INDIA

'ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി സ്ത്രീകള്‍ വരും'; വനിതാ ബില്ലില്‍ വിവാദ പരാമര്‍ശവുമായി ആര്‍ജെഡി നേതാവ്

വെബ് ഡെസ്ക്

വനിതാ സംവരണ ബില്ലിന്റെ പേരില്‍ ലിപ്സ്റ്റിക്കും ബോബ് കട്ട് മുടിയുമായി സ്ത്രീകള്‍ മുന്നോട്ട് വരുമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദിഖി. ബീഹാറിലെ മുസഫര്‍ നഗറില്‍ പരിപാടിയില്‍ സംവദിക്കേയാണ് വിവാദ പരാമര്‍ശം. ഈ നിയമത്തിനു പകരം പിന്നാക്ക സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''സംവരണം നല്‍കണമെന്നുണ്ടെങ്കില്‍ അങ്ങേയറ്റം പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കണം. പിന്നാക്ക സമുദായക്കാര്‍ക്ക് സംവരണം നല്‍കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം, സ്ത്രീകളുടെ പേരില്‍ ബോബ് കട്ടും ലിപ്സ്റ്റിക്കും ഉപയോഗിച്ച് ജോലി നേടുമ്പോള്‍ നിങ്ങളുടെ സ്ത്രീകള്‍ക്ക് എന്തെങ്കിലും ലഭിക്കുമോ? സിദ്ദീഖി പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ടിവി കാണുന്നതില്‍ നിന്നും സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാനും അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. സ്വബുദ്ധി ഉപയോഗിക്കാതെ ടിവി കാണുകയും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ പദവിയോ വിദ്യാഭ്യാസമോ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവച്ചതോടെ നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാസംവരണ ബില്‍ നിയമമായി. ഇതിനുപിന്നാലെ നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിയുടെ ഓഫീസ് വിജ്ഞാപനവുമിറക്കി. വെള്ളിയാഴ്ച രാവിലെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറും ബില്ലില്‍ ഒപ്പുവച്ചിരുന്നു.

എന്നാല്‍ ബില്‍ ഇപ്പോള്‍ നിയമമായാലും 2027 ന് ശേഷമാകും പ്രാബല്യത്തില്‍ വരിക. 2027ല്‍ നടക്കുമെന്ന് കരുതുന്ന സെന്‍സസിനും പിന്നീടുള്ള മണ്ഡല പുനഃക്രമീകരണത്തിന് ശേഷമാകും ഇത്. അതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ 33 ശതമാനം എന്നത് പ്രാവര്‍ത്തികമാകില്ല. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്.

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം

മോദി പറഞ്ഞത് വിദ്വേഷത്തിന്, പക്ഷെ മുസ്ലിം പിന്നാക്കാവസ്ഥ പറയാൻ മതേതര പാർട്ടികൾ മടിക്കുന്നതെന്തിന്?

വോട്ട് ചെയ്ത് ബിജെപി നേതാവിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍; വീഡിയോ പുറത്ത്, വിവാദം, കേസ്