വിവാദങ്ങള്‍ക്കിടയില്‍ കോവിഷീല്‍ഡ് പിന്‍വലിച്ച് അസ്ട്രസെനെക്ക; 'ആവശ്യകത കുറഞ്ഞു' എന്ന് വിശദീകരണം

വിവാദങ്ങള്‍ക്കിടയില്‍ കോവിഷീല്‍ഡ് പിന്‍വലിച്ച് അസ്ട്രസെനെക്ക; 'ആവശ്യകത കുറഞ്ഞു' എന്ന് വിശദീകരണം

കോവിഡ് വാക്സിനുകളായ കോവിഷീൽഡിനും വാക്‌സ്‌സെവരിയക്കും പാർശ്വഫലങ്ങളുണ്ടെന്ന് അസ്ട്രസെനെക്ക യുകെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു

വിവാദങ്ങള്‍ക്കിടെ തങ്ങളുടെ കോവിഡ് വാക്സിനായ കോവിഷീൽഡ് പിന്‍വലിച്ച് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രസെനെക്ക. ദ ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസ്ട്രസെനെക്കയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിൻ കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് നിര്‍മിച്ചത്. കോവിഷീല്‍ഡിനു പുറമെ വാക്‌സ്‌സെവരിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളിലും ആഗോളതലത്തില്‍ ഈ വാക്സിൻ വിപണിയിലെത്തിച്ചിരുന്നു.

കോവിഷീല്‍ഡിൻ്റെയും വാക്‌സ്‌സെവരിയയുടെയും സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കെയാണ് ആഗോളതലത്തില്‍ വാക്സിന്‍ പിന്‍വലിക്കാനുള്ള തീരുമാനം അസ്ട്രസെനെക്ക കൈക്കൊണ്ടത്. വാക്‌സിന്‍ ഇനി നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് അസ്ട്രസെനെക്ക അറിയിച്ചു.

വിവാദങ്ങള്‍ക്കിടയില്‍ കോവിഷീല്‍ഡ് പിന്‍വലിച്ച് അസ്ട്രസെനെക്ക; 'ആവശ്യകത കുറഞ്ഞു' എന്ന് വിശദീകരണം
കോവിഡ് വാക്‌സിനുകള്‍ അപൂർവമായെങ്കിലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും; കോടതിയില്‍ നിര്‍മാതാക്കള്‍

കോവിഡ് 19ന്റെ തുടക്കം മുതല്‍ നിര്‍മിച്ച അപ്‌ഡേറ്റ് ചെയ്ത വാക്‌സിനുകള്‍ മിച്ചം വന്നത് വാക്‌സിന്റെ ആവശ്യകത കുറച്ചതായി കമ്പനി പറയുന്നു. വാക്‌സിന്‍ പിന്‍വലിക്കാനുള്ള അപേക്ഷ മാര്‍ച്ച് അഞ്ചിന് കമ്പനി തയ്യാറാക്കിയിരുന്നെങ്കിലും ഇത് കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. കൂടാതെ യൂറോപ്പിലേക്കുള്ള വാക്‌സ്‌സെവരിയ വാക്‌സിന്റെ മാര്‍ക്കറ്റിങ് അംഗീകാരവും കമ്പനി പിന്‍വലിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

വളരെ അപൂര്‍വമായി തങ്ങളുടെ വാക്‌സിനുകള്‍ ത്രോമ്പോസിസ് ത്രോമ്പോസൈറ്റോപീനിയ സിന്‍ഡ്രോം (ടിടിഎസ്), രക്തം കട്ടപിടിക്കുന്ന അപൂര്‍വരോഗം (ത്രോമ്പോസിസ്), പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയല്‍ (ത്രോമ്പോസൈറ്റോപീനിയ) തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് അസ്ട്രസെനെക്ക യുകെ കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. 2021 ഏപ്രില്‍ 21-നു യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.

വിവാദങ്ങള്‍ക്കിടയില്‍ കോവിഷീല്‍ഡ് പിന്‍വലിച്ച് അസ്ട്രസെനെക്ക; 'ആവശ്യകത കുറഞ്ഞു' എന്ന് വിശദീകരണം
കോവിഷീല്‍ഡ് പാർശ്വഫലങ്ങള്‍: വാക്സിന്‍ സ്വീകരിച്ചവർ എന്തുകൊണ്ട് ആശങ്കപ്പെടേണ്ടതില്ല?

അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുകെ കോടതിയില്‍ ജെയ്മി സ്‌കോട്ടിന്റെ പരാതിയില്‍ വാദം കേള്‍ക്കവേയാണ് വാക്‌സിന്‍ പാര്‍ശ്വഫലമുണ്ടാക്കുമെന്ന് കമ്പനി അറിയിച്ചത്. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങളും കോടതിയെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in