,247. 2004ലും മുല്ലപ്പള്ളിയെ 50 ശതമാനം വോട്ട് നേടി അബ്ദുള്ളക്കുട്ടി തോല്‍പ്പിച്ചു.

2008-ലെ മണ്ഡല പുനനിര്‍ണയത്തിനുശേഷം കണ്ണൂര്‍ വീണ്ടും കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞു. അബ്ദുള്ളക്കുട്ടിയും രാഷ്ട്രീയത്തില്‍ ചാടിക്കളിച്ചു. തുടര്‍ച്ചയായി രണ്ട് തവണ കോണ്‍ഗ്രസില്‍നിന്ന് മണ്ഡലത്തെ രക്ഷിച്ച രക്ഷകന്റെ മുഖമായിരുന്ന അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി. അബ്ദുള്ളക്കുട്ടിയാകട്ടെ കോണ്‍ഗ്രസിലേക്ക് ചേക്കേറി. കോണ്‍ഗ്രസിനുവേണ്ടി 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍നിന്ന് അബ്ദുള്ളക്കുട്ടി മത്സരിച്ചു. പാർട്ടി മാറിയെങ്കിലും കണ്ണൂരിലെ ജനങ്ങള്‍ അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിച്ചില്ല. 6,443 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ അബ്ദുള്ളക്കുട്ടി നിയമസഭയിലെത്തി. കോണ്‍ഗ്രസില്‍നിന്ന് 2019ല്‍ ബിജെപിയിലെത്തിയ അബ്ദുള്ളക്കുട്ടിയെ അവര്‍ വയനാട്ടില്‍ ഇത്തവണ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന സൂചന.

2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം കളത്തിലിറക്കിയത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെയായിരുന്നു. കോണ്‍ഗ്രസിനുവേണ്ടി കെ സുധാകരനും. സുധാകരനിലൂടെ സിപിഎമ്മില്‍നിന്ന് കണ്ണൂര്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 43,151 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് സുധാകരന്‍ വിജയിച്ചത്. 4,32,878 (49.9 ശതമാനം) വോട്ട് സുധാകരൻ നേടിയപ്പോള്‍ 3,89,727 (44.9 ശതമാനം) വോട്ടാണ് രാഗേഷിന് ലഭിച്ചത്.

2014ല്‍ മണ്ഡലം വീണ്ടും സിപിഎം പിടിച്ചെടുത്തു. വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പിലെ ഭരണമികവുകൊണ്ട് ജനഹൃദയങ്ങള്‍ പിടിച്ചെടുത്ത പി കെ ശ്രീമതിയെയായിരുന്നു അത്തവണ പാര്‍ട്ടി പരിഗണിച്ചത്. വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ് നിര്‍ത്തിയത് കെ സുധാകരനെ തന്നെ. എന്നാല്‍ അത്തവണ ജനം മാറി ചിന്തിച്ചു. നേരിയ ഭൂരിപക്ഷത്തില്‍ ശ്രീമതി സുധാകരനെ വീഴ്ത്തി. 6566 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പികെ ശ്രീമതി ലോക്‌സഭയിലെത്തിയത്. ശ്രീമതി 4,27,622 വോട്ട് നേടിയപ്പോൾ സുധാകരന് ലഭിച്ചത് 4,21,056 വോട്ട്. കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായി മത്സരിച്ച, വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകതയും ശ്രീമതിക്കുണ്ടായിരുന്നു.

രാഹുല്‍ തരംഗം അലയടിച്ച 2019ലെ തിരഞ്ഞെടുപ്പില്‍ കേരളം മൊത്തം സിപിഎമ്മിനെ കൈവിട്ടപ്പോള്‍ കണ്ണൂർ വീണ്ടും സുധാകരനൊപ്പം നിന്നു. 94,559 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുധാകരന്‍ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുത്തു. വിജയപ്രതീക്ഷയില്‍ വീണ്ടും സുധാകരന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഇത്തവണ സുധാകരന്‍ വിയര്‍ക്കുമോ?

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയപ്രതീക്ഷയിലാണ് ഇത്തവണ സുധാകരന്‍ കണ്ണൂരിലെത്തുന്നത്. സിപിഎമ്മാകട്ടെ ജില്ലാ സെക്രട്ടറിയായ എം വി ജയരാജനെ തന്നെ കളത്തിലിറക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവും ഭരണമികവും ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനലൊരു തരിയായി ചുരുങ്ങിയതിന്റെ ക്ഷീണമകറ്റാനാണ് സിപിഎമ്മിന്റെ ശ്രമം.

എന്നാല്‍ സുധാകരന് ഇത്തവണ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് സിപിഎം സ്ഥാനാര്‍ത്ഥിയല്ല, മറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ്. കണ്ണൂരില്‍ ബിജെപി അപ്രസക്തമാണെങ്കിലും കഴിഞ്ഞ രണ്ട് തവണത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്കായിട്ടുണ്ട്. 2014ല്‍ 51636 വോട്ടും 2019ല്‍ 68508 വോട്ടുമാണ് എന്‍ഡിഎ നേടിയത്.

കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌
'ചെങ്കൊടിയും പിടിച്ചിറങ്ങിയ ജിന്ന്!', ലീഗിന്റെ ഉറക്കം കെടുത്തുന്ന 2004; അടിവേരറുക്കാൻ കഴിയുമോ വസീഫിന്?

ഇത്തവണ ഇതിലും വോട്ട് നേടാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ധര്‍മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് മത്സരിപ്പിച്ച സി രഘുനാഥാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുന്നത്. കെ സുധാകരന്റെ അടുത്ത അനുയായിയായ സി രഘുനാഥ് അഞ്ച് പതിറ്റാണ്ടത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ബിജെപിയിലെത്തിയത്.

സി രഘുനാഥ്
സി രഘുനാഥ്

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണ കോണ്‍ഗ്രസില്‍നിന്ന് പുറത്തായ മമ്പറം ദിവാകരനും മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ധർമടത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 2011ലും 2016ലും സിപിഎമ്മിനെതിരെ മത്സരിച്ചത് മമ്പറം ദിവാകരനാണ്. കൂടാതെ ദിവാകരനും രഘുനാഥും പിണറായി വിജയനെതിരെ മത്സരിച്ചവരുമാണ്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ പൊതുരൂപം

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയസഭാ മണ്ഡലം ഉള്‍ക്കൊള്ളുന്നതാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, മട്ടന്നൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍ മുസ്ലീം ലീഗിന്റെ ബലത്തില്‍ പേരാവൂരും ഇരിക്കൂറുമാണ് യുഡിഎഫ് നേടിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മണ്ഡലമാണ് തളിപ്പറമ്പ്. 22,689 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എംവി ഗോവിന്ദന്‍ തളിപ്പറമ്പില്‍ കഴിഞ്ഞ വര്‍ഷം വിജയിക്കുന്നത്. മണ്ഡലം രൂപീകരിക്കപ്പെട്ട 1965 മുതല്‍ സിപിഎമ്മിന്റെ കോട്ടയാണ് തളിപ്പറമ്പ്.

ഇരിക്കൂറില്‍ പതിനായിരത്തില്‍പരം ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റെ അഡ്വ. സജീവ്‌ ജോസഫ് വിജയിച്ചത്. 76,764 വോട്ടുകള്‍ നേടിയ സജീവ്‌ എല്‍ഡിഎഫിന് വേണ്ടി മത്സരിച്ച കേരള കോണ്‍ഗ്രസ് എമ്മിന്റെ സജി കുട്ടി കുട്ടിയാണിമറ്റത്തെയാണ് തോല്‍പ്പിച്ചത്. എപ്പോഴും വലതിനൊപ്പംനിന്ന ചരിത്രമാണ് ഇരിക്കൂറിന്റേത്.

അഴീക്കോട്ട് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെഎം ഷാജിക്കെതിരെ കെ വി സുമേഷ് നേടിയത് 6141വോട്ടിന്റെ ഭൂരിപക്ഷമാണ്. ചടയന്‍ ഗോവിന്ദനില്‍ തുടങ്ങുന്ന അഴീക്കോട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ സിഎംപിയും സിപിഎമ്മും ലീഗുമെല്ലാം മാറി മാറി വിജയിച്ചത് കാണാം. മത്സരിച്ചതാകട്ടെ ചടയന്‍, എം വി രാഘവന്‍, ഇ പി ജയരാജന്‍, എം പ്രകാശന്‍, കെ എം ഷാജി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖര്‍.

കണ്ണൂര്‍: ചെങ്കൊടി ഉറയ്ക്കാത്ത ചെമ്മണ്ണ്‌
പൊന്നാനി: ലീഗിന്റെ പൊന്നാപുരം കോട്ട, ഇടതിന്റെ പരീക്ഷണശാല

കണ്ണൂരില്‍ നേരിയ ഭൂരിപക്ഷത്തിലാണ് (1,745) കോണ്‍ഗ്രസ് എസിന്റെ (എല്‍ഡിഎഫ്) രാമചന്ദ്രന്‍ കടന്നപ്പള്ളി വിജയിച്ചത്. അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയെയായിരുന്നു കടന്നപ്പള്ളി പരാജയപ്പെടുത്തിയത്. 2016ല്‍ കടന്നപ്പള്ളി വിജയിക്കുന്നതിന് മുമ്പ് വരെ കണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസിന്റ കുത്തകയായിരുന്നു. മാത്രവുമല്ല, 1996 മുതല്‍ 2009 വരെ സിറ്റിങ് എംപി കെ സുധാകരനാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് ധര്‍മടം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി രണ്ട് തവണ നിയമസഭയിലെത്തിയതും ഇവിടെ നിന്നാണ്. 50,123 ഭൂരിപക്ഷത്തിലാണ് 2021ൽ പിണറായി വിജയന്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു വന്നത്. 2016ലെ 36,905ന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ വര്‍ഷം പിണറായി വിജയന്‍ മാറ്റിമറിച്ചത്.

പേരാവൂര്‍ മണ്ഡലത്തില്‍ 3172 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ അഡ്വ. സണ്ണി ജോസഫാണ് വിജയിച്ചത്. സിപിഎമ്മിന്റെ കെ വി സക്കീര്‍ ഹുസൈന് 44.8 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

2006ല്‍ കെ കെ ശൈലജ വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. എന്നാല്‍ 2011ല്‍ കോണ്‍ഗ്രസിന്റെ സണ്ണി ജോസഫ് ശൈലജയെ തോല്‍പ്പിച്ചതോടെ മണ്ഡലം കോണ്‍ഗ്രസിന്റെ കൈകളിലാണ്.

കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മട്ടന്നൂര്‍ മണ്ഡലം റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ സ്വന്തമാക്കിയത്. 60,963 വോട്ടിന്റെ അതായത് 39.5 ശതമാനം ഭൂരിപക്ഷത്തിലാണ് മട്ടന്നൂര്‍ ശൈലജയെ നെഞ്ചിലേറ്റിയത്. ഇ പി ജയരാജനായിരുന്നു ഇതിന് മുൻര് മട്ടന്നൂരിന്റെ എംഎല്‍എ.

84.76 ശതമാനം സാക്ഷരതയുള്ള കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 1265041 പേരാണ്. 2011ലെ സെന്‍സസ് പ്രകാരം എസ് സി വോട്ടര്‍മാര്‍- ഏകദേശം 40,481 (3.2 ശതമാനം), എസ് ടി വോട്ടര്‍മാര്‍- 29.096 (2.3ശതമാനം), മുസ്‌ലിം വോട്ടർമാർ- 3,33,971 (26.4 ശതമാനം), ക്രിസ്ത്യന്‍ വോട്ടർമാർ- 1,51,805 (12ശതമാനം), ഹിന്ദു വോട്ടര്‍മാര്‍- 7,79,265 (61.6ശതമാനം) എന്നിങ്ങനെയാണ് കണക്ക്.

logo
The Fourth
www.thefourthnews.in