INDIA

'ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ റോഹിങ്ക്യകൾക്ക് അവകാശമില്ല;' സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ

വെബ് ഡെസ്ക്

അനധികൃത റോഹിങ്ക്യൻ മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനോ പൗരത്വത്തിനോ അവകാശമില്ലെന്ന് കേന്ദ്രസർക്കാർ. തടങ്കലിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയാലി സുർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്ക് അഭയാർത്ഥി പദവി നൽകുന്നതിന് പാർലമെൻ്റിൻ്റെയും എക്സിക്യൂട്ടീവിൻ്റെയും നിയമനിർമ്മാണ- നയ രൂപീകരണ പരിധിയിലേക്ക് ജുഡീഷ്യറിക്ക് പ്രവേശിക്കാനാകില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.

ടിബറ്റ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് സമാനമായി റോഹിങ്ക്യകളെ പരിഗണിക്കണമെന്നായിരുന്നു പ്രിയാലി സുറിന്റെ അപേക്ഷ. എന്നാൽ ഏതെങ്കിലും വിഭാഗം ആളുകളെ അഭയാർത്ഥികളായി അംഗീകരിക്കണോ വേണ്ടയോ എന്നത് നയപരമായ തീരുമാനമാണെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുന്നവരെ ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിടുമെന്നും റോഹിങ്ക്യകളുടെ കാര്യത്തിലും സമാന നിലപാടായിരിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ വേട്ടയാടൽ നേരിടുന്ന മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി പൗരത്വ നിയമം നടപ്പിലാക്കിയതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം അവതരിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ മതന്യൂനപക്ഷങ്ങളെ സഹായിക്കുകയാണ് ഇന്ത്യയുടെ ഉദ്ദേശ്യമെന്നായിരുന്നു കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ വാദം. എന്നാൽ വംശഹത്യയിൽനിന്ന് രക്ഷനേടാൻ കൂട്ടപലായനം നടത്തിയ റോഹിങ്ക്യകൾക്കെതിരെ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ചർച്ചാവിഷയമാകും.

2017 ഓഗസ്റ്റ് 25 നാണ് മ്യാൻമർ സൈന്യം റോഹിങ്ക്യൻ ജനതയ്‌ക്കെതിരെ കൂട്ട അതിക്രമങ്ങൾ നടത്താൻ തുടങ്ങിയത്. റോഹിങ്ക്യൻ ഗ്രാമങ്ങൾ സൈന്യം നശിപ്പിക്കുകയും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ലക്ഷക്കണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്കും മറ്റ് അയൽ രാജ്യങ്ങളിലേക്കും പലായനം ചെയ്തത്. മ്യാൻമർ സൈന്യം റോഹിങ്ക്യകൾക്കെതിരെ വംശഹത്യ നടത്തിയതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

യുഎന്നിന്റെ 1951 ലെ അഭയാർത്ഥി കൺവെൻഷനിലും അഭയാർത്ഥികളുടെ അവസ്ഥയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലും ഇന്ത്യ ഒപ്പുവെച്ചിട്ടില്ലെന്നും അതിനാൽ ആഭ്യന്തര നിയമങ്ങളനുസരിച്ച് റോഹിങ്ക്യകളെ കൈകാര്യം ചെയ്യുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഒരു വിദേശിക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം മാത്രമേ ഉള്ളൂ. ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുമുള്ള അവകാശം ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണുള്ളതെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

മ്യാൻമറിൽനിന്ന് ഏകദേശം 40,000 റോഹിങ്ക്യകൾ ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അട്ടിമറി പ്രവർത്തനങ്ങൾ, വ്യാജ തിരിച്ചറിയൽ രേഖകൾ, മനുഷ്യക്കടത്ത് എന്നിവയിൽ റോഹിങ്ക്യകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സർക്കാർ ആരോപിക്കുന്നു. അവർ വൻതോതിൽ ആഭ്യന്തര, ദേശീയ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന വാദവും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം