INDIA

'നുണപരിശോധനയ്ക്ക് തയ്യാറാണ് പക്ഷേ, ഒരു നിബന്ധനയുണ്ട്'; ഗുസ്തിതാരങ്ങളെ വെല്ലുവിളിച്ച് ബ്രിജ് ഭൂഷൺ

വെബ് ഡെസ്ക്

ലൈംഗിക പീഡനാരോപണത്തിൽ നുണപരിശോധനയ്ക്ക് വിധേയനാകാൻ തയ്യാറാണെന്ന് ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്. ഗുസ്തി താരങ്ങളായ ബജ്‌റംഗ് പൂനിയയും വിനേഷ് ഫോഗട്ടും തനിക്കൊപ്പെം നുണപരിശോധനയ്ക്ക് തയാറാകണമെന്നും ബ്രിജ് ഭൂഷൺ നിബന്ധന വെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബ്രിജ് ഭൂഷന്റെ പ്രതികരണം.

ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും നുണപരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെങ്കിൽ പത്രക്കാരെ വിളിച്ച് അറിയിക്കാൻ ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു.

'എന്റെ ജീവിതത്തിന്റെ 11 വർഷം ഗുസ്തിക്കായി, ഈ രാജ്യത്തിന് സമർപ്പിച്ചു. ഞാൻ ഇപ്പോഴും എന്റെ വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. ഗുസ്തി താരങ്ങളോടൊഴികെ, താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരോടെങ്കിലും ചോദിക്കൂ'. ബ്രിജ് ഭൂഷൺ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും നേരത്തെ ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.

സമരം തുടങ്ങി 28 ദിവസം ആകുന്നു. ബ്രിജ് ഭൂഷനെതിരായ സമരത്തിൽ സർക്കാരും പോലീസും സ്വീകരിക്കുന്ന നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ തീരുമാനം ഉണ്ടാകുമെന്ന് താരങ്ങള്‍ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ്, ബ്രിജ് ഭൂഷൺ നുണപരിശോധനയ്ക്ക് തയാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ന്, കർഷകരുടെ സംഘടനയായ മഹാപഞ്ചായത്തും താരങ്ങളുടെ സമരത്തിനൊപ്പം ചേർന്നിരുന്നു. ഹരിയാനയിലെ മെഹമിൽ നടന്ന ഖാപ് പഞ്ചായത്ത് യോഗത്തിൽ ബ്രിജ് ഭൂഷൻ നുണ പരിശോധനയ്ക്ക് വിധേയനാകണമെന്നും നിയമനടപടി നേരിടണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി പ്രമുഖ ​ഗുസ്തി താരങ്ങൾ ഏപ്രിൽ 23 മുതൽ ഡൽഹിയിലെ ജന്തർമന്തറിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിവരികയാണ്. തുടർന്ന്, ഏപ്രിൽ 29ന് സുപ്രീംകോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി പോലീസ് ബ്രിജ് ഭൂഷനെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തത്. എന്നാൽ, പോക്സോ വകുപ്പുൾപ്പെടെ ചുമത്തിയിട്ടും, ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഉൾപ്പെടെ ഏഴ് കേസുകളാണ് ഇയാൾക്കെതിരെയുളളത്.

നേരത്തെ, നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും താരങ്ങൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഖാപ് മഹാപഞ്ചായത്ത് തീരുമാനമെടുക്കാനുള്ള സമയപരിധി മെയ് 21 ആയി നിശ്ചയിച്ചിട്ടുണ്ട്.

ക്യാപിറ്റല്‍സ് ബാറ്റിങ് മറന്നു; നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി

അമിത് ഷായുടെ വ്യാജ വീഡിയോ: രേവന്ത് റെഡ്ഡിക്ക് നോട്ടീസയച്ച് ഡല്‍ഹി പോലീസ്

പാലക്കാടിന് പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ്

400 എയർക്രാഫ്റ്റ് ഗേറ്റുകൾ, അഞ്ച് സമാന്തര റൺവേകൾ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ ദുബായ്