INDIA

യോഗി സർക്കാരിന്റെ ആറു വർഷം, യുപി പോലീസ് നടത്തിയത് 183 എൻകൗണ്ടര്‍ കൊലപാതകങ്ങള്‍

വെബ് ഡെസ്ക്

2023 ഫെബ്രുവരി 23, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയില്‍ ഒരു പ്രഖ്യാപനം നടത്തി. 'ഇസ്സ് മാഫിയ കോ മിട്ടി മേ മിലാ ദേങ്കേ...' സംസ്ഥാനത്തെ അക്രമി സംഘങ്ങളെ ഇല്ലാതാക്കും എന്ന് അര്‍ത്ഥം വരുന്ന ഈ പ്രസ്താവനയ്ക്ക് ശേഷം ഏപ്രില്‍ 13 ന്നിടെ യുപി പോലീസ് നടത്തിയത് മൂന്ന് എറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നു. സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാ നേതാവുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ് ഉള്‍പ്പെടെ രണ്ട് പേരെ ഝാന്‍സിയില്‍ വച്ച് വകവരുത്തിയ സംഭവമാണ് ഇതില്‍ അവസാനത്തേത്.

കൊലക്കേസ് പ്രതികളായ അസദ് അഹമ്മദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാന്‍ ശ്രമിച്ചെന്നും, രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയുതിര്‍ത്തത് എന്നുമാണ് പോലീസ് ഭാഷ്യം. ഇത്തരം സംഭവങ്ങളിലെ പതിവ് പല്ലവി പോലീസ് ആവര്‍ത്തിക്കുമ്പോള്‍, ഏറ്റുമുട്ടല്‍ കൊലകളില്‍ രാജ്യത്ത് ഒന്നാമതാണ് ഉത്തര്‍ പ്രദേശ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2017 ല്‍ ചുമതലയേറ്റ ശേഷമുള്ള 183-ാമത്തെ എന്‍കൗണ്ടര്‍ ആയിരുന്നു ആസാദിന്റേത്. ഏപ്രില്‍ 13 നു ഉള്ളില്‍ നടന്ന മൂന്നാമത്തെ എന്‍കൗണ്ടറും.

'ഏറ്റുമുട്ടലുകളിൽ മുറിവേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവരെല്ലാം കൊടും കുറ്റവാളികളാണ്. കുറ്റവാളികളോടും കുറ്റകൃത്യങ്ങളോടും എസ്ടിഎഫും എടിഎസും ഉൾപ്പെടെയുള്ള ഒരു ഏജൻസികളും സഹിഷ്ണുത കാണിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്'. എന്നാണ് ഇത്തരം സംഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് യുപി പോലീസ് നല്‍കുന്ന മറുപടി. കഴിഞ്ഞ ദിവസം യുപി ക്രൈം ആൻഡ് ലോ ആൻഡ് ഓർഡർ സ്‌പെഷ്യൽ ഡിജി പ്രശാന്ത് കുമാറും, യുപി സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് എഡിജി അമിതാഭ് യാഷും ഇതേ കാര്യം ആവര്‍ത്തിച്ചു.

എന്നാല്‍, പോലീസിന്റെ ഇത്തരം എൻകൗണ്ടർ രീതികള്‍ക്ക് പിന്നിൽ യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും ആക്ഷേപം ശക്തമാണ്. യോഗി സർക്കാരിനെ സംബന്ധിച്ചിടത്തോളം ഭരണത്തെ തകർക്കാൻ ശ്രമിക്കുന്ന വെല്ലുവിളികളും കുറ്റകൃത്യങ്ങളും തുടച്ചു നീക്കാനുള്ള ശക്തമായ നടപടിയാണ് ഇത്തരം നീക്കങ്ങൾ എന്നാണ് വിമര്‍ശനം. യോഗി സർക്കാർ ഭരണത്തിൽ കയറി രണ്ടാഴ്ചയ്ക്കുള്ളിലായിരുന്നു മാർച്ച് 31 ന് സഹരൻപൂരിലെ കൊടുകുറ്റവാളിയായ ഗുർമീതിനെ യുപി പോലീസ് വധിക്കുന്നത്.

2017 ജൂൺ 3 നു ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിൽ സംസാരിക്കവേ ക്രിമിനലുകളെ ഇല്ലാതാക്കും എന്ന പ്രസ്താവനയും യോഗി ആദിത്യ നാഥ്‌ നടത്തിയിരുന്നു. 2022 ജനുവരിയിലെ അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഷംലിയിൽ നടന്ന ഒരു പൊതു റാലിയിൽ, സംസ്ഥാനത്ത് കലാപം സൃഷ്ടിക്കുന്നവരെയും അതിന് പിന്നിലുള്ള മാഫിയകളെയും മാർച്ച് 10ന് ശേഷം ശാന്തരാക്കിയിരിക്കുമെന്ന് യോഗി ആദിത്യനാഥ്‌ മുന്നറിയിപ്പ് നല്‍കിയിരുന്നു.

'ഓപ്പറേഷൻ ലംഗ്ഡ' എന്ന പേരിലാണ് ഉത്തർപ്രദേശിൽ എൻകൗണ്ടര്‍ വ്യാപകമാക്കിയത്. ഈ നീക്കത്തില്‍ കുറ്റവാളികളുടെ കാലിലേയ്ക്കാണ് വെടിയുതിർക്കുക. ഔദ്യോഗിക കണക്കുകൾ പ്രകാരം 183 ഓളം എൻകൗണ്ടർ കൊലപാതകങ്ങൾക്ക് പുറമേ 5,046 കുറ്റവാളികളെയാണ് പോലീസ് നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. ഇവര്‍ക്കെല്ലാം പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിന് പുറമെ കഴിഞ്ഞ ആറു വർഷത്തിനിടയിൽ 13 പോലീസുകാർ രക്തസാക്ഷികൾ ആയതായും 1,443 പോലീസുകാർക്ക് പരുക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം 2018 ലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. യോഗി സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വർഷമായ 2022 ലാണ് ഏറ്റവും കുറവ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ക്രമസമാധാനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശ്‌ ഏറ്റവും മികച്ച സംസ്ഥാനമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അഭിപ്രായം.

ആത്മഹത്യയോ അതോ കൊലപാതകമോ? സിദ്ധാര്‍ഥന്റെ മരണത്തില്‍ വിദഗ്ധപരിശോധനയ്ക്ക് സിബിഐ, ഡല്‍ഹി എയിംസിന്റെ സഹായം തേടി

ഗാസ വെടിനിർത്തൽ പ്രതിസന്ധിയിലേക്ക്; ഇസ്രയേൽ ആക്രമണം തുടർന്നാൽ കരാറുണ്ടാവില്ലെന്ന് ഹമാസ് മുന്നറിയിപ്പ്

കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ വി മുകേഷിന് റിപ്പോര്‍ട്ടിങ്ങിനിടെ ദാരുണാന്ത്യം

ചുട്ടുപൊള്ളി ഏപ്രില്‍; കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും കൂടിയ താപനില

വിവാദങ്ങള്‍ക്കിടയില്‍ കോവിഷീല്‍ഡ് പിന്‍വലിക്കുന്നതായി അസ്ട്രസെനെക്ക; 'ആവശ്യകത കുറഞ്ഞെന്ന് ' വിശദീകരണം